മംഗോളിയ പണ്ടൊരു സമുദ്രമായിരുന്നു; ഭൂമി കീറി രൂപപ്പെട്ട സമുദ്രം!
Mail This Article
മംഗോളിയ എന്ന രാജ്യം ലോകവേദിയിൽ അത്ര അറിയപ്പെടുന്ന രാജ്യമല്ല. ചൈനയ്ക്ക് വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ രാജ്യം ലോകരാഷ്ട്രീയത്തിലോ വാണിജ്യത്തിലോ ഒന്നും അത്ര വലിയൊരു ശക്തിയുമല്ല. എന്നാൽ മധ്യകാലങ്ങളിൽ ഇതായിരുന്നില്ല സ്ഥിതി. ചെങ്കിസ് ഖാൻ എന്ന പ്രശസ്തനായ നേതാവിന്റെ കീഴിൽ മംഗോൾ സേന ലോകത്തെ മുഴുവൻ വിറപ്പിക്കുകയും അധീശത്വം തുടരുകയും ചെയ്തു. തങ്ങളുടെ സുവർണ കാലഘട്ടത്തിൽ ലോകത്തെ ഏറ്റവും വലിയ സാമ്രാജ്യങ്ങളിലൊന്ന് മംഗോൾ സാമ്രാജ്യമായിരുന്നു. ഈ പടനീക്കങ്ങളുടെയെല്ലാം പ്രഭവകേന്ദ്രം മംഗോളിയയാണ്.
എന്നാൽ 40 കോടി വർഷം മുൻപ് മംഗോളിയ ഒരു കരയായിരുന്നില്ല, മറിച്ച് ഒരു സമുദ്രമായിരുന്നത്രേ. ഭൗമാന്തരപ്രവർത്തനങ്ങളുടെ ഫലമായി ഭൂമിയുടെ പുറംപാളി കീറിയാണ് ഈ സമുദ്രം ഉണ്ടാക്കപ്പെട്ടത്.11.5 കോടി വർഷങ്ങൾ ഇതു നിലനിന്നു. ഭൂമിയുടെ പുറംപാളിയായ ക്രസ്റ്റും മധ്യപാളിയായ മാന്റിലും തമ്മിലുള്ള പ്രവർത്തനങ്ങളാണ് ഇത്തരമൊരു സ്ഥിതിവിശേഷത്തിനു വഴിവച്ചത്. എന്നാൽ എന്തൊക്കെതരം പ്രവർത്തനങ്ങളാണ് അന്ന് നടന്നിരുന്നതെന്ന് കൃത്യമായി മനസ്സിലാക്കാൻ ശാസ്ത്രജ്ഞർക്ക് സാധിച്ചിട്ടില്ല.
വടക്കുപടിഞ്ഞാറൻ മംഗോളിയയിൽ കാണപ്പെട്ട പ്രത്യേകതരം വോൾക്കാനിക് പാറകൾ വിലയിരുത്തിയാണ് ശാസ്ത്രജ്ഞർ ഈ നിഗമനത്തിലേക്ക് എത്തിയത്. ഡേവോണിയൻ കാലഘട്ടത്തിലേതായിരുന്നു ഈ പാറകൾ. മീനുകളുടെ യുഗം എന്നാണ് ഡേവോണിയൻ കാലഘട്ടം അറിയപ്പെടുന്നത്. സമുദ്രങ്ങൾ മീനുകളാൽ സമ്പന്നമായ കാലമാണ് ഇത്. കരഭാഗങ്ങളിൽ അന്ന് സസ്യങ്ങൾ വ്യാപിച്ചുവരുന്നതേ ഉണ്ടായിരുന്നുള്ളൂ.
അന്നുണ്ടായിരുന്ന ലോറൻഷ്യ, ഗോണ്ട്വാന എന്നീ രണ്ട് വൻകരകളും വിവിധ ചെറുകരകളും കൂടിച്ചേർന്നാണ് ഇന്നത്തെ ഏഷ്യയുണ്ടായത്.