ചോളപ്പാടം കുടുക്കുവഴിയായി മാറി; കയറിയാൽ ഇറങ്ങാൻ വേണ്ടത് രണ്ടു മണിക്കൂർ!
Mail This Article
ഒരു ചോളപ്പാടം കുടുക്കുവഴികൾ നിറഞ്ഞ ഒരു പാർക്കാക്കി മാറ്റി. ഇന്ന് ഇതിൽ കയറിയാൽ തിരിച്ചിറങ്ങാൻ ഏകദേശം 2 മണിക്കൂർ വേണ്ടിവരും. വഴിതെറ്റാനും അവസരങ്ങൾ ഒട്ടേറെ. യുഎസിൽ പല ചോളപ്പാടങ്ങളിലും ഇങ്ങനെ കുടുക്കുവഴികളുണ്ടാക്കാറുണ്ട്. കോൺ മേസുകൾ എന്നറിയപ്പെടുന്ന ലോകത്തിൽ തന്നെ ഏറ്റവും വലുതാണ് കലിഫോർണിയയിലെ സൊളാനോ കൗണ്ടിയിൽ ഡിക്സനിൽ സ്ഥിതി ചെയ്യുന്ന ഈ പാടം. ഇവിടത്തെ കർഷകരായ കൂളി കുടുംബമാണ് 20 വർഷം മുൻപ് ഈ പാടം സൃഷ്ടിച്ചത്.
കൂൾ പാച്ച് പംപ്കിൻസ് എന്നാണ് ഈ ചോളപ്പാടത്തിന്റെ പേര്. മുകളിൽ നിന്നു നോക്കിയാൽ കമനീയമായി തോന്നുന്ന ഘടനകളിലാണ് കുടുക്കുവഴികൾ ഇതിനുള്ളിൽ ഒരുക്കിയിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വലിയ കോൺ മേസിനുള്ള ഗിന്നസ് പുരസ്കാരം രണ്ട് തവണ ഈ പാടത്തിനു കിട്ടിയിട്ടുണ്ട്. കാർഷികവൃത്തിക്കൊപ്പം വിനോദം വഴിയും കുറച്ച് പണമെന്ന ആശയമാണ് കൂൾ പാച്ച് പംപ്കിൻസിന്റെ പിറവിക്കു പിറകിൽ. എന്നാൽ താമസിയാതെ ആളുകൾ ചോളപ്പാടത്തിലെ ഈ ‘വഴി കണ്ടെത്താമോ’ വിനോദം നന്നായി ഏറ്റെടുത്തു. ഇന്ന് കൂളി കുടുംബത്തിന് നല്ല വരുമാനം നേടിക്കൊടുക്കുന്നുണ്ട് ഈ കോൺ മേസ്. ധാരാളം ആളുകൾ ഈ വിനോദത്തിൽ ഏർപ്പെടാനായി ഇവിടെ എത്തുന്നു.
മേസ് അല്ലെങ്കിൽ ലാബിരിന്ത് ഘടനകൾ പണ്ടു മുതലേ നിർമിക്കപ്പെട്ടിട്ടുണ്ട്. ഗ്രീസിലെ മിനോസ് എന്ന രാജാവാണ് ആദ്യത്തെ ലാബിരിന്ത് നിർമിച്ചതെന്നു കരുതുന്നു. ഇംഗ്ലണ്ടിൽ ലാബിരിന്തുകൾ അറിയപ്പെട്ടത് മേസ് എന്ന പേരിലാണ്. ഇങ്ങനെയാണ് ഇതു മേസ് എന്നറിയപ്പെടാൻ തുടങ്ങിയത്. ഈജിപ്തിൽ 1860 ബിസിയിൽ ഭരിച്ചിരുന്ന അമേനംഹറ്റ് മൂന്നാമൻ നിർമിച്ച ഒരു ലാബിരിന്ത് ഹവാര എന്ന സ്ഥലത്തു നിന്നു കണ്ടെത്തിയിരുന്നു. അമേരിക്കയിൽ പണ്ടു താമസിച്ചിരുന്ന ഗോത്രവർഗ രാജവംശമായ ടോഹോനോ ഊധാം, ഒരു വലിയ ലാബിരിന്ത് ഇന്നത്തെ അരിസോനയ്ക്കു സമീപം നിർമിച്ചിരുന്നു.
ഇന്ത്യയിലും ലാബിരിന്തുകളെക്കുറിച്ചുള്ള അറിവ് പണ്ടുമുതലുണ്ട്. ലാബിരിന്ത് രൂപഘടനകൾ അടയാളപ്പെടുത്തിയ പ്രാചീന രൂപഘടനകൾ ഇന്ത്യയിൽ പലയിടത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ലാബിരിന്ത് നിലനിൽക്കുന്ന സ്ഥലമാണ് ഉത്തർ പ്രദേശ് തലസ്ഥാനം ലക്നൗവിലെ ബഡാ ഇമാംബര.
ലക്നൗവിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ഒരു മത തീർഥാടന സ്ഥലമാണ് ബഡാ ഇമാംബര. ഇതിന്റെ ഭാഗമായുള്ള, ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന ലാബിരിന്താണു ഭൂൽ ഭുലയ്യ. അവധിലെ നവാബായിരുന്ന അസഫ് ഉൽ ദൗലയാണ് ബഡാ ഇമാംബരയും ഭൂൽ ഭുലയ്യയും നിർമിച്ചത്.14 വർഷമെടുത്തായിരുന്നു നിർമിതി. 1780ൽ അവധിൽ കടുത്ത ക്ഷാമം വരികയും ജനങ്ങൾ പട്ടിണിയാകുകയും ചെയ്തു. ജനങ്ങൾക്ക് ഒരു വരുമാനമാർഗവും തൊഴിലുമാകട്ടെ എന്ന നിലയിലായിരുന്നു ബഡാ ഇമാംബരയുടെ നിർമാണം. നിങ്ങൾക്ക് ദിശകൾ തെറ്റുകയും വഴികൾ മറക്കുകയും ചെയ്യുന്ന സ്ഥലം എന്നാണ് ഭൂൽ ഭുലയ്യ എന്ന വാക്കിന്റെ അർഥമെന്ന് ഭാഷാവിദഗ്ധർ പറയുന്നു. ഇതു സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
ഹാഫീസ് കിഫായത്തുല്ല എന്ന ശിൽപിയാണ് ബഡാ ഇമാംബരയുടെ നിർമാണഘടന ആവിഷ്കരിച്ചത്. മൂന്നു ഹാളുകളും ഇതിലുണ്ട്. ഇതിലെ പ്രധാനഹാളിൽ നവാബ് അസഫ് ഉദ് ധൗളയുടെ ഖബർ സ്ഥിതി ചെയ്യുന്നു. ബഡാ ഇമാംബരയിലെ ഏറ്റവും ശ്രദ്ധ ക്ഷണിക്കുന്ന കാര്യം ഭൂൽ ഭുലയ്യ തന്നെയാണ്. ആയിരത്തിലധികം വഴികളും 468 ഒരേ പോലിരിക്കുന്ന വാതിലുകളും ഏതൊരാളെയും വഴി തെറ്റിക്കാൻ പ്രാപ്തമാണ്. അകത്തേക്കു കടക്കാൻ ആയിരത്തിലധികം വഴികളുണ്ടെങ്കിലും പുറത്തിറങ്ങാൻ രണ്ടെണ്ണം മാത്രമാണുള്ളത്. ഭൂൽ ഭുലയ്യയിൽ ഒട്ടേറെ പരിചയസമ്പന്നരായ ഗൈഡുമാരുണ്ട്. അതിനാൽ തന്നെ അകത്തുകയറിയാലും വഴി തെറ്റിയാലും സുരക്ഷിതമായി പുറത്തിറങ്ങാൻ പ്രശ്നമില്ല.