ADVERTISEMENT

പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുന്ന സമയത്ത് ഏറ്റവുമധികം ബുദ്ധിമുട്ട് അനുഭവിക്കുന്നത് മനുഷ്യനെക്കാൾ ഉപരി മൃഗങ്ങളാണ്. വീട്ടിൽ വളർത്തുന്ന മൃഗങ്ങളുടെ കാര്യമാണെങ്കിൽ പറയുകയും വേണ്ട. രക്ഷപ്പെടാനുള്ള ശ്രമങ്ങൾക്കിടയിൽ കൂട്ടിൽ കിടക്കുന്ന നായയെ അഴിച്ചുവിടാൻ പോലും മറന്നുപോകുന്ന വാർത്തകളും നാം കാണാറുണ്ട്. എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി മനുഷ്യരുടെ ജീവൻ പോലെതന്നെ പ്രാധാന്യം നൽകി പ്രായം ചെന്ന ഒരു നായയെ വെള്ളപ്പൊക്കത്തിൽ നിന്നും നാട്ടുകാർ രക്ഷിക്കുന്നതിന്റെ കാഴ്ചയാണ് ഗുജറാത്തിൽ നിന്നും പുറത്തു വരുന്നത്. 

വഡോദരയിൽ നിന്നുമാണ് ദൃശ്യം പകർത്തിയിരിക്കുന്നത്. വലിയ രീതിയിൽ വെള്ളക്കെട്ട് ഉണ്ടായതിനെത്തുടർന്ന് രക്ഷപ്പെടാനാവാതെ കുടുങ്ങിക്കിടക്കുകയായിരുന്നു ലാബ്രഡോർ ഇനത്തിൽപ്പെട്ട നായ. ഭയന്ന് നിൽക്കുന്ന നായയുടെ അവസ്ഥ കണ്ട് പ്രദേശവാസികളായ യുവാക്കൾ തന്നെയാണ് അതിനെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയത്. നെഞ്ചോളം എത്തിയ വെള്ളത്തിലൂടെ ഭാരമുള്ള നായയെ കൈകളിൽ എടുത്തുകൊണ്ടു പോകുന്നത് പ്രായോഗികമല്ല എന്ന് തിരിച്ചറിഞ്ഞതോടെ ഇവർ മറ്റു മാർഗങ്ങൾ തേടി. ഒടുവിൽ ഒരു ചെറുകട്ടിൽ കണ്ടെത്തി അതിനുമുകളിൽ നായയെ കയറ്റിയ ശേഷം ഒൻപത് പേർ ചേർന്ന് ഉയർത്തിക്കൊണ്ടു പോവുകയായിരുന്നു.

ദുരന്തം ഉണ്ടാകുന്ന സമയത്ത് സ്വന്തം കാര്യം മാത്രം നോക്കി പോകാതെ സഹജീവികളെയും ഒരുപോലെ പരിഗണിക്കണമെന്ന് ഓർമപ്പെടുത്തുന്ന ദൃശ്യങ്ങൾ ഒന്നരലക്ഷത്തോളം ആളുകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ കണ്ടുകഴിഞ്ഞു. മനുഷ്യത്വം ഭൂമിയിൽ നിന്നും വറ്റി പോയിട്ടില്ല എന്ന് പ്രത്യാശ തരുന്ന കാഴ്ച എന്നാണ് ഭൂരിഭാഗം ആളുകളും കമന്റ് ബോക്സിൽ പ്രതികരിക്കുന്നത്. പ്രായമായ മനുഷ്യരെ പോലും സമൂഹം അവഗണിക്കുന്ന കാലത്ത് ഇത്രയും പ്രായം ചെന്ന നായയോട് കരുണ കാണിച്ച യുവതലമുറ മാതൃകയാണെന്നും കമന്റുകൾ ഉണ്ട്.

ഗുജറാത്തിന്റെ പല ജില്ലകളിലും ശക്തമായ വെള്ളപ്പൊക്കമാണ് ഉണ്ടായത്. നൂറുകണക്കിന് വീടുകളും വെള്ളത്തിനടിയിലായി. ഓഗസ്റ്റ് 25ന് ആരംഭിച്ച മിന്നൽ പ്രളയത്തിൽ നാൽപ്പതിനടുത്ത് ആളുകളുടെ ജീവൻ നഷ്ടപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. നാശനഷ്ടത്തിന്റെ വ്യാപ്തി വെളിവാക്കുന്ന ധാരാളം ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കപ്പെട്ടിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com