‘യാഗി’ ഇഫക്ട്: വേഗത്തിൽ പോകുന്ന വാഹനങ്ങൾ, പൊടുന്നനെ പാലം നദിയിലേക്ക്; ഞെട്ടിക്കും ഡാഷ്ക്യാമറ ദൃശ്യം
Mail This Article
യാഗി കൊടുങ്കാറ്റിൽ ചൈനയിലും വിയറ്റ്നാമിലും കനത്ത നാശനഷ്ടമാണ് ഉണ്ടായത്. നിരവധി കെട്ടിടങ്ങളും പാലങ്ങളും റോഡുകളും തകർന്നടിഞ്ഞിരുന്നു. യാഗി ചുഴലിക്കാറ്റിന്റെ ഭീകരത എത്രത്തോളമെന്ന് തിരിച്ചറിയുന്ന ഒരു ദൃശ്യം ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വിയറ്റ്‌നാമിലെ ഒരു പാലം തകർന്ന് നദിയിലേക്ക് വീഴുന്നതിന്റെ ഡാഷ്ക്യാമറ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
തിങ്കളാഴ്ചയാണ് അപകടം. ഫ തോ പ്രവിശ്യയയിലെ തിരക്കേറിയ പാലമാണ് ഫോങ് ചൗ പാലമാണ് കുത്തിയൊഴുകുന്ന നദിയിലേക്ക് പൊട്ടിവീണത്. ഈ സമയം വാഹനങ്ങൾ കടന്നു പോകുന്നുണ്ടായിരുന്നു. പത്ത് കാറുകളും 2 സ്കൂട്ടറും ട്രക്കും ഉൾപ്പെടെ നദിയിലേക്ക് വീണു. 1230 അടി നീളമുള്ള പാലത്തിന്റെ ഒരു ഭാഗമാണ് തകർന്നത്.
നദിയിൽ വീണ ട്രക്കിനു തൊട്ടുപിന്നിലുണ്ടായിരുന്ന ബൈക്ക് യാത്രക്കാരൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തൊട്ടുപിന്നാലെ ഉണ്ടായിരുന്ന കാറിന്റെ ഡാഷ് ക്യാമറയിൽ നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്. മൂന്നുപേരെ രക്ഷപ്പെടുത്തി. 13 പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. പാലത്തിന്റെ പൊളിഞ്ഞ ഭാഗം പൂർത്തീകരിക്കാനായി സൈന്യം താൽക്കാലിക പാലം നിർമിക്കാനുള്ള ശ്രമത്തിലാണ്.
ഏഷ്യയിൽ ഈ വർഷം ഉണ്ടായ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റായിരുന്നു യാഗി. മണിക്കൂറിൽ 203 കിലോമീറ്റർ വേഗതയിലാണ് കൊടുങ്കാറ്റ് വിയറ്റ്നാമിൽ കരതൊട്ടത്. അതിനുമുൻപ് തന്നെ അമ്പതിനായിരത്തിലധികം പേരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിരുന്നു. എങ്കിലും ചുഴലിക്കാറ്റുമായി ബന്ധപ്പെട്ടുള്ള അപകടങ്ങളിൽ 240ലധികം ജീവനുകൾ നഷ്ടപ്പെട്ടു. 15 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് വൈദ്യുതി മുടങ്ങിയിരുന്നു.