ബ്രഹ്മപുരം പോലെയല്ല, ഒറ്റ രാത്രികൊണ്ട് മാലിന്യം അപ്രത്യക്ഷം; കണ്ടുപഠിക്കണം സിംഗപ്പുരിനെ!
Mail This Article
മാലിന്യ സംസ്കരണത്തിന്റെ കാര്യത്തിൽ ഓരോ രാജ്യങ്ങളും വ്യത്യസ്ത രീതികളാണ് പിന്തുടരുന്നത്. പ്രതിദിനം ടൺ കണക്കിന് മാലിന്യങ്ങൾ ലഭിക്കുന്ന സാഹചര്യത്തിൽ പലപ്പോഴും അവ സംസ്കരിക്കുന്നതിൽ പിഴവ് സംഭവിക്കാറുണ്ട്. അങ്ങനെയൊരു സംഭവത്തിന് കേരളവും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റിന് തീപിടിച്ചപ്പോൾ കൊച്ചി നഗരം പുകയിൽ മൂടിയിരുന്നു. കൂടാതെ, വീടുകളിലെ മാലിന്യശേഖരണവും താറുമാറായി.
എന്നാൽ, മാലിന്യസംസ്കരണം ലോകം മാതൃകയാക്കേണ്ടത് സിംഗപ്പുരിനെയാണ്. ഒറ്റ രാത്രികൊണ്ടാണ് അവിടെ മാലിന്യം പൂർണമായും സംസ്കരിക്കപ്പെടുന്നത്. രാജ്യത്ത് ഓരോ ദിവസവും ഉണ്ടാകുന്ന ടൺ കണക്കിന് മാലിന്യം കാര്യക്ഷമമായ രീതിയിൽ സംസ്കരിക്കാന്‍ ശേഷിയുള്ള സംവിധാനങ്ങൾ അവിടെയുണ്ട്. ഇതുസംബന്ധിച്ച വിഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സംസ്കരണത്തിനുശേഷം ഇവ എങ്ങനെ പുനരുപയോഗിക്കുന്നുണ്ടെന്നും വ്യക്തമാക്കുന്നുണ്ട്.
മാലിന്യം കുറയ്ക്കുക, പുനരുൽപാദിപ്പിക്കുക, പുനരുപയോഗിക്കുക എന്നതാണ് സിംഗപ്പുരിന്റെ ലക്ഷ്യം. ദിവസം 2,000 ട്രക്ക് മാലിന്യമാണ് സിംഗപ്പുരിൽ ശേഖരിക്കുന്നതെന്ന് വിഡിയോയിൽ പറയുന്നു. ഇത് വിവിധ സംസ്കരണ പ്ലാന്റുകളിലേക്ക് കൊണ്ടുപോകും. അവിടെവച്ച് ഇവയെ പലരീതിയിലേക്ക് മാറ്റുന്നു. ഇതിലൂടെ വൈദ്യുതിവരെ ഉൽപാദിപ്പിക്കുന്നുണ്ട്. ഇത് ജനങ്ങൾക്ക് തന്നെ നൽകുന്നുമുണ്ട്. പ്ലാസ്റ്റിക് സംസ്കരിച്ച് റോഡുകളും മറ്റും നിർമിക്കുന്നു. കെട്ടിട നിർമാണത്തിനാവശ്യമായ കട്ടകളും ഉണ്ടാക്കുന്നുണ്ട്.