കുത്തനെ കയറുന്നതിനിടെ മേഘവിസ്ഫോടനം; കുത്തൊഴുക്കിൽപ്പെട്ട് സഞ്ചാരികൾ: ചങ്കിടിപ്പിക്കും കാഴ്ച
Mail This Article
റായ്ഗഡ് കോട്ടയിലേക്കുള്ള കുത്തനെയുള്ള കയറ്റത്തിനിടെ പെട്ടെന്ന് മേഘവിസ്ഫോടനം. മുകളിൽ നിന്നും കുത്തിയൊലിച്ചെത്തിയ വെള്ളത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന സഞ്ചാരികളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
1,356 മീറ്റർ ഉയരത്തിലാണ് റായ്ഗഡ് കോട്ടയുള്ളത്. സഞ്ചാരികൾക്ക് കയറാൻ എളുപ്പത്തിൽ ഹാൻഡ്റെയിൽ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. ഒറ്റയടി പാതയിലൂടെ കുത്തനെ കയറുന്നതിനിടെ പെട്ടെന്നായിരുന്നു മേഘവിസ്ഫോടനം ഉണ്ടായത്. പിന്നീട് മുകളിൽ നിന്ന് അതിശക്തമായി വെള്ളം താഴേക്ക് ഒഴുകിയെത്തി. ഒരു വശത്ത് കുത്തനെയുള്ള പാറക്കെട്ടും മറുവശത്ത് അഗാധമായ ഗർത്തവുമായിരുന്നു. അതിനാൽ ആളുകൾക്ക് കയറിനിൽക്കാൻ പോലും ഇടമില്ലാത്ത അവസ്ഥയായി. വെള്ളത്തിൽ ഒഴുകിപ്പോകാതിരിക്കാൻ ഹാൻഡ്റെയിലിൽ ആളുകൾ പിടിച്ചുനിൽക്കുന്നത് വിഡിയോയിൽ കാണാം. ഒരു വശത്തെ മതിലിൽ പതുക്കെ ആളുകൾ വലിഞ്ഞു കയറുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഉത്തരേന്ത്യയിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. മുംബൈയിൽ പലയിടത്തും വെള്ളം പൊങ്ങിയ നിലയിലാണ്. അപകടസാധ്യത മുന്നിൽകണ്ട് ദേശീയ ദുരന്തനിവാരണ സേന നഗരത്തിന്റെ വിവിധയിടങ്ങളിൽ നിലയുറപ്പിച്ചിട്ടുണ്ട്. റായ്ഗഡ് ജില്ലയിൽ തിങ്കളാഴ്ച കനത്ത മഴയാണ് പെയ്തിറങ്ങിയത്. താല എന്ന പ്രദേശത്ത് ഉച്ചവരെ 287 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.