ADVERTISEMENT

ഏത് ജീവിയായാലും മരണത്തിൽ നിന്നും ഒളിച്ചോടാനാവില്ല. എന്നാൽ അതിനും കഴിവുള്ള ചുരുക്കം ചില ജീവികളും ഭൂമിയിലുണ്ട്. ജപ്പാനിൽ കണ്ടുവരുന്ന ഒരിനം ഈലുകളും മരണത്തെ തോൽപ്പിക്കാൻ കഴിവുള്ള വിരുതന്മാരിൽ ഉൾപ്പെടുന്നു. വിഴുങ്ങിയ മത്സ്യത്തിന്റെ വയറിനുള്ളിൽ നിന്നും നിസ്സാരമായി രക്ഷപെടാൻ ഇവയ്ക്ക് സാധിക്കും. ഇവയുടെ രക്ഷപ്പെടൽ തന്ത്രം എങ്ങനെയെന്ന് നിരീക്ഷണത്തിലൂടെ കണ്ടെത്തിയിരിക്കുകയാണ് ജീവശാസ്ത്രജ്ഞന്മാർ. 

ആംഗ്വില്ല ജപ്പോനിക്ക എന്ന ശാസ്ത്രനാമത്തിലാണ് ഈ ഈലുകൾ അറിയപ്പെടുന്നത്. വിഴുങ്ങിയ മത്സ്യത്തിന്റെ ആമാശയത്തിൽ എത്തിയശേഷം അവിടെ നിന്നും ഇവ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. ഡാർക്ക് സ്ലീപ്പർ ഫിഷ് എന്നറിയപ്പെടുന്ന ഇരപിടിയൻ മത്സ്യത്തിന്റെ വയറ്റിൽ നിന്നും ഈലുകൾ രക്ഷപ്പെട്ട് പുറത്തുവരുന്നത് എക്സ് റേ വിഡിയോ ഉപയോഗിച്ചാണ് ഗവേഷകർ നിരീക്ഷിച്ചത്. ഈലുകളുടെ ഈ പെരുമാറ്റവും രക്ഷപ്പെടാനുള്ള തന്ത്രവും ഇത് ആദ്യമായാണ് ഒരു പഠനത്തിലൂടെ നിരീക്ഷിക്കപ്പെടുന്നത് എന്ന് നാഗസാക്കി സർവകലാശാലയിലെ സമുദ്രജീവി ശാസ്ത്രജ്ഞന്മാരായ യുഹ ഹസേഗാവയും യൂക്കി കവബാറ്റയും പറയുന്നു.

ഇരയുടെ വായിൽ അകപ്പെട്ട് ആമാശയത്തിൽ എത്തിയശേഷം രക്ഷപ്പെടാൻ കഴിവുള്ള ഒരേയൊരു മത്സ്യ ഇനം നിലവിൽ ഈ ഈലുകളാണ്. മീനിന്റെ ചെകിളയിലൂടെയാണ് ഈലുകളുടെ ജയിൽ ചാട്ടം. ആമാശയത്തിൽ എത്തിയശേഷം അവിടെ നിന്നും വട്ടംചുറ്റി വരുന്ന ഈലുകൾ അവയുടെ വാൽഭാഗം വിഴുങ്ങിയ മത്സ്യത്തിന്റെ അന്നനാളത്തിലേയ്ക്ക് കടത്തിവിടും. അതേ നിലയിൽ പിന്നിലേക്ക് വഴുതി നീങ്ങുന്ന അവയ്ക്ക് സാവധാനം വാൽ ചെകിള ഭാഗത്തേക്ക് നീക്കി ആദ്യം ശരീരം മുഴുവനും പിന്നീട് തലയും പുറത്തെത്തിക്കാൻ സാധിക്കും. യാതൊരുവിധത്തിലും മുറിവുകളോ കേടുപാടുകളോ കൂടാതെയാണ് ഇവ മത്സ്യത്തിന്റെ വയറ്റിൽ നിന്നും ജീവനോടെ പുറത്തുവരുന്നത്. 

ഇവ വളരെ എളുപ്പത്തിൽ രക്ഷപ്പെടുന്നതായി മുൻപ് തന്നെ കണ്ടെത്തിയിട്ടുണ്ടെങ്കിലും അതിന് സ്വീകരിക്കുന്ന മാർഗ്ഗം എങ്ങനെയാണെന്ന് ഇതുവരെ വെളിവായിരുന്നില്ല. ഇത് കണ്ടെത്താനായി ലാബിൽ പ്രത്യേകമായി വളർത്തിയെടുത്ത ഈലുകളെയാണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. ശൈശവാവസ്ഥയിലുള്ള ഈലുകളിൽ ബേരിയം സൾഫേറ്റ് കുത്തിവച്ചു. എക്സ്-റേ ഇമേജിങ്ങിൽ ഇവയെ കൃത്യമായി കാണുന്നതിനു വേണ്ടിയായിരുന്നു ഈ നടപടി. പിന്നീട് ഇവയെ ഓരോന്നിനെയായി ഡാർക്ക് സ്ലീപ്പർ മത്സ്യത്തെ പാർപ്പിച്ചിരിക്കുന്ന ടാങ്കിനുള്ളിൽ നിക്ഷേപിച്ചു.

32 ഈലുകളെയാണ് ഡാർക്ക് സ്ലീപ്പറിന് ഭക്ഷണമായി നൽകിയത്. അവയിൽ 13 എണ്ണവും പുറത്തു വരാനുള്ള വഴി കണ്ടെത്തി രക്ഷപ്പെടാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ ഒൻപത് എണ്ണത്തിനാണ് കൃത്യമായി ചെകിളയിലൂടെ പുറത്തു വരാനും തിരികെ ജീവിതത്തിലേയ്ക്ക്  മടങ്ങാനും സാധിച്ചത്. മത്സ്യത്തിന്റെ വായിൽ എത്തിയശേഷം ഈലുകൾ നേരെ ചെകിള വഴി പുറത്തുവരികയാണെന്നായിരുന്നു മുൻപ് ഗവേഷകർ കരുതിയത്. എന്നാൽ ആമാശയത്തിൽ എത്തിയ ശേഷമാണ് അവ രക്ഷ നേടുന്നത് എന്നത് അത്ഭുതപ്പെടുത്തുന്ന വസ്തുതയാണെന്ന് ഗവേഷകർ പറയുന്നു. 

എന്നാൽ രക്ഷപ്പെടാനാവാതെ ആമാശയത്തിൽ കുടുങ്ങിപ്പോയവയും ഏതാനും നിമിഷങ്ങൾ ജീവനോടെ അവിടെ തുടരുന്നതായും നിരീക്ഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കടന്നു പോകുന്ന ഓരോ സെക്കൻഡിലും രക്ഷപെടാനുള്ള ശ്രമങ്ങളാണ് അവ നടത്തിയിരുന്നത്. ശരാശരി 211 സെക്കൻഡ് നേരം ആമാശയത്തിൽ അവ ജീവനോടെ കഴിഞ്ഞതായി കണ്ടെത്തി. മസിലുകളുടെ ആരോഗ്യവും ഉയർന്ന രീതിയിൽ അസിഡിക്കായുള്ള പരിതസ്ഥിതിയോട് പൊരുത്തപ്പെടാനും എളുപ്പത്തിൽ വഴുതി നീങ്ങാനുമുള്ള കഴിവുമാണ് ഈലുകളുടെ രക്ഷപ്പെടൽ തന്ത്രത്തിൽ പ്രധാനമെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com