രണ്ടാംലോക മഹായുദ്ധത്തിൽ പങ്കെടുത്ത കരടി സൈനികൻ! പ്രിയങ്കരനായ വോയ്‌ടെക്
Mail This Article
രണ്ടാം ലോകയുദ്ധത്തിൽ ചില മൃഗങ്ങളും പങ്കെടുത്തിരുന്നു. അക്കൂട്ടത്തിൽ വോജ്ടെക് എന്നു വിളിപ്പേരുള്ള മൃഗം വളരെയേറെ പ്രത്യേകതകൾ ഉള്ളതായിരുന്നു, അതൊരു കരടിയായിരുന്നു. പോളിഷ് യുദ്ധത്തടവുകാർക്ക് ഇറാനിൽ നിന്നാണ് വോയ്‌ടെക്കിനെ ലഭിച്ചത്. അവർ അതിനെ വളർത്തി. വളർന്നപ്പോൾ വോയ്‌ടെക്കും സൈന്യത്തിലൊരാളായി. ബീയർ കുടിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്യുന്ന ഒരു കരടിയായിരുന്നു അത്.
രണ്ടാം ലോകയുദ്ധകാലത്തിന്റെ തിക്തഫലങ്ങൾ ധാരാളം അനുഭവിച്ച രാജ്യമായിരുന്നു പോളണ്ട്. ഒരുപക്ഷേ രണ്ടാം ലോകയുദ്ധത്തിന്റെ തുടക്കം തന്നെ പോളണ്ടിൽ ജർമനിയും സോവിയറ്റ് യൂണിയനും നടത്തിയ ആക്രമണത്തെ തുടർന്നാണെന്നു പറയാം. പല തവണ പക്ഷങ്ങൾ മാറേണ്ടുന്ന അവസ്ഥയും പോളണ്ടിനുണ്ടായി. അക്കാലത്ത് ജർമനിക്കെതിരെ നടത്തിയ മോണ്ടി കസീനോ പോരാട്ടത്തിന്റെ മുൻപന്തിയിൽ വോയ്‌ടെക് ഉണ്ടായിരുന്നു. സൈനികരുടെ തോക്കിലേക്കുള്ള വെടിക്കോപ്പുകൾ വഹിച്ചു നടക്കുകയായിരുന്നു ഈ കരടിയുടെ പ്രധാന ദൗത്യം. വോയ്‌ടെക്കിന് സൈനികനുള്ള സ്ഥാനവും നമ്പറും റാങ്കുമുണ്ടായിരുന്നു. പിൽക്കാലത്ത് ഈ കരടിയുടെ ചിത്രം പോളണ്ടിലെ ഒരു സൈനിക ഗ്രൂപ്പ് തങ്ങളുടെ ലോഗോയിൽ ഉൾപ്പെടുത്തുകയും ചെയ്തു.
യുദ്ധം തീർന്ന വേളയിൽ പോളിഷ് സൈന്യം ലോകത്ത് പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. വോയ്‌ടെക്കിനെ എന്തു ചെയ്യും എന്നതു സംബന്ധിച്ച് വലിയ ചർച്ചകൾ ഇതിനിടെ ഉടലെടുത്തു. അക്കാലത്ത് പോളണ്ട് സോവിയറ്റ് നിയന്ത്രണത്തിലായിരുന്നു. വോജ്ടെക്കിന്റെ അന്നത്തെ സംരക്ഷകർ സോവിയറ്റ് യൂണിയനെ എതിർത്തു. അതിനാൽ തന്നെ അങ്ങോട്ടേക്ക് കരടിയെ കൊണ്ടുപോകാൻ അവർക്ക് താൽപര്യം ഇല്ലായിരുന്നു. പിൽക്കാലത്ത് സ്കോട്‌ലൻഡിലാണ് വോയ്‌ടെക് ജീവിച്ചത്. ബെർവിക്ഷർ പ്രവിശ്യയിലെ ഹട്ടൻ എന്ന ഗ്രാമത്തിൽ. അവനു കൂട്ടായി കുറേയേറെ മുൻ പോളണ്ട് സൈനികരുമുണ്ടായിരുന്നു.
യുദ്ധത്തിനു ശേഷമുള്ള സമാധാനകാലയളവ് വോയ്‌ടെക്കിനു സുഖകരമായ ജീവിതം നൽകി. ആളുകൾ അവനായി തേനും ജാമുമൊക്കെ കൊണ്ടുവന്നു.യുവാക്കൾ അവനൊപ്പം കളിയായി ഗുസ്തി പിടിക്കുകയും ഫുട്ബോൾ തട്ടുകയും ചെയ്തു. അവിടത്തെ പോളിഷ് സമൂഹം നടത്തുന്ന എല്ലാ ആഘോഷങ്ങളിലും അന്നു വോയ്‌ടെക് ഒരു അതിഥിയായിരുന്നു. അവൻ ആരെയും ഉപദ്രവിച്ചിരുന്നില്ല. എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു വോയ്‌ടെക്. ഇന്ന് സ്കോട്‌ലൻഡിൽ ഈ കരടിയുടെ അനുസ്മരണാർഥം ഒരു വെങ്കല പ്രതിമ വച്ചിട്ടുണ്ട്.