നിൽക്കാനും നടക്കാനും വയ്യ; പൊണ്ണത്തടിയൻ പൂച്ചയ്ക്ക് കട്ട ഡയറ്റും വർക്കൗട്ടുമായി മൃഗസ്നേഹികൾ
Mail This Article
കഴിഞ്ഞ ദിവസം റഷ്യയിലെ പെം നഗരത്തിലെ ഒരു ആശുപത്രിയുടെ ബേസ്മെന്റിൽ നിന്നും മൃഗസ്നേഹികൾ ഒരു പൂച്ചയെ രക്ഷിച്ചിരുന്നു. സാധാരണ പൂച്ചയായിരുന്നില്ല, 18 കിലോ ഭാരമുള്ള പൊണ്ണത്തടിയൻ പൂച്ച! ആശുപത്രി ജീവനക്കാർ തുടരെതുടരെ നൽകിയ ഭക്ഷണം കഴിച്ചാണ് അമിതഭാരം ഉണ്ടായത്.
ക്രംമ്പ്സ് എന്നാണ് ആശുപത്രി അധികൃതർ പൂച്ചയ്ക്ക് നൽകിയ പേര്. നിൽക്കാനും നടക്കാനും പറ്റാത്ത അവസ്ഥ വന്നതോടെ ക്രംമ്പ്സിനെ പുനരധിവസിപ്പിക്കാൻ ആശുപത്രി അധികൃതർ സഹായം തേടുകയായിരുന്നു. ഇപ്പോൾ പെം നഗരത്തിലുള്ള മൃഗസംരക്ഷണ സംഘടനയായ മാട്രോസ്കിനിന്റെ സംരക്ഷണത്തിലാണ് ക്രംമ്പ്സ്.
കുക്കിയും സൂപ്പുമായിരുന്നു പൂച്ചയുടെ ഇഷ്ടഭക്ഷണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇടവേളകളില്ലാതെ നിരവധിപ്പേർ ഇഷ്ടഭക്ഷണം കൊണ്ടുവരുമ്പോൾ ക്രംമ്പ്സ് കഴിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. അമിതഭാരം കാരണം അൾട്രാസൗണ്ട് പോലും ലഭ്യമായില്ലെന്ന് ഷെൽട്ടർ പ്രവർത്തകർ പറയുന്നു. സാധാരണ വീട്ടിൽ വളർത്തുന്ന പൂച്ചയ്ക്ക് 5 കിലോ വരെ ഭാരമുണ്ടായിരിക്കും. ആ നിലയിലേക്ക് ക്രംമ്പ്സിനെ കൊണ്ടുവരാനുള്ള ശ്രമം തുടരുകയാണ്. ഇതിനായി പ്രത്യേകഭക്ഷണവും ട്രെഡ്മില്ലും ഒരുക്കിയിട്ടുണ്ട്.