ADVERTISEMENT

റിയൽസ് ഗ്രൂപ്പിന്റെ വന്യജീവി സംരക്ഷണ സംരംഭമായ വൻതാരയിലെ അന്തേവാസികളെക്കുറിച്ചുള്ള പഠനാത്മകമായ വിഡിയോ സീരീസ് പുറത്തിറങ്ങുന്നു. വനവും വന്യജീവി സംരക്ഷണവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ‘വൻതാര കേ സൂപ്പർസ്റ്റാർസ്’ (വൻതാരയിലെ സൂപ്പർതാരങ്ങൾ) എന്ന വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. പ്രമുഖ സിനിമാ താരങ്ങളാണ് വന്യജീവികൾക്ക് ശബ്ദം നൽകുന്നത്. വൻതാരയിലെ ഓരോ ജീവികളുടെ കഥകൾ ജനങ്ങളിലേക്ക് ഇതിലൂടെ എത്തുന്നതാണ്.

രാജസ്ഥാനിലെ തെരുവോരങ്ങളിൽ ഭിക്ഷാടനം നടത്തിവന്നിരുന്ന ‘ഗൗരി’എന്ന ആന ഇപ്പോൾ വൻതാരയുടെ പ്രിയപ്പെട്ടവളാണ്. പോഷകാഹാരക്കുറവും സന്ധിവാതവും കാഴ്ചക്കുറവും കാരണം ദുരിതജീവിതം നയിച്ച ഗൗരിയുടെ അതിജീവന കഥയും അവളുടെ ചിന്തകളും വിഡിയോയിൽ പങ്കുവയ്ക്കുന്നുണ്ട്. ഗൗരിക്കായി ശബ്ദം നൽകിയിരിക്കുന്നത് നീന ഗുപ്തയാണ്. ഈ ക്രിയാത്മക പദ്ധതിയിൽ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പ്രകൃതി സംരക്ഷണത്തിനായുള്ള ശക്തമായ സന്ദേശം ഇതിലൂടെ നൽകുന്നുണ്ടെന്ന് നീന പറഞ്ഞു.

ഗുജറാത്തിലെ റിലയൻസിന്റെ ജാംനഗർ റിഫൈനറി കോംപ്ലക്‌സിന്റെ ഗ്രീൻ ബെൽറ്റിനുള്ളിൽ 3000 ഏക്കറിലധികം വ്യാപിച്ചുകിടക്കുന്നതാണ് വൻതാര. മൃഗസംരക്ഷണത്തിലും ക്ഷേമത്തിലും വിദഗ്ധരുമായി ചേർന്ന് പ്രവർത്തിച്ചുകൊണ്ട്, 3000 ഏക്കർ വിസ്തൃതിയുള്ള ഒരു വനം സൃഷ്ടിക്കുകയായിരുന്നു. റിലയൻസ് ഇൻഡസ്ട്രീസ്, റിലയൻസ് ഫൗണ്ടേഷൻ എന്നിവയുടെ ബോർഡ് ഡയറക്ടർ അനന്ത് അംബാനിയുടെ നേതൃത്വത്തിലാണ് പദ്ധതി വിഭാവനം ചെയ്തത്.

വൻതാരയിൽ ആനകൾക്കുള്ള ഒരു കേന്ദ്രവും സിംഹങ്ങളും കടുവകളും മുതലകളും പുള്ളിപ്പുലികളും ഉൾപ്പെടെയുള്ള ചെറുതും വലുതുമായ നിരവധി ജീവജാലങ്ങൾക്ക് സൗകര്യമുണ്ട്. വൻതാരയിലെ ആനകൾക്കായുള്ള കേന്ദ്രത്തിൽ അത്യാധുനിക ഷെൽട്ടറുകൾ, ജലചികിത്സാ കുളങ്ങൾ, ജലാശയങ്ങൾ, ആനകളിലെ സന്ധിവാതം ചികിത്സിക്കുന്നതിനായുള്ള സൗകര്യം എന്നിവയുണ്ട്. മൃഗഡോക്ടർമാർ, ജീവശാസ്ത്രജ്ഞർ, പാത്തോളജിസ്റ്റുകൾ, പോഷകാഹാര വിദഗ്ധർ, പ്രകൃതിശാസ്ത്രജ്ഞർ എന്നിവരുൾപ്പെടെ 500-ലധികം ആളുകൾ ഉൾപ്പെടുന്ന സ്പെഷ്യലൈസ്ഡ് പരിശീലനം ലഭിച്ച ജീവനക്കാർ 200-ലധികം ആനകളെ പരിചരിക്കുന്നു. ആനകൾക്കായുള്ള 25,000 ചതുരശ്ര അടി വിസ്തീർണമുള്ള ആശുപത്രി, ലോകത്തിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നാണ്.

1 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ആശുപത്രിയും മെഡിക്കൽ ഗവേഷണ കേന്ദ്രവും ഈ കേന്ദ്രത്തിനുണ്ട്. ഐസിയു, എംആർഐ, സിടി സ്കാൻ, എക്സ്-റേ, അൾട്രാസൗണ്ട്, എൻഡോസ്കോപ്പി, ഡെൻ്റൽ സ്കെലാർ, ലിത്തോട്രിപ്സി, ഡയാലിസിസ്, ശസ്ത്രക്രിയകൾ, ബ്ലഡ് പ്ലാസ്മ സെപ്പറേറ്റർ എന്നിവയ്ക്കുള്ള സൗകര്യവും ഉണ്ട്. 43 ഇനങ്ങളിലായി 2000-ലധികം മൃഗങ്ങൾ റെസ്ക്യൂ & റീഹാബിലിറ്റേഷൻ സെന്ററിന്റെ സംരക്ഷണത്തിലാണ്.

English Summary:

Vantara Ke Superstars': Celebrities Lend Voices to Animals in Captivating Wildlife Conservation Series

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com