ശൈത്യമെത്തും മുൻപേ വിഷവായു നിറഞ്ഞു; പതഞ്ഞുപൊങ്ങി യമുന, ശ്വാസംമുട്ടി ഡൽഹി
Mail This Article
ശൈത്യകാലം ഡൽഹിക്ക് പേടി സ്വപ്നമാണ്. വായു ഗുണനിലവാര സൂചികകൾ ഏറ്റവും മോശപ്പെട്ട നിലയിൽ എത്തുന്ന സമയമാണിത്. എന്നാൽ ഇത്തവണ ശൈത്യകാലം എത്തുന്നതിന് മുൻപ് തന്നെ ഡൽഹി മലിനീകരണത്തിന്റെ പിടിയിൽ അമർന്നു കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. വായു ഗുണ നിലവാര സൂചിക (AQI) ഇതിനോടകം തന്നെ മോശം നിലവാരത്തിലാണ്. രാജ്യതലസ്ഥാനത്തെ പല മേഖലകളിലും പുകമഞ്ഞ് അനുഭവപ്പെടുന്നുണ്ട്. ഇതിനൊപ്പം ജലമലിനീകരണവും ഉയർന്ന നിലയിലായതോടെ വിഷം പതഞ്ഞ് യമുനാ നദി മൂടപ്പെട്ടതിന്റെ ദൃശ്യങ്ങളും പുറത്തുവരുന്നു.
രണ്ടു ദിവസങ്ങളിൽ ആനന്ദ് വിഹാർ മേഖലയിൽ 400നും മുകളിലാണ് എ ക്യു ഐ രേഖപ്പെടുത്തിയത്. ഏറ്റവും അപകടകരവും ഗുരുതരവുമായ സാഹചര്യമാണിത്. രോഹിണി, മുണ്ട്ക, ഷാലിമാർ മേഖലകളിലും സൂചിക 350 മുകളിലെത്തി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം എ ക്യു ഐ 200നും 300നും ഇടയിലുള്ള മേഖലകളിൽ നിന്നും അധികസമയം വായു ശ്വസിച്ചാൽ ശ്വാസതടസം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. 300നും 400നും ഇടയിലാണ് വായു ഗുണനിലവാരം എങ്കിൽ ശ്വസന സംബന്ധമായ രോഗങ്ങൾ പിടിപെട്ടെന്നു വരാം. ഡൽഹിയിലെ പല മേഖലകളിലും ജനങ്ങളുടെ ആരോഗ്യം അത്യന്തം ഭീഷണിയിലാണെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു.
ദീപാവലി ആഘോഷങ്ങളും ശൈത്യകാലവും അടുത്ത് വരുന്നതോടെ പ്രതീക്ഷയ്ക്ക് വകയില്ലാത്ത വിധം വായു ഗുണനിലവാരം താഴ്ന്ന് ഇനിയും റെക്കോർഡുകൾ തകർക്കും എന്നും ആശങ്കയുണ്ട്. ഒക്ടോബർ 15ന് 234 രേഖപ്പെടുത്തിയ വായു ഗുണനിലവാര സൂചിക വിരലിലെണ്ണാവുന്ന ദിവസങ്ങൾ കൊണ്ടാണ് അതീവ ഗുരുതര നിലവാരത്തിലേക്ക് എത്തിയത്. ഈ സാഹചര്യത്തിൽ വീടിനു പുറത്ത് ഇറങ്ങുന്നവർ N-95 മാസ്ക് ധരിക്കണമെന്ന നിർദേശമാണ് അധികൃതർ മുന്നോട്ട് വയ്ക്കുന്നത്. പുറത്തിറങ്ങിയുള്ള പ്രഭാത നടത്തവും വ്യായാമങ്ങളും വേണ്ടെന്നു വയ്ക്കണമെന്നും മുന്നറിയിപ്പ് നൽകുന്നു.
സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാൻ ശക്തമായ നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. വാഹനങ്ങൾ കർശന പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ട്. മാലിന്യങ്ങൾ തുറസായ ഇടങ്ങളിൽ കത്തിക്കുന്നതിനു വിലക്കുണ്ട്. ഡീസൽ ജനറേറ്ററുകൾ നിയന്ത്രിതമായി മാത്രമേ പ്രവർത്തിപ്പിക്കാൻ പാടുള്ളൂ. വ്യവസായ സംരംഭങ്ങളിൽ നിന്നും പവർ പ്ലാന്റുകളിൽ നിന്നുമുള്ള കാർബൺ ബഹിർഗമനത്തിന് നിയന്ത്രണമുണ്ട്. 500 ചതുരശ്ര മീറ്ററിന് മുകളിലുള്ള സ്വകാര്യ നിർമാണ പദ്ധതികൾക്ക് നിരോധിച്ചു. പത്തുവർഷത്തിനു മുകളിൽ പഴക്കമുള്ള ഡീസൽ - പെട്രോൾ വാഹനങ്ങൾ ഉപയോഗിക്കാൻ പാടില്ല. ഇതിനുപുറമേ സിഗ്നൽ കാത്തു കിടക്കുന്ന സമയത്ത് വാഹനങ്ങളുടെ എൻജിൻ ഓഫ് ചെയ്യണമെന്നും നിർദേശമുണ്ട്.
യമുനാ നദിയിൽ വെളുത്ത നിറത്തിൽ വിഷ നുരയുടെ വലിയ പാളിയാണ് രൂപപ്പെട്ടിരിക്കുന്നത്. വെള്ളത്തിനുമുകളിൽ കട്ടിയുള്ള മേഘങ്ങൾ നിറഞ്ഞുനിൽക്കുന്നതു പോലെയാണ് നിലവിൽ യമുനയുടെ അവസ്ഥ. പല മേഖലകളിൽ നിന്നായി പകർത്തിയ നദിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഉത്സവ സീസൺ അടുക്കുന്നതോടെ ഇത് ജനങ്ങളുടെ ആരോഗ്യം അപകടത്തിലാക്കും. യമുനയിൽ കാണുന്ന വിഷപ്പതയിൽ ഉയർന്ന അളവിൽ അമോണിയയും ഫോസ്ഫേറ്റുകളും അടങ്ങിയിട്ടുണ്ട് എന്ന് പാരിസ്ഥിതിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത് ശ്വാസകോശ രോഗങ്ങളും ചർമ്മ രോഗങ്ങളും അടക്കം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. മനുഷ്യർക്ക് പുറമേ ഈ മേഖലകളിൽ ജീവിക്കുന്ന മറ്റു ജീവജാലങ്ങളുടെ നിലനിൽപ്പും മലിനീകരണം മൂലം ഭീഷണിയിലാണ്.
സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിനും പരിഹരിക്കുന്നതിനും സർക്കാർ സജീവമായി നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ഭരണതലത്തിൽ നിന്നും അറിയിക്കുന്നു. നദിയിൽ ഡിഫോമറുകൾ വിതറി തുടങ്ങി. ഓഖ്‌ല, ആഗ്ര കനാൽ ബാരേജുകളിലെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ എഞ്ചിനീയർമാരെ നിയോഗിച്ചിട്ടുണ്ട്. ജലത്തിന്റെ അവസ്ഥ നിരന്തരം നിരീക്ഷിക്കുന്നതിനായി രണ്ടുമണിക്കൂർ ഇടവേളയിൽ കാളിന്ദി കുഞ്ചിൽ നിന്നുള്ള ചിത്രങ്ങൾ പകർത്തണമെന്നും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.