ഒളിച്ചോടിയ സ്കിപ്പിയെ പിടിക്കാൻ കിണഞ്ഞ് ശ്രമിച്ച് പൊലീസ്; 6 മാസം വട്ടംകറക്കി, കുടുക്കിയത് മറ്റൊരാൾ
Mail This Article
ആറ് മാസം മുൻപ് വീട്ടിൽ നിന്നും ഒളിച്ചോടിയ കങ്കാരുവിനെ 60 കിലോമീറ്റർ ദൂരത്തുനിന്നും പിടികൂടി. പുതുവത്സര ദിനത്തിലാണ് ജർമനിയിലെ സാഗ്സ്ഡോർഫ് പട്ടണത്തിലുള്ള സ്റ്റർൻബെർഗിൽ നിന്ന് സ്കിപ്പി എന്ന കങ്കാരുവിനെ കാണാതാവുന്നത്. ജെൻസ് കോൽഹൗസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കങ്കാരുവിനെ തേടി പൊലീസും രംഗത്തെത്തിയിരുന്നു.
സ്കിപ്പിയെ കണ്ടതായി പലയിടത്തുനിന്നും ഫോൺവിളികൾ എത്തിയെങ്കിലും പൊലീസ് എത്തുമ്പോൾ കങ്കാരു അവിടെനിന്നും രക്ഷപ്പെട്ടു കഴിഞ്ഞിരിക്കും. അങ്ങനെ ആറു മാസത്തോളമാണ് വീട്ടുകാരെയും ജർമൻ പൊലീസിനെയും സ്കിപ്പി വട്ടംകറക്കിയത്. എന്നാൽ ജൂലൈ ആദ്യം ലുഡേഴ്സ്ഡോർഫ് പട്ടണത്തിൽ എത്തിയ സ്കിപ്പിയെ പ്രദേശവാസി കുടുക്കുകയായിരുന്നു. കങ്കാരുവിനെ അദ്ദേഹത്തിന്റെ തൊഴുത്തിൽ പിടിച്ചുകെട്ടുകയും പിന്നീട് ഉടമയെ വിളിച്ചറിയിക്കുകയുമായിരുന്നു.
സ്കിപ്പിയെ കൂടാതെ നിരവധി കങ്കാരുക്കൾ കോൽഹൗസിനുണ്ട്. 12 മീറ്റർ ദൂരത്തിലും മൂന്ന് മീറ്റർ ഉയരത്തിലും ചാടാൻ സ്കിപ്പിക്ക് കഴിവുണ്ട്. അവന്റെ വേഗതയാണ് ഇത്രയും കാലം പിടികൊടുക്കാതെ നടക്കാൻ സഹായിച്ചതെന്ന് ഉടമ പറയുന്നു. ഇഷ്ടഭക്ഷണം കാരറ്റ് ആണ്. സ്കിപ്പി അപകടകാരിയല്ലെന്നും കോൽഹൗസ് പറഞ്ഞു.