പറന്നെത്തിയത് ഒരു കോടി വവ്വാലുകൾ! വിഡിയോ പിടിക്കാൻ 3 ആഴ്ച മരത്തിലിരുന്ന് ഫൊട്ടോഗ്രഫർ
Mail This Article
ഒരു കോടി വവ്വാലുകളാൽ ചുറ്റപ്പെട്ട നിലയിൽ നിങ്ങൾ സ്ഥിതി ചെയ്താൽ എന്തായിരിക്കും മനസ്സിൽ തോന്നുക. പലർക്കും ഭയമായിരിക്കും അല്ലേ. എന്നാൽ ഫൊട്ടോഗ്രഫറായ ജോഷ് എച്ച്കിൻസൻ അങ്ങനെയൊരു അവസ്ഥയെ അതിജീവിച്ചിരിക്കുന്നു. ജോഷിനെ ആരും പിടിച്ചുകെട്ടി കൊണ്ടുചെന്നിട്ടതല്ല. അദ്ദേഹം സ്വയം തിരഞ്ഞെടുത്തതാണ് ഇങ്ങനെയൊരു സാഹസികത.
പഴംതീനി വിഭാഗത്തിൽപെട്ട വവ്വാലുകളിൽ ഏറെ ബൃഹത്തായ ഒരു സ്പീഷീസിന് ഉടമയാണ് വൈക്കോൽനിറമുള്ള എയ്‌ഡോലോൻ ഹെൽവം എന്നയിനം വവ്വാലുകൾ. പുഷ്പങ്ങളും പഴങ്ങളും ഭക്ഷിക്കുന്ന ഇവയ്ക്ക് വിത്തുകളും പൂമ്പൊടിയും വിതരണം ചെയ്യുകയെന്ന വലിയ ദൗത്യം വഹിക്കാനുണ്ട്.
വർഷത്തിൽ ഒരിക്കൽ സാംബിയയിലെ കസാൻക ദേശീയോദ്യാനത്തിലേക്ക് ഒരു കോടിയിലധികം വവ്വാലുകൾ കൂട്ടമായെത്തും. സസ്തനികൾ ഇങ്ങനെയെത്തുന്ന ലോകത്തെ തന്നെ ഏറ്റവും വലിയ സംഭവങ്ങളിലൊന്നാണ് കസാൻകയിലേത്. വവ്വാലുകളെ സസ്തനികളായിട്ടാണ് ജന്തുശാസ്ത്രജ്ഞർ കണക്കാക്കിയിരിക്കുന്നത്.
വളരെ അപൂർവമായ ഒരു ആകാശദൃശ്യമാണ് വവ്വാലുകളുടെ ഈ കൂട്ടപ്പറക്കൽ കസാൻകയിൽ കൊണ്ടുവരുന്നത്. ഈ ദൃശ്യം പകർത്താനായി 3 ആഴ്ചകളാണ് ജോഷ് കസാൻകയിൽ ഒരു മരത്തിനു മുകളിൽ ചെലവഴിച്ചത്. ഈ വിഡിയോ മാമ്മൽസ് എന്ന ഡോക്യുമെന്ററിയിൽ ഫീച്ചർ ചെയ്യപ്പെട്ടിരുന്നു.
കസാൻകയിൽ ആയിരക്കണക്കിന് കിലോമീറ്റർ ദൂരം വരെ താണ്ടി വന്ന വവ്വാലുകളുണ്ടെന്ന് ജോഷ് എച്ച്കിൻസൺ പറയുന്നു. ആഫ്രിക്കൻ മെഗാബാറ്റ്‌സ് എന്ന ഗണത്തിൽ ഉൾപ്പെടുന്ന വവ്വാലാണ് എയ്‌ഡോലോൻ ഹെൽവം. അറേബ്യൻ മേഖലയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലും ഇവയെ കണ്ടെത്താറുണ്ട്. 230 മുതൽ 340 ഗ്രാം വരെ ഭാരം വരുന്നവയാണ് ഇവ. 14 മുതൽ 23 വരെ സെന്റിമീറ്റർ നീളത്തിൽ ഇവ വളരും. ആൺവവ്വാലുകൾക്ക് പെൺവവ്വാലുകളേക്കാൾ നീളവുമുണ്ട്.
സാമൂഹികപരമായി വളരെ ഇടപഴകിയുള്ള ഒരു ജീവിതരീതിയാണ് ഈ വവ്വാലുകൾ പിന്തുടരുന്നത്. ഒരുലക്ഷത്തിലധികം അംഗങ്ങളുള്ള ഗ്രൂപ്പുകളായാണ് ഇവ ജീവിക്കുന്നത്. വളരെ വിലപിടിപ്പുള്ള ആഫ്രിക്കൻ തേക്കുമരത്തിന്റെ പരാഗണത്തിൽ ഇവയുടെ പങ്ക് വലുതാണ്.