ADVERTISEMENT

കൂർത്ത നഖങ്ങള്‍, മൂർച്ചയേറിയ പല്ലുകൾ, അതിവേഗത്തലുള്ള കുതിപ്പ്, കരുത്തുറ്റ പേശികൾ, അതിജീവനമെന്നത് ഒരു നിരന്തര പോരാട്ടമായ മൃഗരാജ്യത്തിൽ നിലനിൽപ്പിനായി  ഇതൊക്കെ അത്യാവശ്യമാണ്. പക്ഷേ എല്ലാ മൃഗങ്ങൾക്കും ഇതൊന്നും ഉണ്ടാവില്ല. ചില പാവം മൃഗങ്ങളും പ്രകൃതിയുടെ ഭാഗമാണ്. പക്ഷേ ഈ പാവങ്ങൾ ചില സമയത്ത് രക്ഷപ്പെടാനായി കാണിക്കുന്ന തന്ത്രങ്ങൾ കണ്ടാൽ ആരും പറഞ്ഞുപോകും വെളച്ചിലെടുക്കരുത് കേട്ടോ?

മറ്റൊരു മൃഗത്തിന്റെ  അത്താഴമാകാതിരിക്കാൻ ഒരു ഇര നിരന്തരം തന്ത്രങ്ങൾ വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. ഇത്തരത്തിൽ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ചില 'മിമിക്രി’ കലാകാരന്മാർ പ്രകൃതിയിലുണ്ട്. വേട്ടക്കാരനിൽ നിന്ന് രക്ഷപ്പെടാനോ ഇരയെ ആകർഷിക്കാനുമൊക്കെ മൃഗങ്ങളും പ്രാണികളും തങ്ങൾക്ക് ചുറ്റുമുള്ള മറ്റ് ജീവിവർഗങ്ങളുടെ ശബ്ദങ്ങളോ രൂപങ്ങളോ പെരുമാറ്റങ്ങളോ അനുകരിച്ച് അതിജീവിക്കാനുള്ള കൗശലം കണ്ടെത്തിയിട്ടുണ്ട് രണ്ടുതരം മിമിക്രികളുണ്ട്: ബറ്റേഷ്യൻ മിമിക്രിയും അഗ്രസീവ് മിമിക്രിയും. ഇരുവരും ഒരേ കഴിവ് വ്യത്യസ്ത ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്നു.

മൊണാർക്ക് ചിത്രശലഭം (Photo: Twitter/@KlatuBaradaNiko)
മൊണാർക്ക് ചിത്രശലഭം (Photo: Twitter/@KlatuBaradaNiko)

ബറ്റേഷ്യൻ മിമിക്രി: വേട്ടക്കാരെ ഭയപ്പെടുത്താൻ ചില ജീവികൾ അപകടകരമായ മറ്റൊരു മൃഗത്തെ അനുകരിച്ചേക്കാം. ബറ്റേഷ്യൻ മിമിക്രിയുടെ ഏറ്റവും അറിയപ്പെടുന്ന ഉദാഹരണം വൈസ്രോയി ചിത്രശലഭവും മൊണാർക്ക് ബട്ടർഫ്ലൈയും തമ്മിലുള്ള ബന്ധമാണ്. മോണാർക്ക് ചിത്രശലഭങ്ങൾക്ക് ഓറഞ്ചും കറുപ്പും വരകളാൽ തിളക്കമുള്ള നിറമാണുള്ളത്, കാറ്റർപില്ലറുകളായിരിക്കെ മിൽക്ക് വീഡ് ചെടികളിൽ നിന്ന് ലഭിക്കുന്ന വിഷാംശം  ഇവയുടെ ശരീരത്തുണ്ട്. ഇവയുടെ നിറം കാണുമ്പോൾ ശത്രുക്കൾ ഇവരെ ഒഴിവാക്കാറുണ്ട്. എന്നാൽ വൈസ്രോയി ചിത്രശലഭങ്ങളാകട്ടെ വിഷമുള്ളവയല്ല. പക്ഷേ അവർ മൊണാർക് ചിത്രശലഭങ്ങളെപ്പോലെ കാണപ്പെടുന്നു. അതിനാല്‍ ഇവരെ ഒഴിവാക്കുന്നു.

കിംഗ് സ്നേക്: തെക്കേ അമേരിക്കയിൽ കാണപ്പെടുന്ന കിംഗ് സ്നേകിനെ പലപ്പോഴും വിഷമുള്ള പവിഴപ്പാമ്പ് എന്ന് തെറ്റിദ്ധരിക്കപ്പെടുന്നു, ബറ്റേഷ്യൻ മിമിക്രിയിലെ മറ്റൊരു മാസ്റ്ററാണ് കിങ് സ്നേക്. അതിന്റെ കടും ചുവപ്പ്, മഞ്ഞ, കറുപ്പ് ബാൻഡുകൾ പവിഴപ്പാമ്പിന്റെ‌ നിറത്തെ അനുകരിക്കുന്നു, ഇത് വേട്ടക്കാരെ ഏറ്റുമുട്ടലിൽ നിന്ന് പിന്തിരിപ്പിക്കുന്നു.

ഹോവർഫ്ലൈ: ഈ ഈച്ച മിമിക്രിയെ ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോകുന്നു. കാഴ്ചയിൽ ഒരു തേനീച്ചയോട് സാമ്യം മാത്രമല്ല, അതേ രീതിയിൽ മൂളുകയും (ചിറകടി ശബ്ദം) ചെയ്യുന്നു! ഈ സമർഥമായ ആൾമാറാട്ടം തേനീച്ചകളുടെ കുത്തൽ ശേഷിയുമായിശബ്ദത്തെ ബന്ധപ്പെടുത്തുന്ന വേട്ടക്കാരെ വിഡ്ഢികളാക്കുന്നു.

ഓർക്കിഡ് മാന്റിസ്: തെക്കുകിഴക്കൻ ഏഷ്യയിലുള്ള ഈ പ്രാണി ഒരു ഓർക്കിഡ് പുഷ്പത്തോട് സാമ്യമുള്ളതാണ്, അത് ഊർജസ്വലമായ നിറങ്ങളും അതിലോലമായ ദളങ്ങള്‍ പോലെയുള്ള ശരീരം കൊണ്ട് പ്രാണികളെ ആകർഷിച്ചു ഭക്ഷണമാക്കുന്നു. ഇത് അഗ്രസീവ് മിമിക്രിയുടെ ഉദാഹരണമാണ്.

സ്പൈഡർ-ടെയിൽഡ് വൈപ്പർ: സഹാറയിൽ കാണപ്പെടുന്ന ഈ അണലിയുടെ വാൽ അറ്റം രൂപത്തിലും ചലനത്തിലും ചിലന്തിയെ അനുകരിക്കുന്നു. ഈ വഞ്ചനാപരമായ തന്ത്രത്തിൽ പക്ഷികളും തവളകളും കുടുങ്ങുന്നു. അവസാനം ഇരയുടെ ജീവൻ‍ വിഷപ്പല്ലുകളിൽ അവസാനിക്കുന്നു.

ഇങ്ക് പാമ്പ്: ചൈനയിലും തായ്‌ലൻഡിലും കാണപ്പടുന്ന ഈ  പാമ്പ് ഭീഷണി നേരിടുമ്പോൾ അതിന്റെ ശരീരത്തെ വളച്ചൊടിക്കുകയും കഴുത്ത് വീർപ്പിക്കുകയും മൂർഖൻ പാമ്പിനെപ്പോലെ ചീറ്റുകയും ചെയ്യുന്നു. ഈ പ്രദർശനം വേട്ടക്കാരെ ഭയപ്പെടുത്താൻ മതിയാകും.

മിമിക് ഒക്ടോപ്പസ്: മിമിക്രി ലോകത്തെ കൺകെട്ടുകാരൻ ആണ് കോറൽ റീഫുകളിൽ കാണപ്പെടുന്ന ഒക്ടോപസ്.ഒരു കണ്ണിമ  നൊടിയിൽ ചുറ്റുപാടുകളുടെ നിറവും രൂപവും സ്വീകരിക്കാൻ ഈ മാജിക് ഒക്ടോപസിന് കഴിയും. മാജിക് ഒക്ടോപസിന്റെ മിമിക്രികൾ ഇങ്ങനെ

∙ലയൺഫിഷ്: കൈകൾ പുറത്തേക്ക് നീട്ടുന്നതിലൂടെ, അത് ലയൺഫിഷിന്റെ വിഷ മുള്ളുകളെ അനുകരിക്കുന്നു.

∙കടൽപാമ്പ്: എട്ട് കൈകളിൽ ആറെണ്ണം മറയ്ക്കുകയും ശേഷിക്കുന്ന രണ്ടെണ്ണം കൊണ്ട് ഒരു കടൽപ്പാമ്പിന്റെ നീണ്ട മെലിഞ്ഞ ശരീരം അനുകരിക്കുകയും ചെയ്യുന്നു.

∙ജെല്ലിഫിഷ്: ഒരു ജെല്ലിഫിഷിന്റെ മൃദുലമായ ചലനങ്ങളെ അനുകരിച്ചു കൈകൾ ചുരുക്കി ശരീരത്തെ സ്പന്ദിപ്പിക്കും.

ദി ലൈർബേർഡ്: ഈ ഓസ്‌ട്രേലിയൻ പാട്ടുപക്ഷി ഒരു മികച്ച മിമിക്രിക്കാരൻ ആണ്. മറ്റ് പക്ഷികളുടെയും സസ്തനികളുടെയുംശബ്ദങ്ങൾ പോലും അവിശ്വസനീയമായ കൃത്യതയോടെ അനുകരിക്കാൻ ഇതിന് കഴിയും. ഇണകളെ ആകർഷിക്കാനും അതിന്റെ പ്രദേശം സംരക്ഷിക്കാനും ലൈർബേർഡ് അതിന്റെ മിമിക്രി ഉപയോഗിക്കുന്നു.

ചെയിൻ സോ സിക്കാഡ: ഉചിതമായി പേരിട്ടിരിക്കുന്ന ഈ പ്രാണി മറ്റൊരു മൃഗത്തെ അനുകരിക്കുന്നില്ല, മറിച്ച് ഒരു നിർജീവ വസ്തുവിനെയാണ് - ഒരു മര ചില്ല! ഇത് വേട്ടക്കാർക്ക് ശാഖകൾക്കിടയിൽ ഇത് കണ്ടെത്താൻ പ്രയാസമാക്കുന്നു. ഇത്തരത്തിൽ നിരവധി ജീവികളാണ് ചെറിയ തന്ത്രങ്ങളാൽ ജീവൻ നിലനിർത്തിപ്പോകുന്നത്.

English Summary:

Nature's Great Pretenders: How Mimicry Helps Animals Outsmart Predators

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com