ആലിപ്പഴമല്ല, ഇറാനിൽ മീൻമഴ: അദ്ഭുത കാഴ്ച വൈറൽ
Mail This Article
കഴിഞ്ഞ ദിവസം ഇറാനിലെ യസുജ് മേഖലയിലെ മുനിസിപ്പൽ പ്ലാസയ്ക്ക് സമീപം ഒരു അദ്ഭുത സംഭവം ഉണ്ടായി. കനത്ത മഴയ്‌ക്കൊപ്പം ആകാശത്തുനിന്നും മീനുകൾ വീണു. നമ്മുടെ നാട്ടിൽ ആലിപ്പഴം വീഴുന്നതുപോലെയാണ് അവിടെ ജീവനുള്ള മീനുകൾ താഴേക്ക് എത്തിയത്. അതിശക്തമായ കൊടുങ്കാറ്റിനുശേഷമായിരുന്നു മഴയുടെ വരവ്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
നല്ല വലുപ്പമുള്ള മീനുകളാണ് തുരുതുരാ റോഡിലേക്ക് വീണത്. വിഡിയോ പകർത്തിയയാൾ ഒരു മീനിനെ കൈയിലെടുത്ത് പരിശോധിക്കുന്നതും കാണാം. കനത്ത മഴയിൽ രാജ്യത്തെ വിവിധയിടങ്ങൾ വെള്ളപ്പൊക്കത്തിലായി. കഴിഞ്ഞ ദിവസം കിഴക്കൻ അസര്‍ബൈജാനിലെ ഷബെസ്റ്റാർ പ്രവിശ്യയിൽ പെയ്ത മഴയിൽ കനത്ത നാശനഷ്ടം ഉണ്ടായി.
അത്യപൂർവമായ സംഭവം ഇതിനുമുൻപും ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിശക്തമായ ചുഴലിക്കാറ്റിൽ തടാകത്തിലേയും കടലിലേയും വെള്ളം അതുപോലെ ആകാശത്തേക്ക് ഉയരാറുണ്ട്. ഈ പ്രതിഭാസത്തെ ‘വാട്ടർ സ്പോട്ട്’ എന്നാണ് പറയുന്നത്. ഇങ്ങനെ ചുഴലിക്കാറ്റിനൊപ്പം വെള്ളവും ജലാശയത്തിലെ മത്സ്യങ്ങളും ആകാശത്തേക്ക് ഉയരുകയും കരപ്രദേശത്ത് നിക്ഷേപിക്കുകയും ചെയ്യുന്നു. ഇത്തരം പ്രകൃതി പ്രതിഭാസങ്ങളെക്കുറിച്ച് ശാസ്ത്രീയ പഠനങ്ങൾ കുറവാണ്.