‘റൊണാൾഡോ’ ചതിച്ചു! ആണെന്ന് കരുതി വളർത്തിയ പാമ്പിന് ഇണയില്ലാതെ 14 കുഞ്ഞുങ്ങൾ
Mail This Article
ആണെന്ന് കരുതി വളർത്തിയ പാമ്പിന് 14 കുഞ്ഞുങ്ങൾ പിറന്നു. ഇംഗ്ലണ്ടിലെ സിറ്റി ഓഫ് പോർട്ട്സ്‌മൗത്ത് കോളജിലെ 13 വയസ്സുള്ള ബോവ കൺസ്ട്രക്റ്റർ പാമ്പായ റൊണാൾഡോയാണ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത് (ബോവ കൺസ്ട്രക്റ്റർ പാമ്പുകൾ മുട്ടയിടാറില്ല, പ്രസവിക്കുകയാണ് ചെയ്യുക). 9 വർഷമായി റൊണാൾഡോയെ പരിചരിക്കുന്നത് ആനിമൽ കെയർ ടെക്നീഷ്യനായ പീറ്റ് ക്വിൻലാനാണ്. അദ്ദേഹം കരുതിയിരുന്നത് ഇതൊരു ആൺ പാമ്പ് എന്നായിരുന്നു.
കോളജ് വിദ്യാർഥിയാണ് പാമ്പിൻകുഞ്ഞുകളെ ആദ്യം കാണുന്നത്. ഇണയില്ലാതെയാണ് റൊണാൾഡോ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ഈ അവസ്ഥയെ പാർഥെനോജെനിസിസ് എന്നാണ് പറയുക. മൃഗങ്ങളിലും മറ്റ് ജീവികളിലും ഈ അവസ്ഥ കാണാറുണ്ട്. ആർഎസ്പിസിഎയിൽ (The Largest Animal Welfare Charity in the UK) നിന്ന് ഒൻപത് വർഷം മുൻപാണ് പീറ്റ് റൊണാഡോൾഡോയെ ഏറ്റെടുത്തത്. രണ്ട് വർഷം മുൻപ് ഈ കോളജിൽ ലഭിച്ചപ്പോൾ കൈയിലുണ്ടായിരുന്ന എല്ലാ പാമ്പുകളെയും ഒപ്പം കൂട്ടുകയായിരുന്നു.
‘ആറടി നീളമുള്ള പാമ്പാണ് റൊണാൾഡോ. ഇത്രയും കാലം ആൺ പാമ്പെന്നാണ് കരുതിയിരുന്നത്. ഇടയ്ക്ക് വണ്ണം കൂടിയപ്പോൾ അമിതമായി ഭക്ഷണം കഴിക്കുന്നതുകൊണ്ടാണെന്ന് വിചാരിച്ചു. പാമ്പിൻകുഞ്ഞുങ്ങളെ കണ്ടതായി വിദ്യാർഥി പറഞ്ഞപ്പോൾ ആർക്കും വിശ്വസിക്കാനായില്ല. നേരിട്ട് കണ്ടപ്പോൾ ഞെട്ടിപ്പോയി.’–പീറ്റ് ക്വിൻലാൻ പറഞ്ഞു.