രണ്ട് ജീവികൾ കൂടിച്ചേർന്ന് ഒരു ജീവിയാകും; സമുദ്രാന്തർഭാഗത്തെ അദ്ഭുത ബലൂണുകൾ
Mail This Article
സമുദ്രത്തിലെ അദ്ഭുതജീവികളായ കോംബ് ജെല്ലികൾ പരുക്ക് പറ്റുന്ന സാഹചര്യത്തിൽ രണ്ടു ജീവികൾ ചേർന്ന് ഒരു ജീവിയായി മാറാൻ സാധിക്കുമെന്നു പുതിയ പഠനം. എക്‌സിറ്റർ സർവകലാശാല, ജപ്പാനിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട്‌സ് ഓഫ് നാച്ചുറൽ സയൻസസ് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. ലബോറട്ടറി സംവിധാനത്തിൽ വളരുന്ന കോംബ് ജെല്ലികളെ നിരീക്ഷിച്ചപ്പോഴാണ് ഈ കാര്യം ശാസ്ത്രജ്ഞർക്ക് മനസ്സിലായത്.
വളരെ അപൂർവജീവികളായ കോംബ് ജെല്ലികൾ സമുദ്രത്തിലെ ആഴമേറിയ ഭാഗങ്ങളിൽ വസിക്കുന്നതിനാൽ കണ്ടെത്താൻ വലിയ ബുദ്ധിമുട്ടാണ്. നൂലുപൊട്ടിയ ഹൈഡ്രജൻ ബലൂണുകൾ പറന്നു പൊങ്ങുന്നതു പോലെയാണ് ഈ ജെല്ലി ജീവികളുടെ സഞ്ചാരം. കടലിന്റെ അടിത്തട്ടിനു രണ്ടു മീറ്റർ മുകളിലായാണ് ഇവ നിലനിൽക്കുന്നത്. കടൽജീവികളുടെ മുട്ടകളും ചെറുകക്കകളുമൊക്കെയാണ് ഈ ജീവികളുടെ ആഹാരം.
ജന്തുപരിണാമത്തിൽ സവിശേഷ സ്ഥാനമുള്ള ജീവികളാണ് കോംബ് ജെല്ലികൾ. കടൽജീവികളിൽ നിന്നു മൃഗങ്ങളിലേക്കുള്ള പരിണാമത്തിനു തുടക്കം കുറിച്ചത് കോംബ് ജെല്ലികളിലാണെന്നു ഗവേഷകരുടെ വാദമുണ്ട്. ഇതു ശരിയാണെങ്കിൽ മനുഷ്യൻ ഉൾപ്പെടുന്ന ഭൂമിയിലെ മൃഗകുടുംബത്തിന്റെയെല്ലാം പൊതു പൂർവികനാണു കോംബ് ജെല്ലി. മറ്റൊരു പ്രശസ്ത സമുദ്രജീവിയായ ജെല്ലിഫിഷുമായി സാമ്യമുണ്ടെങ്കിലും കോംബ് ജെല്ലികൾക്ക് ഇവയുമായി ബന്ധമൊന്നുമില്ല. ഇപ്പോൾ കണ്ടെത്തിയതുൾപ്പെടെ 150 തരം കോംബ് ജെല്ലികൾ കടലിലുണ്ടെന്നാണു കണക്ക്. ഇവ പ്രകാശത്തെ വക്രീകരിച്ചു വിവിധ നിറങ്ങൾ സമുദ്രത്തിൽ സൃഷ്ടിക്കാറുണ്ട് .ഇവ കടലിൽ സഞ്ചരിക്കാൻ ഉപയോഗിക്കുന്ന ചീർപ്പു പോലെയുള്ള ശരീരഭാഗത്തിൽ നിന്നാണു കോംബ് ജെല്ലി എന്ന പേര് ലഭിച്ചത്.
കോംബ് ജെല്ലികൾ മനുഷ്യർക്ക് ഉപദ്രവം ചെയ്യുകയോ ആക്രമിക്കുകയോ ചെയ്യാറില്ല. എന്നാൽ ഇവ പലപ്പോഴും കപ്പലുകളുടെ അടിത്തട്ടിൽ ഒട്ടിച്ചേർന്ന് പുതിയ മേഖലകളിൽ എത്താറുണ്ട്. ഇവിടെ ഇവ പെരുകുകയും അവിടത്തെ തദ്ദേശീയമായ മത്സ്യങ്ങളുടെ മുട്ടകൾ തിന്നൊടുക്കുകയും ചെയ്യും. ഇത്തരത്തിൽ മത്സ്യബന്ധന മേഖലയ്ക്കും കടലിലെ ജൈവവൈവിധ്യത്തിനും ചിലപ്പോഴൊക്കെ ഇവ ഹാനികരമാകാറുണ്ട്.
1982ൽ അറ്റ്‌ലാന്റിക്കിൽ നിന്നുള്ള എണ്ണക്കപ്പലുകളോടൊപ്പം എം.ലെയ്‌ഡെയ് എന്നു ശാസ്ത്രീയനാമമുള്ള ഒരു പറ്റം കോംബ് ജെല്ലികൾ കരിങ്കടലിൽ എത്തിയിരുന്നു. ഇവ പെരുകിയതു മൂലം 1997 വരെ ഇവിടെ വലിയ തോതിൽ പ്രതിസന്ധി നിലനിന്നിരുന്നു.