ADVERTISEMENT

കൃഷി പ്രധാന ഉപജീവനമാർഗമായി അവലംബിക്കുന്നതിന് വെല്ലുവിളികൾ ഏറെയുണ്ട്. ഒരേ മേഖലയിൽ തന്നെ കൃഷി ഇറക്കിയാലും ഗതാഗത സൗകര്യം, ഭൂപ്രകൃതി, കൃഷിഭൂമിയുടെ സ്ഥലവിസ്തൃതി എന്നിവയെല്ലാം അടിസ്ഥാനമാക്കി ലാഭം വ്യത്യസ്തപ്പെട്ടിരിക്കും. ഈ സാഹചര്യം ലോകത്ത് എല്ലായിടത്തുമുണ്ട്. കൃഷി ലാഭകരമല്ലാതായാൽ കൃഷിഭൂമി കൈമാറ്റം ചെയ്ത് അവിടെ വികസന പ്രവർത്തനങ്ങൾ നടക്കുന്നതാണ് പതിവു രീതി. എന്നാൽ ഇക്വഡോറിൽ കാര്യങ്ങൾ കുറച്ചു വ്യത്യസ്തമാണ്. കൃഷിയിൽ നിന്നുള്ള വരുമാനത്തിൽ ഇടിവു വന്നാലും ഇക്വഡോറിന്റെ തനത് സവിശേഷതയായ പക്ഷി വൈവിധ്യത്തെ ഉപജീവനമാർഗമായി മാറ്റിയെടുത്തിരിക്കുകയാണ് ഇവിടുത്തെ ജനങ്ങൾ. 

പക്ഷി നിരീക്ഷണത്തിന് സൗകര്യപ്രദമായ രീതിയിൽ കൃഷിയിടങ്ങൾ മാറ്റിയെടുക്കുകയാണ് ഇവിടത്തുകാർ. ബേർഡിങ് ടൂറിസത്തിന്റെ സാധ്യതകൾ ജനങ്ങൾ മനസ്സിലാക്കിയതോടെ ഒരിക്കൽ കൃഷി ഇറക്കിയിരുന്ന പലസ്ഥലങ്ങളും ഇന്ന് പക്ഷിസങ്കേതങ്ങളായി മാറി. 1600ല്‍ പരം വ്യത്യസ്ത പക്ഷി ഇനങ്ങൾകൊണ്ട് സമ്പന്നമാണ് ഇക്വഡോർ. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ സ്ഥലവിസ്തൃതിയിൽ യുകെയെക്കാൾ അല്പംമാത്രം മുന്നിലുള്ള ഈ രാജ്യത്ത് യൂറോപ്പിൽ ആകെയുള്ളതിന്റെ ഇരട്ടി ഇനങ്ങളിൽപെട്ട പക്ഷികളാണ് പാർക്കുന്നത്. ഇവയെ കണ്ടു മനസ്സിലാക്കാനായി മാത്രം വിനോദസഞ്ചാരികൾ ഇവിടേക്ക് എത്തുന്നു.

ചെസ്റ്റ്‌നട്ട് ക്രൗൺഡ് ആന്റിപിറ്റ (Photo: X/@linjianyangbe,@mit_sood)
ചെസ്റ്റ്‌നട്ട് ക്രൗൺഡ് ആന്റിപിറ്റ (Photo: X/@linjianyangbe,@mit_sood)

കൃഷിയേക്കാൾ ലാഭകരമായ ഒരു ബദൽ മാർഗം എന്ന നിലയിലാണ് പക്ഷി നിരീക്ഷണത്തിന് അവസരം ഒരുക്കുന്ന സങ്കേതങ്ങൾ  ഒരുക്കാൻ ജനങ്ങൾ തയ്യാറായത്. ഇതോടെ ടൂറിസം മേഖലയിൽ വൻ കുതിപ്പും ഉണ്ടായി. ബേർഡിങ് ടൂറിസം മാത്രം ലക്ഷ്യംവച്ച് ടൂർ ഗ്രൂപ്പുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. വന്യജീവി ലോഡ്ജുകളുടെയും പ്രാദേശിക ഗൈഡുകളുടെയും എണ്ണം നാൾക്കുനാൾ വർധിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥിതിക്കും ഇത് ഏറെ സഹായകമായി മാറിക്കഴിഞ്ഞു. 

എന്നാൽ ലാഭമുണ്ടാക്കുക എന്നതിനപ്പുറം ജൈവവൈവിധ്യത്തെ നിലനിർത്തുക എന്ന വലിയ ഉത്തരവാദിത്വം കൂടി ഇക്വഡോറിലെ ജനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. പക്ഷി സങ്കേതങ്ങൾ വർധിക്കുന്നതനുസരിച്ച് പക്ഷികളുടെയും മറ്റു വന്യജീവികളുടെയും നിലനിൽപ്പും കൂടുതൽ സുരക്ഷിതമാകും. പരമ്പരാഗത കൃഷി രീതികളെക്കാൾ പ്രകൃതിയുമായി ഇണങ്ങി നിൽക്കുന്ന ജീവിത രീതിയും ഇതിലൂടെ പ്രോത്സാഹിപ്പിക്കപ്പെടുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ പ്രകൃതിക്ക് കാവൽ ഒരുക്കിക്കൊണ്ട് ലാഭകരമായ ജീവിതമാർഗം കണ്ടെത്താൻ പക്ഷി സങ്കേതങ്ങളിലൂടെ ജനങ്ങൾക്ക് സാധിക്കുന്നുണ്ട്.

അംബ്രല്ല ബേർഡ്, സ്വേർഡ് ബിൽഡ് ഹമ്മിങ് ബേർഡ്, ചെസ്റ്റനട്ട് ക്രൗൺഡ് ആന്റിപിറ്റ, ആൻഡിയൻ കോക്ക് ഓഫ് ദ റോക്ക് തുടങ്ങി വ്യത്യസ്ത ഇനങ്ങളിൽപെട്ട പക്ഷികളെ   സംരക്ഷിക്കുക എന്നത് തങ്ങളുടെ ഉത്തരവാദിത്വമായി ജനങ്ങൾ കാണുന്നു. പക്ഷി സങ്കേതങ്ങൾ ഒരുക്കാനുള്ള പദ്ധതികൾക്ക് ഭരണകൂടത്തിൽ നിന്നും ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. സംരക്ഷിക്കപ്പെടുന്ന ഓരോ ഹെക്ടർ വനത്തിനും വാർഷികാടിസ്ഥാനത്തിൽ നിശ്ചിത തുക നൽകിവരുന്നു. എന്നാൽ പദ്ധതിയിൽ അംഗമാകാൻ ധാരാളം ആളുകൾ മുന്നോട്ടു വരുന്നത് മൂലം അപേക്ഷകൾക്ക് അനുമതി ലഭിക്കാൻ കാലതാമസം നേരിടുന്ന സ്ഥിതിവിശേഷവും നിലനിൽക്കുന്നുണ്ട്. എന്നാൽ സഞ്ചാരികളിൽ നിന്നും മതിയായ വരുമാനം ലഭിക്കുന്നതിനാൽ  പരാതികൾ ഒന്നുമില്ലാതെ പ്രകൃതി സങ്കേതങ്ങൾ ഒരുക്കുന്നവരാണ് അധികവും.

English Summary:

From Farms to Feathers: How Ecuador's Birding Tourism is Transforming Lives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com