വെള്ളം നിറഞ്ഞ ഗുഹയ്ക്കുള്ളിലെ ചുണ്ണാമ്പുപാലം; 6000 വർഷം മുൻപുള്ള മെഡിറ്ററേനിയൻ കുടിയേറ്റ വിവരങ്ങൾ നൽകി
Mail This Article
സ്പാനിഷ് ദ്വീപിലെ ഗുഹയിൽ കണ്ടെത്തിയ ചുണ്ണാമ്പുകല്ലുകൊണ്ടു നിർമിച്ച പാലം വളരെ പഴക്കമുള്ളതാണെന്ന് പുതിയ പഠനം. ഈ മേഖലയിൽ മനുഷ്യർ കുടിയേറ്റം തുടങ്ങിയ കാലഘട്ടത്തെക്കുറിച്ചും ഈ പാലം വിവരം നൽകുമെന്നാണ് ഗവേഷകർ പറയുന്നത്. 2000ൽ മല്ലോർക്കയിൽ വെള്ളംനിറഞ്ഞ നിലയിലുള്ള ഒരു ഗുഹയ്ക്കുള്ളിൽ സ്‌കൂബ ഡൈവിങ് പര്യവേക്ഷണം നടത്തിയ ഗവേഷകരാണ് ഈ പാലം കണ്ടെത്തിയത്. 25 അടി നീളമുള്ളതായിരുന്നു ഈ പാലം. ചുണ്ണാമ്പുകല്ലുകൾ അടുക്കിയടുക്കി വച്ചതുപോലെ ഘടനയുള്ള ഈ പാലം 4400 വർഷം മുൻപാണ് പണിതതെന്ന് ഗവേഷകർ കണ്ടെത്തിയിരുന്നു.
ഗുഹയ്ക്കുള്ളിൽ കണ്ടെത്തിയ കളിമൺകുടങ്ങളുടെ അവശിഷ്ടങ്ങൾ പരിശോധിച്ചാണ് 4400 വർഷം പഴക്കം അന്നു ഗവേഷകർ നിർണയിച്ചിരുന്നത്. തകർന്ന കളിമണ്ണ് അവശിഷ്ടങ്ങൾക്ക് പുറമേ, ഇന്ന് വംശനാശം വന്നുപോയ മ്യോട്രാഗസ് ബെലാറിക്കസ് എന്ന മാനുകളുടെ എല്ലുകളും ധാരാളമായി ഈ ഗുഹയിൽ നിന്ന് ലഭിച്ചിരുന്നു.
മെഡിറ്ററേനിയൻ മേഖലയിലെ വലിയൊരു ദ്വീപാണ് മല്ലോർക്കയെങ്കിലും മേഖലയിൽ അവസാനം കുടിയേറ്റം നടന്ന സ്ഥലങ്ങളിലൊന്നും ഇവിടെയാണ്. സൈപ്രസ്, ക്രെറ്റി തുടങ്ങിയ ദ്വീപുകളിൽ 9000 വർഷങ്ങൾക്ക് മുൻപെങ്കിലും കുടിയേറ്റം നടന്നിരുന്നു.