കന്നുകാലി ചന്തയിൽ ലൈവ് റിപ്പോർട്ടിങ്; പാക് മാധ്യമപ്രവർത്തകയെ കാള ഇടിച്ചുതെറിപ്പിച്ചു
Mail This Article
ചാനലുകളിൽ ലൈവ് റിപ്പോർട്ടിങ്ങിനിടെ റിപ്പോർട്ടർമാർക്ക് പല അപകടങ്ങളും അബദ്ധങ്ങളും സംഭവിക്കാറുണ്ട്. ചിലത് ആളുകളെ ചിരിപ്പിക്കുന്നതായിരിക്കും, മറ്റു ചിലത് വേദനിപ്പിക്കുന്നതും. അങ്ങനെയൊരു സംഭവം പാക്കിസ്ഥാനിൽ കഴിഞ്ഞ ദിവസം ഉണ്ടായി. കന്നുകാലി ചന്തയിൽ നിന്ന് ലൈവ് റിപ്പോർട്ടിങ് ചെയ്യുന്നതിനിടെ മാധ്യമപ്രവർത്തകയെ കാള കുത്തി.
ലഹോർ ആസ്ഥാനമായ ഒരു ചാനലിലെ വനിതാ റിപ്പോർട്ടർ കന്നുകാലികളുടെ വിലയെക്കുറിച്ച് വിൽപനക്കാരിൽ നിന്ന് ചോദിച്ചറിയുകയായിരുന്നു. വിഡിയോ അവസാനിപ്പിക്കാനായി ക്യാമറയ്ക്ക് മുന്നിൽ എത്തുകയും സംസാരിക്കുകയും ചെയ്യുന്നതിനിടെ ഒരു വശത്തുനിന്ന് കാളകള്‍ പാഞ്ഞടുക്കുകയും മാധ്യമപ്രവർത്തകയെ ഇടിച്ച് തെറിപ്പിക്കുകയുമായിരുന്നു. നിലവിളിച്ചുകൊണ്ട് വീഴുന്ന യുവതിയെ കണ്ട് സമീപമുള്ളവർ നോക്കിനിൽക്കുന്നത് വിഡിയോയിൽ കാണാം.
കാളയുടെ കാലിൽ കുടുങ്ങിയ മൈക്ക് കൂട്ടത്തിലൊരാൾ എടുത്ത് ക്യാമറാമാനെ ഏൽപിക്കുന്നതും വിഡിയോയിൽ വ്യക്തമാണ്.