ADVERTISEMENT

കേരളത്തിൽ അതിശക്തമായ മഴ പെയ്താൽ ഇന്ന് ഒട്ടുമിക്കയിടങ്ങളും വെള്ളത്തിലാണ്. 2018ലെ പ്രളയം ആവർത്തിക്കുമോ എന്ന ഭയം ജനങ്ങൾക്കുണ്ട്. എന്നാൽ ഇതിനേക്കാൾ വലിയൊരു പ്രളയം കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. 100 വർഷം മുൻപായിരുന്നു. കൊല്ലവർഷം 1099– 1924 ജൂലൈ–ഓഗസ്റ്റിലായിരുന്നു അത്. തൊണ്ണൂറ്റി ഒൻപതിലെ വെള്ളപ്പൊക്കം എന്നാണ് ഇതറിയപ്പെടുന്നത്. മലവെള്ളത്തിലും കടൽവെള്ളത്തിലും ദിവസങ്ങളോളം മധ്യതിരുവിതാംകൂറും കൊച്ചിയും ആണ്ടുകിടന്നു. അണക്കെട്ടുകളും കനാലുകളുമൊന്നും അക്കാലത്തില്ലാതിരുന്നതുകൊണ്ടു വെള്ളപ്പൊക്കം കഠിനമായിരുന്നു. സർക്കാർ രേഖകളിൽ മരണങ്ങളും നാശനഷ്ടങ്ങളും തിട്ടപ്പെടുത്താത്ത ഒരു കാലത്തായിരുന്നു ആ പ്രളയം. ആലപ്പുഴ മുഴുവനായും ഇന്നത്തെ എറണാകുളത്തിന്റെ നാലിൽ മൂന്നു പ്രദേശവും പ്രളയത്തിൽ മുങ്ങി.

പെയ്ത മഴയേക്കാൾ പുഴകളിലൂടെ ഒഴുകിയെത്തിയ വെള്ളമാണു കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും ഉൾപ്പെടെ നാശം സൃഷ്ടിച്ചത്. കുട്ടനാടിന് ഇപ്പോഴത്തെ രൂപം നൽകിയതും അന്നു പെയ്ത മഴയും വെള്ളപ്പൊക്കവുമാണെന്നു പഴമക്കാർ പറയുന്നു. കൊല്ലവർഷം 1099 കർക്കടകം ഒന്നിന് (എഡി 1924) ആരംഭിച്ച് രണ്ടാഴ്ചയോളം തുടർച്ചയായി നീണ്ടുപെയ്ത മഴയും വെള്ളപ്പൊക്കവും ഇന്നും നടുക്കത്തോടെയാണു ചരിത്രം ഓർക്കുന്നത്. 

കരകവിഞ്ഞൊഴുകുന്ന മുതിരപ്പുഴയാർ വെള്ളം ഉയർന്നതിനെത്തുടർന്ന പുഴയുടെ ഇരുകരകളിലുമുള്ള തേയിലഫാക്ടറികളും ഒലിച്ചുപോയി.
കരകവിഞ്ഞൊഴുകുന്ന മുതിരപ്പുഴയാർ വെള്ളം ഉയർന്നതിനെത്തുടർന്ന പുഴയുടെ ഇരുകരകളിലുമുള്ള തേയിലഫാക്ടറികളും ഒലിച്ചുപോയി.

മധ്യകേരളം മുങ്ങി

കേട്ടറിവിനേക്കാൾ വലുതാണു തൊണ്ണൂറ്റൊൻപതിലെ വെള്ളപ്പൊക്കം എന്ന സത്യം. അന്നു കുട്ടനാട്ടിലെ ഗ്രാമങ്ങളിൽ നിന്നു രക്ഷപ്പെടാൻ‍ വള്ളങ്ങളിലും മറ്റുമായി തുഴഞ്ഞെത്തിയവർക്ക് അഭയമേകിയതു പ്രധാനമായി ആലപ്പുഴ നഗരമായിരുന്നു. ആലപ്പുഴ ഗവ. മുഹമ്മദൻ സ്കൂൾ, എസ്ഡിവി സ്കൂൾ, സത്രം എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാംപുകൾ തുടങ്ങുകയും പലയിടങ്ങളിലും ധനികരുടെയും സമുദായങ്ങളുടെയും നേതൃത്വത്തിൽ ധർമക്കഞ്ഞിയും മറ്റു ഭക്ഷണങ്ങളും അരി, പലചരക്കു സാമഗ്രികളും വിതരണം ചെയ്തു. സർക്കാർ ഇടപെടുന്നതിനു മുൻപുതന്നെ വക്കീലന്മാരും ഉദ്യോഗസ്ഥരും ചേർന്നു പിരിവെടുത്ത് അഭയാർഥികളെ സഹായിക്കാൻ തുടങ്ങിയിരുന്നു. അന്നത്തെ പത്രവാർത്തകളിൽ ആ ദിവസങ്ങളുടെ നടുക്കുന്ന വിവരങ്ങൾ അറിയാം.

ജൂലൈ മാസത്തിലെ വെള്ളപ്പൊക്കത്തിൽ മൂന്നാറിലെ തേയിലത്തോട്ടങ്ങളും ഫാക്ടറികളും മുങ്ങിയപ്പോൾ. മൂന്നാറിലെ ടീ മ്യൂസിയത്തിൽ നിന്ന് റീകോപ്പി ചെയ്തത്.
ജൂലൈ മാസത്തിലെ വെള്ളപ്പൊക്കത്തിൽ മൂന്നാറിലെ തേയിലത്തോട്ടങ്ങളും ഫാക്ടറികളും മുങ്ങിയപ്പോൾ. മൂന്നാറിലെ ടീ മ്യൂസിയത്തിൽ നിന്ന് റീകോപ്പി ചെയ്തത്.

വെള്ളപ്പൊക്കം ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ മലയാള മനോരമ ലേഖകർ എഴുതിയ വാർത്തയിലെ ചില ഭാഗങ്ങൾ:‘...ചേന്നങ്കരിയിലുള്ള പള്ളികളുടെയും പള്ളിക്കൂടത്തിന്റെയും ഒട്ടുമുക്കാൽ ഭാഗവും വെള്ളത്തിൽ താഴ്ന്നിരിക്കുന്നു. ചേന്നങ്കരി പള്ളിക്കൂടത്തിൽ അൻപതിൽ അധികമാളുകൾ ഇപ്പോഴും താമസിച്ചുവരുന്നു. അതിനകത്തു കഴുത്തറ്റം വെള്ളമുണ്ടെങ്കിലും മുളകൾ വച്ചുകെട്ടിയും അതിന്റെ പുറമേ വള്ളങ്ങൾ കൊണ്ടുചെന്ന് ഇട്ടുമാണു താമസിച്ചുവരുന്നത്.......ചെങ്ങന്നൂരിൽ കരകവിഞ്ഞൊഴുകിയ പമ്പാ നദിയിൽക്കൂടി ഭീമമായ പുരകൾ, തടികൾ, ആന, കടുവ, ആടുമാടുകൾ തുടങ്ങിയ മൃഗങ്ങൾ, മനുഷ്യശവങ്ങൾ മുതലായവ ഒഴുകിപ്പോകുന്ന കാഴ്ച ‘കണ്ടാലാരും കരയുമലിയും കല്ലിനൊത്തൊരു ഹൃത്തും’...മുണ്ടൻകാവിൽ വെള്ളത്തിൽ നിന്നിരുന്ന ഒരു പുരയ്ക്കു തീ പിടിച്ചതും വാർത്തയിലുണ്ട്. ആളുകൾ മച്ചിൻപുറത്തു കയറി തീകാഞ്ഞുകൊണ്ടിരുന്നപ്പോൾ തീ പിടിച്ചുവെന്നാണു പറയുന്നത്.

മലമുകളിൽ ഒരു വെള്ളപ്പൊക്കം

കഴിഞ്ഞ ന‍ൂറ്റാണ്ടിൽ കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് 99 ലെ (1924) വെള്ളപ്പൊക്കം. ഈ ദുരന്തത്തിൽ ഏറ്റവുമധികം നാശനഷ്ടം സംഭവിച്ചതു മൂന്നാറിനാണ്. സമുദ്രനിരപ്പിൽനിന്ന് 5000– 6500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽ വെള്ളപ്പൊക്കമുണ്ടായെന്ന് ഇപ്പോൾ ആരും വിശ്വസിക്കണമെന്നില്ല, സത്യം അതായിരുന്നെങ്കിലും.കനത്ത മഴയിലും ഉരുൾപൊട്ടലിലും, മൂന്നാറിൽ ഇപ്പോൾ ഡാം സ്ഥിതി ചെയ്യുന്ന മാട്ടുപ്പെട്ടി ഭാഗത്തു രണ്ടു മലയിടുക്കുകൾ ചേരുന്നിടത്ത്, മണ്ണിടിഞ്ഞും മരങ്ങൾ കടപുഴകിയും ഒരു ബണ്ട് തനിയെ രൂപപ്പെട്ടു. തുടർന്നുള്ള ദിവസങ്ങളിൽ രാപകൽ പെയ്ത മഴയിൽ ഉരുൾപൊട്ടലും വെള്ളപ്പാച്ചിലുമുണ്ടായി.ഒഴുകിവന്ന മണ്ണും വെള്ളവും താങ്ങാനാകാതെ ഈ ബണ്ട് തകർന്നു. ഈ അണപൊട്ടിയ വെള്ളവും കടപുഴകിയ മരങ്ങളും ചേർന്നു മൂന്നാർ നഗരത്തെ പൂർണമായി തകർത്തു. മൂന്നാറിൽ അന്നുണ്ടായിരുന്ന റെയിൽപാളങ്ങളും റെയിൽവേ സ്റ്റേഷനും റോഡുകളും തകർന്നു.ആറാം ദിവസം മൂന്നാറിൽ നിന്നു പതിനഞ്ചു കിലോമീറ്റർ അകലെയുള്ള പെരിയവര, കന്നിമല ഭാഗത്തുനിന്ന‍ുള്ള ഒഴുക്കും ലക്ഷ്‌മി-പാർവതി മലകളിലെ വെള്ളവും, തനിയെ രൂപം കൊണ്ട രണ്ടാമത്തെ ബണ്ടും തകർത്തു.

മാട്ടുപെട്ടി ഫാക്ടറി മാനേജരുടെ ബംഗ്ലാവ്. മലയിടിഞ്ഞു വീണാണ് ഇത് തകർന്നത്.

ജൂലൈ മാസത്തിലെ വെള്ളപ്പൊക്കത്തിൽ കുതിരപന്തയവും മോട്ടോർ റേസിങ് നടന്നിരുന്ന മൈതാനം
മാട്ടുപെട്ടി ഫാക്ടറി മാനേജരുടെ ബംഗ്ലാവ്. മലയിടിഞ്ഞു വീണാണ് ഇത് തകർന്നത്. ജൂലൈ മാസത്തിലെ വെള്ളപ്പൊക്കത്തിൽ കുതിരപന്തയവും മോട്ടോർ റേസിങ് നടന്നിരുന്ന മൈതാനം

മലവെള്ളം മൂന്നാർ പട്ടണത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ പൊങ്ങി. രണ്ടാമത്തെ ബണ്ടു തകർന്ന വെള്ളം പള്ളിവാസലിലേക്ക് ഒഴുകി.പള്ളിവാസൽ ഇരുനൂറേക്കർ സ്‌ഥലം ഒറ്റയടിക്കു കുത്തിയൊലിച്ചു. പള്ളിവാസലിൽ 150 അടി ഉയരത്തിൽ ഒരു വെള്ളച്ചാട്ടം രൂപപ്പെട്ടു. വൈദ്യുതി ഉൽപാദിപ്പിച്ചിരുന്ന രണ്ടു ജനറേറ്ററുകളും മണ്ണു വന്നു മൂടി.അക്കൊല്ലം ജൂലൈയിൽ രാജമലയിൽ മാത്രം 487.5 സെന്റീമീറ്റർ മഴയാണു രേഖപ്പെടുത്തിയത്. 1924 ലെ വെള്ളപ്പൊക്കത്തിനു മുൻപു മൂന്നാറിൽ റെയിൽവേ സ്റ്റേഷനും റെയിൽപാളങ്ങളും ഉണ്ടായിരുന്നു.വെള്ളപ്പൊക്കത്തോടെ നല്ലതണ്ണി - കല്ലാർ വഴിയുള്ള പഴയ റോഡ് ഒലിച്ചുപോയി. തുടർന്നാണ് അടിമാലി റോഡ് നിർമാണം തുടങ്ങിയത്.

അന്നു തപാൽ ഇന്ന് ‘മൊബൈൽ ചാർജ്’ 

റേഞ്ചില്ല, ചാർജില്ല...കഴിഞ്ഞ പ്രളയങ്ങളിൽ ഏറ്റവും വേവലാതിപ്പെട്ടത് ഇതേക്കുറിച്ചാവും. 99ൽ തപാൽ മുടക്കമായിരുന്നു ആധി. ഫോണും കമ്പിത്തപാലുമൊന്നും ഇല്ലാത്ത കാലം. ആകെയുള്ള ആശ്രയം തപാലാണ്. അന്നത്തെ പ്രളയത്തെക്കുറിച്ചുള്ള എല്ലാ വാർത്തയിലും കാണാം, തപാൽ മുടങ്ങിയെന്ന വാചകം. ട്രെയിൻ, വിമാന സർവീസുകൾ മുടങ്ങിയെന്നു നാം പറയുന്ന പോലെ. ബസും കാറുമൊന്നുമില്ലാത്ത കാലത്ത് ട്രെയിൻ ആണ് ആശ്രയം, പിന്നെ ബോട്ടും.

വെള്ളപ്പൊക്ക കാലത്തെ തിരുവിതാംകൂർ സർക്കാർ വൃത്താന്തത്തിൽ ദുരിതാശ്വാസത്തെക്കുറിച്ചു പറയുന്നുണ്ട്– ‘ദിവാൻ പേഷ്കാർ സുബ്രഹ്മണ്യയ്യർ പെരുമ്പാവൂരിലേക്കു യാത്ര തുടരാനാവാതെ ആലുവയിലെത്തി. അവിടം അതിനു മുൻപേ വെള്ളത്തിലായിരുന്നു. നഗരസഭാ സാമാജികനായ കാദർപിള്ളയുമായി വള്ളങ്ങൾ ശേഖരിച്ചു പ്രാണരക്ഷാ സംഘങ്ങളുണ്ടാക്കി. മൂന്നിനു വൈകിട്ട് 5000 ജനങ്ങളെ കമ്പോള മൈതാനത്തു കൊണ്ടുവന്നു. കച്ചവടക്കാർ ദാനം ചെയ്ത അരി വിതരണം ചെയ്തു. റിലീഫ് കമ്മിറ്റിയുണ്ടാക്കി. 1950–ക പിരിച്ചുകിട്ടി. കാദർപിള്ള മാത്രം 1000 വരിയിട്ടു.’

എറണാകുളം ജില്ലയെ മുക്കിയതെന്ത്?

ഇടുക്കി അണക്കെട്ടു തുറന്നുവിട്ടതല്ല, തുടർച്ചയായി പെയ്ത മഴയും ഇടുക്കിയിലെ ഉരുൾ പൊട്ടലുകളുമാണ് എറണാകുളത്തെ മുക്കിയത്. മഴയ്ക്കൊപ്പം എല്ലാ ഡാമുകളും തുറന്നതോടെ പുഴകൾ കവിഞ്ഞു, കരയിലേക്ക് ഒഴുകി. ജൂലൈ 17നു തുടങ്ങിയ മഴ ഒന്നോ രണ്ടോ ദിവസമേ മാറിനിന്നിട്ടുള്ളു.ഇതുപോലൊരു ജൂലൈ 17–നായിരുന്നു 99–ലെ വെള്ളപ്പൊക്കത്തിന്റെയും തുടക്കം. അന്നു മുല്ലപ്പെരിയാർ ഡാം മാത്രമേയുള്ളു. കനത്ത മഴയിൽ മുല്ലപ്പെരിയാർ തുറന്നു. അന്നും മൂന്നാഴ്ച നിലയ്ക്കാത്ത മഴയായിരുന്നു. അണക്കെട്ടുകളില്ല, പക്ഷേ, വെള്ളം പിടിക്കാൻ വിശാലമായ വയൽപ്പരപ്പുകളുണ്ട്, കാടുണ്ട്.

munnar-flashflood
മൂന്നാറിലെ ട്രെയിൻ.

മൂന്നാറിനു മുകളിൽ ഉരുൾപൊട്ടലും വെള്ളപ്പാച്ചിലും പലവട്ടമുണ്ടായി. തടികളും മരങ്ങളും ഒഴുകിവന്നു മാട്ടുപ്പെട്ടിയിൽ ഒരു ചിറ തന്നെയുണ്ടായി. പിന്നെയും കുത്തൊഴുക്കിൽ ഈ ചിറ പൊട്ടി വെള്ളം കുത്തിയൊലിച്ചെത്തി, സായിപ്പൻമാരുടെ സ്വർഗഭൂമിയായിരുന്ന മൂന്നാറിനെ തകർത്തു കളഞ്ഞു. തീവണ്ടിപ്പാതയും യൂറോപ്യൻ മാതൃകയിലുള്ള നഗരവും. ആലുവയിൽ നിന്നു മൂന്നാറിലേക്കുണ്ടായിരുന്ന റോഡ് ഇല്ലാതായി. അടിമാലി വഴി ഇന്നുള്ള റോഡ് അതിനു ശേഷമുണ്ടായതാണ്. എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളെ ആ വെള്ളപ്പൊക്കം ഗുരുതരമായി ബാധിച്ചു.

അന്നും ദുരിതാശ്വാസ ക്യാംപ്

1924ലെ വെള്ളപ്പൊക്കത്തിലും ദുരിതാശ്വാസ ക്യാംപ് പ്രവർത്തിച്ചിരുന്നു. അന്നത്തെ സർക്കാർ ഗസറ്റിൽ നിന്ന്– ‘എറണാകുളം മുനിസിപ്പൽ ചെയർമാൻ പ്രതിദിനം 4000 പേർക്കു ഭക്ഷണം ദാനം ചെയ്തു മഹനീയമായ ജോലിയാണു പൂർത്തിയാക്കിയത്. മട്ടാഞ്ചേരിയിലെ ചെയർമാനും തന്റെ പ്രദേശത്തുള്ളവരെ സഹായിച്ചു’.അന്നത്തെ വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള ചില കണക്കുകൾ ഇങ്ങനെ. കൊച്ചി, കണയന്നൂർ താലൂക്കുകളിലായി 12 മരണം. മുകുന്ദപുരത്ത് ആറ്.കണയന്നൂർ, മുകുന്ദപുരം, പറവൂർ താലൂക്കുകളിലായിരുന്നു ഏറ്റവും അധികം നഷ്ടം, മൂന്നിലൊന്നു ഭാഗം മുങ്ങിപ്പോയി. നഷ്ടത്തെക്കുറിച്ച് അന്നത്തെ ഗസറ്റിൽ പറയുന്നത്– ‘1057, 82 (കൊല്ലവർഷം) വെള്ളപ്പൊക്കത്തേക്കാൾ വലുതായിരുന്നു ഇപ്പോഴത്തേത്. 1000–ത്തിലേതിനേക്കാൾ ഒന്നേകാൽ കോൽ അധികം. രാജ്യത്ത് 10,204 വീടുകൾ സമൂലവും 3188 വീടുകൾ ഭാഗികമായും നശിച്ചു. 6,36,642 രൂപ നഷ്ടം. 41,429 ഏക്കർ കൃഷി നശിച്ചു. 23 ലക്ഷം രൂപ നഷ്ടം. 31 ലക്ഷം പറയുടെ നെല്ലു നശിച്ചു.’

പറവൂർ താലൂക്കിലെ വെള്ളപ്പൊക്കത്തെക്കുറിച്ച് അന്നത്തെ പത്രവാർത്ത– ‘ഏറ്റവും നാശം ഉണ്ടായ പ്രദേശമാണിത്. ഒന്നിനു പെരിയാർ കരകവിഞ്ഞു. രണ്ടിനു പ്രഭാതത്തിൽ പട്ടണം മുഴുവൻ വെള്ളത്തിൽ. നാലു ദിക്കുകളിൽ നിന്നും അഭയാർഥികൾ പട്ടണത്തിലേക്കു പലായനമാണ്. മൂന്നിനു വെളുപ്പാൻകാലം മുതൽ വെള്ളം കുറഞ്ഞു തുടങ്ങി. സായാഹ്നത്തോടെ രണ്ടര അടി കുറഞ്ഞു. കഞ്ഞിയും അരിയും രണ്ടിനു തന്നെ നഗരസഭയിൽ നിന്നു കൊടുത്തു തുടങ്ങി. ചൊവ്വര, അങ്കമാലി, കറുകുറ്റി സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമിൽ വെള്ളം കയറി. പറവൂർ മുനിസിപ്പാലിറ്റി ഓഫിസും ഒന്നു രണ്ടു സർക്കാർ കെട്ടിടങ്ങളും ഒഴികെ ബാക്കിയെല്ലായിടത്തും വെള്ളം കയറി’

‘വെള്ളപ്പൊക്കത്തിൽ’മലയാളത്തിനു കിട്ടിയത്

‘നാട്ടിലെ പൊക്കംകൂടിയ സ്ഥലം ക്ഷേത്രമാണ്. അവിടെ, ദേവൻ കഴുത്തറ്റം വെള്ളത്തിൽ നിൽക്കുന്നു. വെള്ളം! സർവത്ര ജലം! നാട്ടുകാരെല്ലാം കര തേടിപ്പോയി. വീട്ടുകാവലിന് ഒരാൾ, വീട്ടിൽ വള്ളമുണ്ടെങ്കിൽ ഉണ്ട്. ക്ഷേത്രത്തിലെ മൂന്നു മുറിയുള്ള മാളികപ്പുറത്ത് 67 കുട്ടികളുണ്ട്. 356 ആളുകൾ, പട്ടി, പൂച്ച ആട്, കോഴി മുതലായ വളർത്തു മൃഗങ്ങളും എല്ലാം ഐകമത്യമായി കഴിയുന്നു. ഒരു ശണ്ഠയുമില്ല..’എന്നു തുടങ്ങുന്ന ‘വെള്ളപ്പൊക്കത്തിൽ’ എന്ന കഥയാണു 99 ലെ വെള്ളപ്പൊക്കം മലയാള സാഹിത്യത്തിനു നൽകിയ ഏറ്റവും വലിയ സംഭാവന. മലയാളത്തിലെ മികച്ച ചെറുകഥകളുടെ പട്ടികയിലുണ്ടു തകഴി ശിവശങ്കരപ്പിള്ളയുടെ ‘വെള്ളപ്പൊക്കത്തിൽ’.

English Summary:

From 1924 to Today: Comparing Kerala's Historic Floods to Modern-Day Threats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com