തെരുവുനായകൾക്ക് ‘താജ് ഹോട്ടൽ’ ഭക്ഷണം; അരുമയ്ക്ക് അസുഖമായതിനാൽ ചാൾസ് രാജാവിന്റെ പുരസ്കാരം നിഷേധിച്ച ടാറ്റ
Mail This Article
സഹജീവി സ്നേഹത്തിന്റെയും തനിക്ക് ചുറ്റുമുള്ള എന്തിനോടുമുള്ള കരുതലിന്റെയും കരുണയുടെയുമൊക്കെ ആൾരൂപമായിരുന്നു രത്തൻ ടാറ്റ. അദ്ദേഹത്തിന്റെ വിയോഗവാർത്ത പുറത്തുവന്നപ്പോൾ ഇന്ത്യൻ ജനത ഒന്നാകെ കണ്ണീരണിഞ്ഞത്, ഒരു വ്യവസായി എന്നതിനപ്പുറം തന്റെ ജീവിതരീതിയും പെരുമാറ്റവുംകൊണ്ട് ജനഹൃദയങ്ങളിൽ അദ്ദേഹം ചെലുത്തിയ സ്വാധീനം കൊണ്ടാണ്. എന്നാൽ നിരാലംബരും അശരണരുമായ മനുഷ്യരെ മാത്രമല്ല ഈ പ്രകൃതിയിലെ സർവ്വതിനെയും ടാറ്റ ഹൃദയത്തോട് ചേർത്തുവച്ചിരുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നായകളോട് എക്കാലവും അദ്ദേഹം കാണിച്ചിരുന്ന കരുതൽ.
വൻകിട ബിസിനസുകാരും സെലിബ്രിറ്റികളുമൊക്കെ കുടുംബാംഗങ്ങളെ പോലെ നായകളെ ഒപ്പം കൂട്ടാറുണ്ടെങ്കിലും ടാറ്റയ്ക്ക് അവരോടുള്ള അടുപ്പം അങ്ങനെയായിരുന്നില്ല. വളർത്തുനായകളെപ്പോലെ തന്റെ കണ്ണിനു മുന്നിൽപ്പെടുന്ന എല്ലാ തെരുവ് നായകളോടും അദ്ദേഹം വാത്സല്യത്തോടെയാണ് പെരുമാറിയത്. മുംബൈയിലെ തന്റെ വസതിയുടെ വാതിലുകൾ അദ്ദേഹം തെരുവുനായ്കൾക്ക് മുന്നിൽ തുറന്നിട്ടു. പത്തോളം തെരുവ് നായകൾക്കാണ് ഇവിടെ ആശ്രയം ഒരുങ്ങിയത്. തടിയിൽ തീർത്ത കൂടുകളും താജ് ഹോട്ടലിൽ നിന്നുള്ള ഭക്ഷണവുമൊക്കെയായി രാജകീയ ജീവിതം ആസ്വദിക്കുകയാണ് ഈ തെരുവ് നായകൾ. ബോംബെ ഹൗസിലൂടെ യഥേഷ്ടം വിഹരിക്കുന്ന ഇവയെ പരിപാലിക്കാനായി പ്രത്യേക ജീവനക്കാർ പോലുമുണ്ട്.
ബോംബെ ഹൗസ് പുതുക്കിപ്പണിയാമെന്ന ആശയവുമായി ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ സമീപിച്ചപ്പോഴും ടാറ്റയുടെ ആദ്യ ചോദ്യം നായകൾ എന്തുചെയ്യും എന്നുള്ളതായിരുന്നു. കെട്ടിടത്തിന് വരുന്ന മാറ്റങ്ങൾക്കും അതിനുവേണ്ടി വരുന്ന ചിലവുകൾക്കുമൊക്കെ അദ്ദേഹത്തിന്റെ മനസ്സില്‍ രണ്ടാം സ്ഥാനം മാത്രമാണ് ഉണ്ടായിരുന്നത്. ഒടുവിൽ നായകൾക്കായി പ്രത്യേക സംവിധാനം ഒരുക്കാം എന്ന ആശയം അറിഞ്ഞതോടെയാണ് നവീകരണ പ്രവർത്തനങ്ങൾക്ക് അദ്ദേഹം അനുമതി നൽകിയത്. നവീകരണം നടന്ന ശേഷം ടാറ്റ ആദ്യം കാണാൻ ആഗ്രഹിച്ചതും ഈ കൂടായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹത്തിനൊത്തവിധത്തിൽ പ്രത്യേക കിടക്കകളും കുളിപ്പിക്കാനുള്ള സൗകര്യങ്ങളുമെല്ലാം ഉൾപ്പെടുത്തിയാണ് കൂട് നിർമിച്ചത്.
തനിക്ക് മുന്നിലെത്തിയ വലിയ ബഹുമതികളെ പോലും നായകൾക്കുവേണ്ടി ടാറ്റ മാറ്റിവച്ചിട്ടുണ്ട്. 2018ൽ ചാൾസ് രാജകുമാരൻ രത്തൻ ടാറ്റയ്ക്ക് മനുഷ്യസ്നേഹത്തിനുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നൽകാൻ തീരുമാനിച്ചിരുന്നു. ബക്കിങ്ഹാം കൊട്ടാരത്തിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. എന്നാൽ എല്ലാ തയ്യാറെടുപ്പുകളും നടത്തിയെങ്കിലും അവസാന നിമിഷം പുരസ്കാരം വാങ്ങാൻ എത്താനാവില്ലെന്ന് ടാറ്റ അറിയിച്ചു. തന്റെ പ്രിയപ്പെട്ട വളർത്തുനായകളിൽ ഒന്നിന് കടുത്ത അസുഖബാധ ഉണ്ടായതായിരുന്നു കാരണം.
ടാംഗോ, ടിറ്റോ എന്നീ വളർത്തു നായകളാണ് ആ സമയത്ത് ടാറ്റയ്ക്കൊപ്പം വസിച്ചിരുന്നത്. അസുഖം ബാധിച്ച നായയ്ക്കരികിൽ നിന്നും മാറി നിൽക്കാൻ ടാറ്റയുടെ മനസ്സ് അനുവദിച്ചില്ല. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പുരസ്കാരം പോലും മറന്ന് അദ്ദേഹം തന്റെ വളർത്തു നായയ്ക്ക് കൂട്ടിരുന്നു. ടാറ്റ പുരസ്കാരത്തിന് എത്താതിരുന്നതിന്റെ കാരണമറിഞ്ഞ ചാൾസ് കുമാരൻ അദ്ദേഹം ഒരു യഥാർഥ മനുഷ്യനാണെന്നായിരുന്നു പറഞ്ഞത്.
രത്തൻ ടാറ്റയുടെ ഏറ്റവും പ്രിയപ്പെട്ട വളർത്തു നായയായ ഗോവയാണ്. 11 വർഷങ്ങൾക്കു മുൻപ് ഒരു ഗോവ യാത്രയിൽ ലഭിച്ചതിനാലാണ് നായയ്ക്ക് ഗോവ എന്നുതന്നെ ടാറ്റ പേര് നൽകിയത്. യാത്രക്കിടെ അദ്ദേഹത്തിന്റെ പിന്നാലെ കൂടിയ നായയുടെ സ്നേഹവും വിശ്വാസ്യതയും കണ്ട് അതിനെ ബോംബെ ഹൗസിലേയ്ക്ക് അദ്ദേഹം എത്തിക്കുകയായിരുന്നു. ടാറ്റയുടെ മൃതശരീരത്തിനരികിൽ നിന്നും മാറാൻ കൂട്ടാക്കാതെ നിലയുറപ്പിച്ച ഗോവ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
രത്തന്‍ ടാറ്റയുടെ നേതൃത്വത്തിലുള്ള ടാറ്റ ട്രസ്റ്റ് സൗത്ത് സെന്‍ട്രല്‍ മുംബൈയിലെ മഹാലക്ഷ്മിയില്‍ മൃഗങ്ങള്‍ക്കായി ആശുപത്രി തന്നെ നിർമിച്ചിട്ടുണ്ട്. തന്റെ നായകളിൽ ഒന്നിന്റെ ശാസ്ത്രക്രിയയ്ക്കായി യുഎസിലെ ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നതും ചികിത്സ വൈകിയതിനെ തുടർന്ന് അതിന്റെ കാല് മുറിച്ചു നീക്കേണ്ടി വന്നതുമാണ് ഇങ്ങനെയൊരു ആശുപത്രി തുടങ്ങാനുള്ള തീരുമാനത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. ടാറ്റ മോട്ടോഴ്സ് സുരക്ഷാ വിഭാഗത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന നായകൾക്കായി ശ്മശാനം ഒരുക്കിയതും വേർതിരിവില്ലാത്ത അദ്ദേഹത്തിന്റെ സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകയാണ്. ഓരോ ശ്വാസത്തിലും സകല ജീവജാലങ്ങളോടുമുള്ള പരിഗണന നിറച്ച ടാറ്റയുടെ വിയോഗം ഇന്ത്യയിലെ മനുഷ്യർക്ക് മാത്രമല്ല അദ്ദേഹത്തിന്റെ സ്നേഹത്തിന്റെ ചൂട് അറിഞ്ഞ ജീവജാലങ്ങൾക്കും വേദനയാവുകയാണ്.