ക്ഷേത്രത്തിലെ പിടിയാന ‘അഖില’യ്ക്ക് പിറന്നാൾ; ഇഷ്ടവിഭവങ്ങളുമായി എത്തി ആളുകൾ, ഗംഭീര ആഘോഷം !
Mail This Article
തിരുച്ചിയിലെ തിരുവനൈകോവിൽ ശ്രീ ജംബുകേശ്വരർ അഖിലാണ്ഡേശ്വരി ക്ഷേത്രത്തിലെ ആനയുടെ പിറന്നാൾ ആഘോഷിച്ച് ക്ഷേത്രഭാരവാഹികളും ഭക്തരും. അഖില എന്ന പിടിയാനയുടെ 22–ാം പിറന്നാളാണ് ഗജപൂജ നടത്തി ഗംഭീരമാക്കിയത്. അഖിലയ്ക്ക് ഇഷ്ടപ്പെട്ട മധുര പലഹാരങ്ങളും പച്ചക്കറികളും പൊരിയും പഴവർഗങ്ങളുമെല്ലാം ആളുകൾ സമ്മാനമായി നൽകി.
രാവിലെ തന്നെ കുളിച്ച് പൊട്ടുതൊട്ട് മാലയും പിറന്നാൾ കോടിയും അണിഞ്ഞാണ് അഖില ക്ഷേത്രത്തിലെത്തിയത്. നൂറിലധികം ആളുകൾ ഒരുമിച്ച് പിറന്നാൾ ഗാനം പാടിയപ്പോൾ അഖില തലകുലുക്കി സന്തോഷം പ്രകടിപ്പിച്ചു. അസിസ്റ്റന്റ് കമ്മിഷണർ രവിചന്ദ്രൻ ഉൾപ്പെടെ നിരവധി പ്രമുഖരും പിറന്നാള്‍ ആഘോഷത്തിൽ പങ്കെടുത്തു.
2002ൽ അസമിലാണ് അഖിലയുടെ ജനനം. 2011ൽ തിരുവനൈകോവിലിൽ എത്തി. അന്ന് മുതൽ ഭക്തരുടെ പ്രിയപ്പെട്ടവളായി പിടിയാന മാറുകയായിരുന്നു. കുറച്ച് വർഷം മുൻപ് ഒരു ഭക്തൻ വേനൽക്കാലത്ത് അഖിലയ്ക്ക് കുളിക്കാനായി ഷവർ നിർമിച്ചുനൽകിയിരുന്നു. ഇതിനുപുറമെ ക്ഷേത്രഭാരവാഹികൾ അഖിലയ്ക്കായി മാത്രം പ്രത്യേകമായി മണ്ണിൽ കുളം നിർമിച്ചിട്ടുണ്ട്.