നാല് ബുർജ് ഖലീഫയുടെ ഉയരം; സമുദ്രത്തിനടിയിൽ കൂറ്റൻ പർവതം കണ്ടെത്തി: അത്യപൂർവ ജൈവ വൈവിധ്യം !
Mail This Article
ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് ബുർജ് ഖലീഫ. നാല് ബുർജ് ഖലീഫ ഒന്നിനുമുകളിൽ ഒന്നായി വച്ചാൽ എങ്ങനെയിരിക്കും? അത്രയും ഉയരത്തിലുള്ള ഒരു പർവതത്തെ സമുദ്രത്തിനടിയിൽ കണ്ടെത്തിയിരിക്കുകയാണ് കലിഫോര്‍ണിയയിലെ ഷ്മെറ്റ് ഓഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമുദ്രഗവേഷകര്‍. ചിലെ തീരത്ത് നിന്നും 1448 കിലോമീറ്റര്‍ അകലെയായി പസഫിക് സമുദ്രത്തിലാണ് ഈ കൂറ്റന്‍ സമുദ്രപര്‍വതം സ്ഥിതി ചെയ്യുന്നത്. 28 ദിവസത്തെ പര്യവേഷണത്തിലാണ് പർവതം കണ്ടെത്തിയത്.
സമുദ്രത്തിന്‍റെ അടിത്തട്ടില്‍ നിന്നും 3,109 മീറ്ററാണ് സമുദ്രപര്‍വതത്തിന്‍റെ ഉയരം. സമുദ്രാന്തര്‍ മലനിരകളുടെ ഭാഗമായുള്ളതാണ് ഈ പര്‍വതമെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. പവിഴപ്പുറ്റുകളും, അത്യപൂര്‍വമായ സമുദ്ര ജീവികളും, അപൂര്‍വയിനം കൂന്തലുകളുമെല്ലാം ചേര്‍ന്ന പ്രദേശമാണിത്.
സമുദ്രാന്തര്‍വാഹിനിയുടെ വശത്ത് സ്ഥാപിച്ച സോണാര്‍ സംവിധാനത്തിന്‍റെ സഹായത്തോടെയാണ് ഗവേഷകർ പർവതത്തിന്റെ വിശദാംശങ്ങൾ കണ്ടെത്തിയത്. സമുദ്രത്തിനടിയിലേക്ക് പോയ ശബ്ദ തരംഗങ്ങള്‍ തിരികെ ഉപരിതലത്തിലേക്കും തിരിച്ചും സഞ്ചരിക്കുന്നുണ്ട്. ഈ ശബ്ദതരംഗങ്ങള്‍ താഴേത്തട്ടിലെത്തി മടങ്ങിവരാന്‍ എടുക്കുന്ന സമയം കണക്കുകൂട്ടിയാണ് ശാസ്ത്രജ്ഞര്‍ വിശദമായ രൂപം തയാറാക്കിയതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ എക്സിക്യുട്ടീവ് ഡയറക്ടറായ ജ്യോതിക വീര്‍മണി പറഞ്ഞു. പര്‍വതത്തിന്‍റെ അടിത്തട്ടിന്‍റെ 26 ശതമാനം ഭാഗം മാത്രമാണ് ഇത്തരത്തില്‍ നിലവില്‍ മാപ്പ് ചെയ്യാന്‍ കഴിഞ്ഞത്. ശേഷിക്കുന്ന 71 ശതമാനവും ഭൂമിയുടെ ഉപരിതലത്തിലാണ്.