ADVERTISEMENT

ആരോഗ്യസംവിധാനങ്ങൾ ഇന്നും അപര്യാപ്തമായി തുടരുന്ന ഇന്ത്യ പോലെയുള്ള രാജ്യങ്ങളിൽ കാലാവസ്ഥാവ്യതിയാനം ഏറ്റവുമധികം ബാധിക്കുന്നത് ജനങ്ങളുടെ ആരോഗ്യത്തെയായിരിക്കും. കൂടുതൽ രോഗങ്ങളും മരണങ്ങളും വഴി നേരിട്ടും മോശം പോഷണം, ജോലി ചെയ്യുന്ന മണിക്കൂറുകളിലെ കുറവ്, കാലാവസ്ഥ മൂലമുള്ള സമ്മർദ്ദം എന്നിവ വഴി പരോക്ഷമായും കാലാവസ്ഥാമാറ്റം ആരോഗ്യത്തെ താറുമാറാക്കുന്നു. ശരാശരി ആഗോളതാപനില 2 ഡിഗ്രിയിൽ കൂടിയാൽ ഇന്ത്യയിലെ പല പ്രദേശങ്ങളും വാസയോഗ്യമല്ലാതാകുമെന്ന് കരുതപ്പെടുന്നു. പാരിസ് ഉടമ്പടിയിൽ പറഞ്ഞിരുന്നതു പോലെ താപനിലയിലെ വർധനവ് 1.5 ഡിഗ്രിയിൽ പിടിച്ചു നിർത്താനുള്ള ശ്രമങ്ങൾ ഏകദേശം പരാജയപ്പെട്ടിരിക്കുന്നു. ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ഏറ്റവും ഉയർന്ന താപനിലയ്ക്കും ഉഷ്ണതരംഗങ്ങൾക്കുമാണ് 2023 വർഷം സാക്ഷ്യം വഹിച്ചത്. കടുത്ത ചൂട്, ചുഴലിക്കാറ്റുകൾ, വെള്ളപ്പൊക്കം തുടങ്ങിയ കാലാവസ്ഥാ അത്യാഹിതങ്ങളുടെ വരവ് സ്ഥിരമാകുന്നതോടെ നമ്മുടെ ഭൂമി മോശം സ്ഥിതിവിശേഷങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന് നാം ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഇതുമൂലം ഭക്ഷ്യ ഭദ്രതയും ഉപജീവനവും തകരുന്നതോടെ ആരോഗ്യരംഗത്തെ വെല്ലുവിളികളുടെ മൂർച്ച കൂടുകതന്നെ ചെയ്യും.

ഇന്ത്യ നേരിടേണ്ടത് ഇരട്ടവെല്ലുവിളി

പകരുന്നതും അല്ലാത്തതുമായ ( communicable and non-communicable) രോഗങ്ങളുടെ ഇരട്ടഭാരം താങ്ങുന്ന ഇന്ത്യയുടെ ആരോഗ്യരംഗം കൂടുതൽ താറുമാറാകാൻ കാലാവസ്ഥാ വ്യതിയാനം കാരണമാകുമെന്നാണ് വിദഗ്ദാഭിപ്രായം. കൊതുക്, ഈച്ച, പട്ടുണ്ണി തുടങ്ങിയ അറിഞ്ഞതും അറിയാത്തതുമായ നിരവധി രോഗവാഹകരുടെ വളർച്ച ത്വരിതപ്പെടുക മാത്രമല്ല അവയുടെ ജീവിതചക്രത്തിലും വ്യതിയാനങ്ങൾ ഉണ്ടാകുന്നു. തൽഫലമായി പകർച്ചവ്യാധികൾ കാലം തെറ്റി വന്നു തുടങ്ങും. ഇതുവരെ എത്തിപ്പെടാൻ സാധിക്കാതിരുന്ന പ്രദേശങ്ങളിലേക്ക് കടന്നു കയറാൻ  രോഗാണുക്കൾക്കും രോഗവാഹകർക്കും പ്രവേശനം ലഭിക്കുന്നു. ഹിമാലയൻ സംസ്ഥാനങ്ങളിൽ കൊതുകുകൾ കാണപ്പെട്ടു തുടങ്ങുന്നതുപോലെയുള്ള മാറ്റങ്ങൾ വരും. രോഗാണുക്കളുടെ ശക്തി കൂട്ടാൻ ചൂടുകാലാവസ്ഥ കാരണമാകുന്നു. ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതയും, പോഷകഗുണവും കുറയുന്നതോടെ രോഗസാധ്യത സ്വാഭാവികമായി കൂടുന്നു. 

വെള്ളപ്പൊക്കങ്ങൾക്കു ശേഷം രോഗങ്ങൾ പൊട്ടിപ്പുറപ്പെടുന്നതു പതിവാണല്ലോ? നീണ്ടു നിൽക്കുന്ന ഉഷ്ണകാലം ജല, ഭക്ഷണജന്യ രോഗാണുക്കൾക്കും രോഗങ്ങൾക്കും ചാകരയാകും. പകരാത്തരോഗങ്ങളെയും മാനസികാരോഗ്യത്തെയും കാലാവസ്ഥാ വ്യതിയാനം എങ്ങനെ ബാധിക്കുന്നുവെന്നതിനെക്കുറിച്ച് കാര്യമായ പ്രാധാന്യം കൊടുത്തു കാണുന്നില്ല. ഇവ രണ്ടും ഇന്ത്യയുടെ ആരോഗ്യമേഖലയിൽ ഏറ്റവും മോശമായി കൈകാര്യം ചെയ്യപ്പെടുന്ന രണ്ടു മേഖലകളാണ്. ചൂട്, ശാരീരികായാസം, നിർജലീകരണം എന്നിവ നിരന്തരമായി അനുഭവിക്കുന്ന തൊഴിലാളികളിൽ വൃക്ക സംബന്ധമായ പ്രശ്നങ്ങൾക്ക് സാധ്യതയേറുന്നു. പ്രമേഹം ഇതിനകം ഇന്ത്യയിൽ കിഡ്നി രോഗികളുടെ എണ്ണം വർധിപ്പിച്ചുണ്ടെന്നത് ഓർക്കുക. നിരന്തരമായി മലിനവായു ശ്വസിക്കുന്നതുമൂലം ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമനറി ഡിസീസ് ( COPD) നിരക്ക് കൂടി വരുന്നുണ്ട്. നാട് ഉഷ്ണതരംഗത്തിലമരുമ്പോൾ ശ്വാസകോശരോഗം വന്ന് നമ്മൾ മരിക്കാനുള്ള സാധ്യത 1.8 മുതൽ 8.2 ശതമാനം വരെ കൂടുന്നുവെന്നും, 29 ഡിഗ്രി സെൽഷ്യസിൽ നിന്ന് ഓരോ ഡിഗ്രി ചൂടു കൂടുമ്പോഴും ആശുപത്രിയിലെത്താനുള്ള സാധ്യത 8 ശതമാനം വച്ചു വർധിക്കുന്നുവെന്നുമാണ് പഠനങ്ങൾ പറയുന്നത്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ വിഷാദ രോഗങ്ങൾ മൂർച്ഛിക്കാൻ കാരണമാകുമ്പോൾ ഓരോ കാലാവസ്ഥാ അത്യാഹിതങ്ങളും പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ ( PTSD) എന്ന മാനസികാവസ്ഥയ്ക്ക് ഹേതുവാകുന്നു. ഇത്തരം മാനസികാരോഗ്യ പ്രശ്നങ്ങൾ ഇന്ത്യയിൽ അപൂർവമായി മാത്രം തിരിച്ചറിയപ്പെടുകയും ചികിത്സിക്കപ്പെടുകയും ചെയ്യുന്നു.

നരകമാകുന്ന നഗരങ്ങൾ

അതിവേഗതയിൽ ആസൂത്രണമില്ലാതെ ഇന്ത്യനഗരവത്ക്കരിക്കപ്പെടുകയാണ്. പച്ചപ്പോ തുറസായ പ്രദേശങ്ങളോ നഗരങ്ങളിലില്ലാതാവുന്നു. അസ്ഫാൾട്ട് റോഡുകളും ചൂട് നിലനിർത്തുന്ന കെട്ടിടങ്ങളും വായുസഞ്ചാരം തന്നെ തടസപ്പെടുത്തുന്നു.’അർബൻ ഹീറ്റ് ഐലൻഡ് ഇഫക്ടി'ൽ ചുറ്റുമുള്ള നാട്ടിൻ പ്രദേശങ്ങളേക്കാൾ നഗരം പ്രത്യേകിച്ച് രാത്രിയിൽ ചൂടേറിയതാവുന്നു. നഗരത്തിലെ സ്വതവേ ദുർബലമായ പ്രാഥമിക ആരോഗ്യ സംവിധാനത്തിന്റെ മേൽ കാലാവസ്ഥാ വ്യതിയാനം കൂടുതൽ സമ്മർദ്ദമേറ്റുന്നു.ജോലി സംബന്ധമായ ടെൻഷനുകളും വായു മലിനീകരണവും വ്യായാമക്കുറവുമൊക്കെ ചേർന്ന് രോഗിയാക്കുന്ന നഗരവാസി വാസികൾക്ക് പുതിയ കാലാവസ്ഥ കൂനിൻമേൽ കുരുവായി മാറുന്നു. കൃത്യമായ നഗര ആസൂത്രണത്തിൽ തുടങ്ങി ആരോഗ്യ സംരക്ഷണത്തിൽ ശ്രദ്ധ ചെലുത്തുന്ന നയങ്ങളാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ കാലത്ത് ഉണ്ടാകേണ്ടത്.

English Summary:

India at the Crossroads: The Escalating Health Crisis Amidst Soaring Temperatures

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com