പാംഓയിലിനൊപ്പം ഒറാങ് ഉട്ടാൻ ഫ്രീ; ഇതെന്ത് സമ്മാനം? മലേഷ്യയ്ക്കെതിരെ വ്യാപക വിമർശനം
Mail This Article
തങ്ങളിൽ നിന്നു വൻതോതിൽ പാംഓയിൽ വാങ്ങുന്ന രാജ്യങ്ങൾക്ക് ഒറാങ് ഉട്ടാനെ സൗജന്യ സമ്മാനമായി നൽകുമെന്ന് പ്രഖ്യാപിച്ച മലേഷ്യൻ നടപടിക്കെതിരെ വിമർശനം. മലേഷ്യൻ മന്ത്രിയായ ജൊഹാരി അബ്ദുൽ ഖാനിയാണ് ഈ പ്രഖ്യാപനം നടന്നത്. ജൈവവൈവിധ്യം സംരക്ഷിക്കാനുള്ള ശ്രമമെന്നാണ് അന്ന് ജൊഹാരി ഇതിനെ വിശേഷിപ്പിച്ചത്. ബോർണിയോ, സുമാത്ര എന്ന ഇന്തൊനീഷ്യൻ മേഖലകളിൽ മാത്രമാണ് ഒറാങ് ഉട്ടാനുകളുള്ളത്. ഇതിൽ ബോർണിയോയുടെ ചില ഭാഗങ്ങൾ മലേഷ്യയുടെ നിയന്ത്രണത്തിലാണ്.
എന്നാൽ പാംഓയിലിനു വേണ്ടിയുള്ള എണ്ണപ്പന കൃഷി മൂലം ഒറാങ് ഊട്ടാന്റെ ആവാസ വ്യവസ്ഥകൾ തകർക്കപ്പെടുകയാണെന്ന് വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ (ഡബ്ല്യു ഡബ്ല്യുഎഫ്) ആരോപിച്ചു. ഈ സ്ഥിതി തുടരുമ്പോൾ ഈ മൃഗത്തെ പിടിച്ച് സമ്മാനമായി കൊടുക്കുന്നത് അതിലും വലിയ തെറ്റാണെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. ഡബ്ല്യുഡബ്ല്യുഎഫ് മലേഷ്യ വിഭാഗം ഇതിനെതിരെ നിലപാട് വ്യക്തമാക്കി കുറിപ്പുകളുമെഴുതി. പദ്ധതിയെപ്പറ്റി പ്രഖ്യാപനമുണ്ടായെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല.
മനുഷ്യർ ഉൾപ്പെടുന്ന പ്രൈമേറ്റ്സ് കുടുംബത്തിലെ അംഗമാണ് ഒറാങ്ഉട്ടാൻ. ആൾക്കുരങ്ങുകളിൽപെട്ട ഒറാങ് ഉട്ടാന് ബുദ്ധിയും വികാരങ്ങളുമൊക്കെയുണ്ട്.
വാലില്ലാക്കുരങ്ങ് എന്നു വിശേഷിപ്പിക്കാറുണ്ടെങ്കിലും കുരങ്ങുകളിൽ (Monkeys) നിന്നു വലിയ വ്യത്യാസമുണ്ട് ആൾക്കുരങ്ങുകൾക്ക് (Apes). പരിണാമ പ്രക്രിയയിൽ വേർപെട്ട, മനുഷ്യന്റെ ഏറ്റവും അടുത്ത ബന്ധുക്കളാണ് ആൾക്കുരങ്ങുകൾ. ചിംപാൻസി, ഗൊറില്ല, ബൊണോബോസ്, ഒറാങ്ഉട്ടാൻ എന്നിവയാണ് ആൾക്കുരങ്ങുകളിലെ പ്രധാനികൾ. ഗ്രേറ്റ് ഏപ്സ് എന്ന് ഇവർ അറിയപ്പെടുന്നു. ഇവയ്ക്കു കുരങ്ങുകളെക്കാൾ മനുഷ്യരുമായിട്ടാണു സാമ്യം. ഇക്കൂട്ടത്തിൽ ഏഷ്യ ജന്മനാടായ ഒരേയൊരു വിഭാഗമാണ് ഒറാങ്ഉട്ടാൻ. ഇന്തൊനീഷ്യയിലാണ് ഏറ്റവും കൂടുതൽ കാണപ്പെടുന്നത്.
ചിംപാൻസികൾ കലപിലയുണ്ടാക്കി കൂട്ടുകൂടി നടക്കുന്ന ടൈപ്പാണെങ്കിൽ ഒറാങ്ഉട്ടാൻ തിരിച്ചാണ്. ഒറ്റയ്ക്ക് നടക്കാനാണ് ഇഷ്ടം. ജീവിതത്തിന്റെ 80% സമയവും മരത്തിൽത്തന്നെ. അത്യാവശ്യത്തിനു മാത്രമേ താഴെയിറങ്ങൂ. ആക്രമണ സ്വഭാവം വളരെ കുറവ്. പ്രാണികൾ, പഴങ്ങൾ, മരങ്ങളുടെ തൊലി, ഇലകൾ, പൂക്കൾ എന്നിവയൊക്കെയാണു ഭക്ഷണം. മരങ്ങളുടെ ഇലകളിൽ തളംകെട്ടുന്ന മഴവെള്ളം കുടിക്കാൻ ഇഷ്ടമാണ്. പെരുമഴയത്ത് ഇലകൾ കൂട്ടിക്കെട്ടി കുട ചൂടാനുമറിയാം. 35 – 40 വർഷം ജീവിക്കും.
ആൾക്കുരങ്ങുകളെപ്പറ്റിയുള്ള ഏറ്റവും ഗംഭീര സിനിമാ പരമ്പരയാണ് ‘പ്ലാനറ്റ് ഓഫ് ദി ഏപ്സ്’. പരീക്ഷണങ്ങളിൽ ജനിതകമാറ്റം വരുത്തിയ അതിബുദ്ധിമാൻമാരായ ആൾക്കുരങ്ങുകൾ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതും അവരുടെ സ്വന്തം സമൂഹം സൃഷ്ടിക്കുന്നതുമാണ് ഇതിവൃത്തം. ആൾക്കുരങ്ങുകളുടെ നായകനായ ‘സീസർ’ എന്ന ചിംപാൻസിയുടെ ചങ്ക് ബ്രോ ‘മൗറിസ്’ എന്ന ഒറാങ്ഉട്ടാനാണ്. കുട്ടികളെയും അക്ഷരങ്ങളെയുമൊക്കെ സ്നേഹിക്കുന്ന മൗറിസ് ലോകമെമ്പാടും പ്രേക്ഷകരുടെ ഹൃദയം കവർന്നു. ഒറാങ് ഹൂട്ടാൻ എന്ന ഇന്തൊനീഷ്യൻ വാക്കിന്റെ അർഥം കാട്ടിൽ താമസിക്കുന്ന മനുഷ്യൻ എന്നാണ്. ഇതു ചുരുങ്ങി ഒറാങ്ഉട്ടാൻ ആയി. പുരുഷ ഒറാങ്ഉട്ടാനുകളുടെ കവിളുകൾക്ക് ഇരുവശവും പാഡുകൾ പോലെ വളർച്ചയുണ്ട്. സ്റ്റൈലൻ താടി ഉള്ളവരുമുണ്ട്. നാലു നാലരയടി പൊക്കമുള്ള തടിച്ച ശരീരം, കാലുകളെക്കാൾ നീളവും കരുത്തുമുള്ള കൈകൾ തുടങ്ങിയവയാണ് ഇവയുടെ ഹൈലൈറ്റ്സ്.
അടുത്തിടെ ഇന്തൊനീഷ്യയിലെ സുമാത്രയിലുള്ള ഗുനുങ് ദേശീയോദ്യാനത്തിൽ മുറിവിൽ പച്ചമരുന്ന് പ്രയോഗം നടത്തി ഒരു ഒറാങ്ഉട്ടാൻ ലോകത്തെ ഞെട്ടിച്ചു. റാക്കൂസ് എന്ന ഈ ഒറാങ്ഊട്ടാൻ മുഖത്തു പറ്റിയ ഒരു മുറിവുണക്കാനായി പച്ചമരുന്ന് കണ്ടെത്തുകയും അതു കടിച്ച് ചവച്ച് നീരെടുത്ത് മുഖത്തു പുരട്ടുകയും ചെയ്തു. ഒരു വന്യമൃഗം മുറിവ് ചികിത്സിക്കുന്ന ആദ്യത്തെ സംഭവമാണിതെന്ന് ഗവേഷകർ പറയുന്നു.