പൊടുന്നനെ പൂക്കൾ വിരിഞ്ഞ മരുഭൂമി! അന്യഗ്രഹജീവികളുണ്ടോ അറ്റക്കാമയിൽ?
Mail This Article
കമനീയമായ ഒരു ചിത്രം കഴിഞ്ഞദിവസം മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലുമൊക്കെ നിറഞ്ഞിരുന്നു. ലോകത്തെ ഏറ്റവും വരണ്ട മേഖലയായ അറ്റക്കാമ മരുഭൂമിയിൽ അവിചാരിതമായി പെയ്ത മഴയെത്തുടർന്ന് പർപ്പിൾ നിറമുള്ള പൂക്കൾ വിരിഞ്ഞു നിൽക്കുന്നതിന്റെ ആയിരുന്നു അത്. കാലാവസ്ഥാ പ്രതിഭാസമായ ‘എൽ നിനോ’ മൂലമുള്ള മഴയാണ് ചിലെയിൽ സ്ഥിതി ചെയ്യുന്ന അറ്റക്കാമയിൽ പെയ്തത്. ഒരു ലക്ഷത്തിലേറെ ചതുരശ്ര കിലോമീറ്ററാണ് അറ്റക്കാമ മരുഭൂമിയുടെ വിസ്തീർണം.
മുൻകാലങ്ങളിൽ അപൂർവമായി ഇത്തരം പ്രതിഭാസം അറ്റക്കാമയിൽ സംഭവിച്ചിട്ടുണ്ടെങ്കിലും അതെല്ലാം സെപ്റ്റംബർ മാസത്തിലായിരുന്നു. ‘ഗ്വാൻകോ ഫീറ്റ്’ എന്നറിയപ്പെടുന്ന സസ്യമാണ് ഇപ്പോൾ ഇവിടെ പുഷ്പിച്ചിരിക്കുന്നതത്രേ. അനേകം കൗതുകകരമായ സംഭവങ്ങളുള്ള ഒരു മേഖലയാണ് അറ്റക്കാമ. ഈ മരുഭൂമിയിൽ ജിയോഗ്ലിഫ് എന്നറിയപ്പെടുന്ന ഭൗമചിത്രങ്ങൾ അയ്യായിരത്തിലധികം എണ്ണമുണ്ട്. ജിയോഗ്ലിഫുകളിൽ ഏറ്റവും പ്രശസ്തം ഇതാണ്. ഇത് ജ്യോതിശ്ശാസ്ത്ര നിരീക്ഷണത്തിന് ഉപകരിക്കാനായി ആദിമമനുഷ്യർ വരച്ചതാണെന്നു ചിലർ വാദിക്കുമ്പോൾ മറ്റു ചിലർ പറയുന്നത് ഇതൊരു അന്യഗ്രഹജീവിയാണെന്നാണ്.
അറ്റക്കാമ മരുഭൂമിയും അന്യഗ്രഹജീവികളുമായി ബന്ധപ്പെടുത്തി പല നിഗൂഢവാദ സിദ്ധാന്തക്കാരും കഥകൾ ഇറക്കാറുണ്ട്. അറ്റക്കാമ മരുഭൂമിയിൽ സ്ഥിതി ചെയ്തിരുന്ന സാവ്യ എന്ന കൽഘടനകൾ സൂര്യപഥത്തെ കാണിക്കുന്നവയായിരുന്നു. ഇത്രയും ബുദ്ധിപരമായ ഘടനകൾ അക്കാലത്ത് ജീവിച്ചിരുന്നവർക്ക് സാധ്യമല്ലായിരുന്നെന്നും അതിന്റെ സാങ്കേതികവിദ്യ അന്യഗ്രഹജീവികളാണ് ഇവർക്കു നൽകിയതെന്നും വാദിക്കുന്നവരുണ്ട്.
അറ്റക്കാമയിൽ ഏലിയൻസ് സന്ദർശിക്കുന്നുണ്ടെന്നും ഇവയുടെ സാന്നിധ്യമിവിടെയുണ്ടെന്നുമൊക്കെ വിശ്വസിക്കുന്നവരും ഒട്ടേറെ. അന്യഗ്രഹപേടകങ്ങളെന്നു സംശയിക്കുന്ന സ്ഥിരീകരിക്കാത്ത പറക്കൽ വസ്തുക്കൾ (യുഎഫ്ഒ) ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രാജ്യമാണു ചിലെ.
ഇത്തരം യുഎഫ്ഒകളെ കാണാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള രാജ്യമായി അന്യഗ്രഹ വാഹന കുതുകികൾ വിലയിരുത്തുന്നതും ചിലെയെയാണ്. യുഎഫ്ഒ റിപ്പോർട്ടുകളെപ്പറ്റി പഠിക്കാനും സാധ്യതകൾ വിലയിരുത്താനും 1997ൽ സിഇഎഫ്എഎ എന്ന പേരിൽ ഒരു പ്രത്യേക സൈനിക വിഭാഗത്തിനു തന്നെ ചിലെ സർക്കാർ തുടക്കമിട്ടിരുന്നു.