വറ്റിവരണ്ട മരുഭൂമിയിൽ ‘എൽനിനോ’ ഇഫക്ട്; അറ്റക്കാമയിൽ പിന്നെ കണ്ടത് ‘പൂമഴ’
Mail This Article
അവിചാരിതമായൊരു മഴ പെയ്തു, അതു മതിയായിരുന്നു ഈ പൂക്കൾക്ക് വിടരാൻ. തെക്കേ അമേരിക്കൻ രാജ്യമായ ചിലെയിലുള്ള അറ്റക്കാമ മരുഭൂമിയിലാണ് ഈ പൂക്കാഴ്ച. ‘ഗ്വാൻകോ ഫീറ്റ്’ എന്നറിയപ്പെടുന്ന സസ്യമാണ് ഇവിടെ പുഷ്പിച്ചത്. കാലാവസ്ഥാ പ്രതിഭാസമായ ‘എൽനിനോ’ മൂലമുള്ള മഴയാണ് അറ്റക്കാമയിൽ പെയ്തത്.
ഒരു ലക്ഷത്തിലേറെ ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള അറ്റക്കാമയിൽ അപൂർവമാണിത്. മുൻപ് ഇങ്ങനെ മഴ ഉണ്ടായിരുന്നപ്പോഴെല്ലാം അതു സെപ്റ്റംബർ മാസത്തിലായിരുന്നു. ലോകത്തെ ഏറ്റവും വരണ്ട മേഖലയാണ് ഈ മരുഭൂമി.
സാധാരണഗതിയിൽ വസന്തകാലത്ത് വർഷങ്ങളുടെ ഇടവേളകളിൽ പൂക്കൾ പൂക്കുന്നത് കണ്ടിട്ടുണ്ട്. എന്നാലിപ്പോൾ മഞ്ഞുകാലത്തും പൂക്കൾ പൂക്കുന്ന അവസ്ഥയാണ്.ഏപ്രിലിൽ 11–12 മില്ലിമീറ്റർ മഴയാണ് ഇവിടെ പെയ്തതെന്ന് നാഷനൽ ഫോറസ്ട്രി കോർപറേഷന്റെ ജൈവവൈവിധ്യ സംരക്ഷണ വിഭാഗം മേധാവി സീസർ പിസാരോ പറഞ്ഞു.
പ്രദേശം മുഴുവൻ മേഘാവൃതമായതിനാൽ മരുഭൂമിയുടെ പ്രതലം ഈർപ്പമുള്ളതായി. ഇത് ചെടികൾ സജീവമാകാൻ കാരണമായി. വെള്ളം ആവശ്യമില്ലാത്തതും മണൽ നിറഞ്ഞ പ്രദേശങ്ങൾ ഇഷ്ടപ്പെടുന്നതുമായ ചെടിയാണ് ‘ഗ്വാൻകോ ഫീറ്റ്’ എന്നും അദ്ദേഹം വ്യക്തമാക്കി.