ADVERTISEMENT

സ്രാവുകളുടെയും മറ്റ് അപകടകാരികളായ സമുദ്രജീവികളുടെയും സാന്നിധ്യം ഉണ്ടെങ്കിൽ കടലിലേക്ക് ഇറങ്ങരുതെന്ന മുന്നറിയിപ്പ് ബീച്ചുകളിൽ സ്ഥാപിക്കാറുണ്ട്. അത്തരത്തിലുള്ള മുന്നറിയിപ്പ് ബോർഡുകൾ ഇപ്പോൾ ജപ്പാനിലെ ചില തീരങ്ങളിൽ കാണാം. എന്നാൽ ഇത് സ്രാവുകളെ പേടിച്ചല്ല നേരെമറിച്ച് പൊതുവേ അപകടകാരികളായി കണക്കാക്കപ്പെടാത്ത ഡോൾഫിനുകളെക്കുറിച്ചാണ്. കൂട്ടംതെറ്റി തനിച്ചു നടക്കുന്ന ഒരു ഡോൾഫിനാണ് ഇവിടെ അധികൃതർക്കും ബീച്ചിൽ ഇറങ്ങുന്നവർക്കും തലവേദനയാകുന്നത്.

ഏകാന്ത ജീവിതം നയിക്കുകയും ലൈംഗികനൈരാശ്യം അനുഭവിക്കുകയും ചെയ്യുന്ന ഒരു ഡോൾഫിൻ ഈ വൈകാരിക പ്രശ്നങ്ങൾ മൂലം അപകടകാരിയായി മാറിയതാണെന്ന് അധികൃതർ പറയുന്നു. ടോക്കിയോയിൽ നിന്നും 300 കിലോമീറ്റർ അകലെയുള്ള വക്കാസ ബേയിൽ കടലിൽ നീന്താൻ ഇറങ്ങുന്നവരെയാണ് ഡോൾഫിൻ ആക്രമിക്കുന്നത്. ഇതിനോടകം ഈ വർഷം 18 പേർ ഡോൾഫിന്റെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒരു പ്രൈമറി സ്കൂൾ വിദ്യാർഥിയും ഇതിൽ ഉൾപ്പെടുന്നു. സാരമായി കടിയേറ്റതു മൂലം കുട്ടിയുടെ വിരലിൽ 20 കുത്തിക്കെട്ടുകളാണ് വേണ്ടിവന്നത്. ഡോൾഫിന്റെ ഈ പ്രവർത്തി ഏതാനും വർഷങ്ങളായി തുടരുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്.

(Photo: X/@volcaholic1)
ഡോൾഫിന്റെ ആക്രമണം ഭയന്ന് തീരത്ത് നിൽക്കുന്നവർ (Photo: X/@volcaholic1)

അടുത്തകാലങ്ങളിലായി ഡോൾഫിൻ കൂടുതൽ അക്രമാസക്തനുമാണ്. കഴിഞ്ഞവർഷം ആറു പേർക്ക് ഡോൾഫിന്റെ ആക്രമണമേറ്റിരുന്നു. തുടക്കത്തിൽ വ്യത്യസ്ത ഡോൾഫിനുകളാവാം മനുഷ്യരെ ആക്രമിക്കുന്നതിന് പിന്നിലെന്ന് കരുതിയിരുന്നെങ്കിലും പിന്നീട് സൂക്ഷ്മമായ നിരീക്ഷണത്തിലൂടെ എല്ലാ മേഖലയിലും കണ്ടെത്തിയ ഡോൾഫിന്റെ വാൽഭാഗത്ത് ഒരേപോലെയുള്ള മുറിവുണ്ടെന്ന് തിരിച്ചറിയുകയായിരുന്നു. പൊതുവേ കൂട്ടമായി കഴിയുന്ന ഡോൾഫിനുകൾ ഇത്രയും നീണ്ടകാലം ഏകാന്തവാസം നയിക്കുന്നത് അപൂർവമാണെന്ന് ജപ്പാനിലെ മി യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ടഡാമിക്കി മൊറിസാക്ക പറയുന്നു.

മനുഷ്യന്റെ വിരലടയാളം പോലെയാണ് ഡോൾഫിനുകൾക്ക് അതിന്റെ മുതുകിലുള്ള മീൻചിറക് അഥവാ ഡോർസൽ ഫിൻ. ഓരോ ഡോൾഫിന്റെയും ഡോർസൽ ഫിന്നിലുള്ള അടയാളങ്ങളും നിറവുമെല്ലാം വ്യത്യാസ്തമായിരിക്കും. ഇത്തരത്തിൽ ആക്രമിച്ച ഡോൾഫിനെ നിരീക്ഷിച്ചതിലൂടെയാണ് ഒരെണ്ണം തന്നെയാണ് ആക്രമണത്തിന് പിന്നിൽ എന്ന് ഉറപ്പിക്കാനായത്. മനുഷ്യനെപ്പോലെ തന്നെ ഹോർമോണൽ വ്യതിയാനങ്ങൾ ഉണ്ടാവുന്ന സമയത്ത് ബോട്ടിൽ നോസ് ഡോൾഫിനുകൾ ലൈംഗികപരമായ നിരാശ പ്രകടിപ്പിക്കുകയും ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യും. ഈ മാനസികാവസ്ഥ മൂലമാവാം മുന്നിലെത്തുന്ന മനുഷ്യരെ ഡോൾഫിൻ ആക്രമിക്കുന്നത് എന്ന് ഷാർക്ക് ബേ ഡോൾഫിൻ റിസർച്ച് പ്രൊജക്റ്റിൻ്റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററും ജൈവശാസ്ത്രജ്ഞനുമായ ഡോക്ടർ സൈമൺ അലൻ പറയുന്നു. എന്തെങ്കിലും കാരണങ്ങൾകൊണ്ട് ഈ ഡോൾഫിൻ അതിന്റെ കൂട്ടത്തിൽ നിന്നും പുറത്തായതാവാമെന്നും ഇതുമൂലം ഇണ ചേരാനാവാത്തതിന്റെ  നിരാശയാവാം ആക്രമണ രൂപത്തിൽ ഡോൾഫിൻ പ്രകടിപ്പിക്കുന്നത്  എന്നുമാണ് നിഗമനം.

പൊതുവേ മനുഷ്യരുമായി ഇണങ്ങുന്നവയാണ് ഡോൾഫിനുകളെങ്കിലും അവ അക്രമാസക്തരായാൽ മനുഷ്യർക്ക് മരണം വരെ സംഭവിച്ചേക്കാം.  കടിയേറ്റാൽ സാരമായ മുറിവുകളും  രക്തസ്രാവവും ഉണ്ടാകുമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന ബോർഡുകളാണ് ഡോൾഫിന്റെ സാന്നിധ്യം കണ്ടെത്തിയ ബീച്ചുകളിൽ ഉടനീളം സ്ഥാപിച്ചിരിക്കുന്നത്. ഡോൾഫിൻ കടലിലേയ്ക്ക് വലിച്ചുകൊണ്ടുപോയാൽ മരണം സംഭവിക്കാനിടയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

English Summary:

Dolphin Terrorizes Japanese Beachgoers: Sexual Frustration Blamed for Attacks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com