ADVERTISEMENT

ഈജിപ്തിലെ പിരമിഡുകൾ അവയുടെ ചരിത്ര പ്രാധാന്യംകൊണ്ട് ഏറെ പ്രാധാന്യമർഹിക്കുന്നുണ്ട്. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കം ചെന്ന ഈ നിർമിതികൾക്ക് യാതൊരു കോട്ടവും തട്ടരുതെന്ന ഉദ്ദേശത്തോടെ സന്ദർശകർക്ക് കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇത്തരം നിയന്ത്രണങ്ങൾ മറ്റു ജീവജാലങ്ങളുടെ കാര്യത്തിൽ സാധ്യമാകുമോ? ഇല്ല എന്ന് തെളിയിക്കുന്ന ഒരു വിഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. ഗിസയിലെ ഒരു കൂറ്റൻ പിരമിഡിന്റെ ഏറ്റവും മുകൾ ഭാഗത്ത് കയറി നിലയുറപ്പിച്ചിരിക്കുന്ന ഒരു നായയാണ് വിഡിയോയിൽ ഉള്ളത്.

പ്രഫഷനൽ സാഹസികനായ മാർഷൽ മോഷറാണ് അസാധാരണമായ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. ഈജിപ്തിൽ പാരാ മോട്ടറിങ്ങ് നടത്തുന്നതിനിടെ അവിചാരിതമായി അദ്ദേഹം പിരമിഡിന് മുകളിൽ യഥേഷ്ടം വിഹരിക്കുന്ന നായയെ കണ്ടെത്തുകയായിരുന്നു. പിരമിഡ് ഓഫ് ചെഫ്രൻ എന്നറിയപ്പെടുന്ന ഖഫ്രെ പിരമിഡിന് മുകളിലാണ് നായ വലിഞ്ഞു കയറിയത്. ഗിസ പീഠഭൂമിയിലെ പ്രശസ്തമായ മൂന്ന് പിരമിഡുകളിൽ രണ്ടാമത്തെ വലിയ പിരമിഡാണ് ചെഫ്രെൻ പിരമിഡ്. 2570 ബിസിയിൽ ഫറവോൻ ഖഫ്രെയുടെ ഭരണകാലത്ത് നിർമിക്കപ്പെട്ട പിരമിഡിന് 136 മീറ്റർ ഉയരമുണ്ട്.

കണ്ടെത്തുമ്പോൾ നായ ചെങ്കുത്തായ പിരമിഡിന്റെ ഏറ്റവും മുകളിൽ നിലയുറപ്പിച്ചിരിക്കുകയായിരുന്നു. ഈ കാഴ്ച കണ്ട മാർഷൽ ഉടൻ തന്നെ അതിന്റെ ദൃശ്യങ്ങളും പകർത്തി. പിരമിഡിന്റെ സങ്കീർണമായ കെട്ടുകൾ കടന്ന് നായ എങ്ങനെ ഇതിനു മുകളിൽ എത്തി എന്ന അത്ഭുതമായിരുന്നു മാർഷലിന്. നായയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ കാഴ്ച കണ്ടവരും അതേ അമ്പരപ്പാണ് പ്രകടിപ്പിച്ചത്. ഇത്രയും വലിയ കട്ടകൾക്ക് മുകളിലൂടെ ഇത്രയധികം ഉയരത്തിൽ ഒരു കാരണവശാലും നായക്ക് തനിച്ച് എത്താൻ കഴിയില്ല എന്നായിരുന്നു ആളുകളുടെ പ്രതികരണം. ഏതെങ്കിലും തരത്തിൽ മനുഷ്യർ തന്നെ നായയെ പിരമിഡിനു മുകളിൽ എത്തിച്ച് ഉപേക്ഷിച്ചതാവാം എന്നും അഭിപ്രായങ്ങൾ ഉയർന്നു.

പിരമിഡിനു മുകളിൽ നായ കയറുന്നത് അസാധ്യമാണെന്ന് വിലയിരുത്തപ്പെട്ടതോടെ വിഡിയോയുടെ ആധികാരികത വരെ ചോദ്യം ചെയ്യപ്പെടുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തി. മറ്റുചിലരാകട്ടെ ഏതുവിധത്തിലാണെങ്കിലും നായ പിരമിഡിന് മുകളിൽ കുടുങ്ങിക്കിടക്കുകയാണെങ്കിൽ അതിന്റെ ജീവന് ആപത്തായിരിക്കുമെന്ന ആശങ്കയാണ് പ്രകടിപ്പിച്ചത്. സാധിക്കുമെങ്കിൽ അതിനെ രക്ഷിക്കണമെന്ന തരത്തിലുള്ള ആവശ്യങ്ങളും ഉയർന്നു. നായയെ കുറിച്ചുള്ള വാർത്തകൾ ചൂടുപിടിച്ചതോടെ അതിന്റെ അവസ്ഥയെന്താണെന്നറിയാൻ മാർഷൽ വീണ്ടും പിരമിഡിനരികിലേയ്ക്ക് സന്ദർശനം നടത്തി. എന്നാൽ ഇത്തവണ നായയെ കാണാനായില്ല. മൂന്നാമത്തെ ശ്രമത്തിൽ നായ നിഷ്പ്രയാസം പിരമിഡിൻ്റെ കെട്ടുകൾ ഇറങ്ങിവരുന്ന ദൃശ്യങ്ങളാണ് അദ്ദേഹം പകർത്തിയത്.

ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ നായ പിരമിഡിന് മുകളിൽ കയറുന്നത് പുതിയ കാര്യമല്ല എന്ന തരത്തിൽ ആളുകൾ പ്രതികരിച്ചു തുടങ്ങി. ആരുമറിയാതെ പിരമിഡിനു മുകളിൽ നായ താമസസ്ഥലം കണ്ടെത്തിയോ എന്നായിരുന്നു മറ്റൊരു കൂട്ടരുടെ സംശയം.  മനുഷ്യന് തൊടാൻ പോലുമാവാത്ത ഒന്ന് നിസ്സാരമായി കയ്യടക്കി വച്ചിരിക്കുന്ന നായയോട് ബഹുമാനം തോന്നുന്നു എന്നാണ് ചിലർ കമന്റുകളിൽ കുറിച്ചത്. നായ പിരമിഡിന് മുകളിൽ എത്താനും പിന്നീട് താഴേക്കിറങ്ങാനും എത്ര സമയം എടുക്കുന്നുണ്ടാവുമെന്ന് അറിയാനുള്ള കൗതുകം പ്രകടിപ്പിക്കുന്നവരും കുറവല്ല.

English Summary:

Dog Defies Gravity: Viral Video Shows Canine Atop Egypt's Great Pyramid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com