മുഖത്ത് കടിക്കാൻ തിരിഞ്ഞ് കൂറ്റൻ പെരുമ്പാമ്പ്; നിഷ്പ്രയാസം കീഴടക്കി യുവാവ്: ഭയാനക കാഴ്ച
Mail This Article
പെരുമ്പാമ്പുകൾക്ക് മനുഷ്യനെ അപകടപ്പെടുത്താൻ തക്ക വിഷമില്ലെങ്കിലും അവയുടെ പിടിയിലായാൽ ചുരുങ്ങിയ സമയം കൊണ്ട് ഞെരിച്ച് അമർത്തി കൊല്ലാൻ ശക്തിയുണ്ട്. അതിനാൽ പെരുമ്പാമ്പുകളുമായി ഇടപഴകുമ്പോൾ അങ്ങേയറ്റം ശ്രദ്ധിക്കുകയും വേണം. എന്നാൽ തന്നെ ആക്രമിക്കാനെത്തിയ ഒരു പെരുമ്പാമ്പിനെ അതിസാഹസികമായി കീഴ്പ്പെടുത്തുന്ന ഒരു യുവാവിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. മൈക്ക് ഹോൾസ്റ്റോൺ എന്ന യുവാവാണ് ഇന്തൊനീഷ്യയിൽ നിന്നും പകർത്തിയ ദൃശ്യങ്ങളിലുള്ളത്.
തുറസ്സായ സ്ഥലത്ത് നിർത്തിയിട്ടിരിക്കുന്ന ട്രക്കുകൾക്ക് സമീപം കൂറ്റന്‍ പെരുമ്പാമ്പ് കിടക്കുന്നതാണ് വിഡിയോയുടെ തുടക്കം. അതിന്റെ വാലിൽ പിടിച്ചാണ് ആദ്യം യുവാവ് കീഴ്‌പ്പെടുത്താൻ നോക്കുന്നത്. പിന്നീട് ഉടൽ പിടിച്ചു. ഈ സമയത്തെല്ലാം പാമ്പ് പ്രത്യാകമണം നടത്തുന്നുണ്ടായിരുന്നു. വിഷമേൽക്കില്ലെങ്കിലും പെരുമ്പാമ്പുകളുടെ കടിയേറ്റാൽ ആഴത്തിൽ മുറിവേൽക്കും. അതിനാൽ ഈ സാഹചര്യം ഒഴിവാക്കാൻ മൈക്ക് പരമാവധി ശ്രമിച്ചുകൊണ്ടിരുന്നു. ഒടുവിൽ മുഖത്ത് കടിക്കാനായി പിന്നിലേക്ക് തിരഞ്ഞതോടെ മൈക്ക് പാമ്പിന്റെ കഴുത്തിൽ പിടിത്തമിട്ടു.
മൈക്കിന്റെ സാഹസികത കണ്ട് പാമ്പുപോലും അത്ഭുതപ്പെട്ടിട്ടുണ്ടാവുമെന്ന് വിഡിയോ കണ്ടവർ കുറിച്ചു. ഏറെക്കാലത്തെ പരിശീലനം കൊണ്ടാണ് ഇത്രയും നിസാരമായി മൈക്ക് പാമ്പിനെ കൈകാര്യം ചെയ്യുന്നതെന്നും ഇതുകണ്ട് ആരും അനുകരിക്കരുതെന്നും ചിലർ മുന്നറിയിപ്പ് നൽകി.