ഒരു കിലോ തേയിലയ്ക്ക് വില 10 കോടി! ലോകത്തിലെ വിലപിടിപ്പുള്ള പ്രകൃതി വസ്തുക്കളെ അറിയാം
Mail This Article
പലതരം തേയിലകൾ നാം ഉപയോഗിക്കുന്നവരാണ്. എന്നാൽ ലോകത്തിലെ ഏറ്റവും വില കൂടിയ തേയിലയുടെ വിലയെത്രയാണെന്ന് അറിയാമോ? ഒരു കിലോയ്ക്ക് പത്തു കോടി രൂപ. ചൈനയിലെ ഫുജിയാനിലുള്ള ഡാ ഹോങ് പാവോ എന്നറിയപ്പെടുന്ന തേയിലയാണ് ഈ തൊട്ടാൽ പൊള്ളുന്ന വിലയുമായി നിൽക്കുന്നത്. അഞ്ഞൂറു വർഷങ്ങളോളം പഴക്കമുള്ള തേയിലച്ചെടിയിൽ നിന്നാണത്രേ ഈ തേയില ഉണ്ടാക്കുന്നത്. ഇപ്പോൾ ഇത്തരം 6 തേയിലച്ചെടികൾ മാത്രമാണുള്ളത്. ഓർക്കിഡിന്റെ സുഗന്ധവും കുടിച്ചുകഴിഞ്ഞാൽ നീണ്ട നേരം നാക്കിൽ നില നിൽക്കുന്ന രുചിയുമാണ് ഡാ ഹോങ് പാവോ തേയില ഉപയോഗിച്ചുള്ള ചായയെ വ്യത്യസ്തമാക്കുന്നത്. ഇപ്പോൾ ഈ തേയിലച്ചെടികളിൽ നിന്ന് ഇല പറിച്ച് തേയിലയുണ്ടാക്കാരുതെന്ന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
കേട്ടാൽ അന്തിച്ചുപോകുന്ന വിലയുള്ള പല പ്രകൃതിദത്ത വസ്തുക്കളുമുണ്ട്. ആംബർഗ്രിസ് പല വാർത്തകളിലും പ്രത്യക്ഷപ്പെടാറുണ്ട്. തിമിംഗല ഛർദ്ദിയായ ആംബർഗ്രിസ് ചിലർക്ക് പെട്ടെന്നു കടൽത്തീരത്തു നിന്നും മറ്റും കിട്ടിയെന്നും കോടീശ്വരൻമാരായെന്നുമൊക്കെയാണു വാർത്തകൾ. ആംബർഗ്രിസ് കടത്തുന്നതിനിടെ പിടിയിലാകുന്നവരെക്കുറിച്ചും വാർത്തകൾ വരാറുണ്ട്. ആംബർഗ്രിസ് അമൂല്യവസ്തു തന്നെയാണ്. ഒരു കിലോയ്ക്ക് ഒരു കോടി വരെ വില ഇതിനു ലഭിക്കും.
അഗർവുഡ് എന്നൊരു മരത്തടിയുണ്ട്. ദൈവങ്ങളുടെ മരത്തടി എന്നാണ് ഇത് അറിയപ്പെടുന്നത്. അഖ്വിലേറിയ എന്നറിയപ്പെടുന്ന ചില പ്രത്യേക മരങ്ങളിൽ ഫിയലോഫോറ പാരസിറ്റിക എന്ന പൂപ്പൽ ബാധിക്കുമ്പോഴാണ് അഗർവുഡ് ഉണ്ടാകുന്നത്. ഇതിൽ നിന്ന് അതീവ സുഖകരമായ ഒരു ഗന്ധം കിട്ടും. ഒരു കിലോയ്ക്ക് 72 ലക്ഷം രൂപ വരെ വിലയാണ് അഗർവുഡിന്.
പ്രകൃതിദത്തമായ ചുവന്ന വജ്രങ്ങൾ അപൂർവവും വില കൂടിയവയുമാണ്. ലോകത്തിലെ മിക്ക ചുവന്ന വജ്രങ്ങളും ഓസ്ട്രേലിയയിലെ ആർഗൈൽ ഖനിയിൽ നിന്നാണ് ഖനനം ചെയ്തെടുക്കുന്നത്. ഈ ഖനി കഴിഞ്ഞ വർഷം എന്നെന്നേക്കുമായി പൂട്ടി. ഇതു മൂലം ചുവന്ന വജ്രങ്ങളുടെ വില പിന്നെയും കൂടി. ഒരു ഗ്രാം ഭാരമുള്ള ഒരു ചുവന്ന വജ്രത്തിന് 36 കോടിയോളം രൂപ ലഭിക്കും. കലിഫോർണിയം, പ്ലൂട്ടോണിയം തുടങ്ങിയ റേർ എർത്ത് മെറ്റൽ ഗ്രൂപ്പിലെ മൂലകങ്ങൾക്ക് വില കൂടുതലാണ്. ഒരു ഗ്രാം പ്ലൂട്ടോണിയത്തിന് ഏകദേശം 3.5 ലക്ഷത്തോളം രൂപയാണ് വില.
തിളക്കമാർന്ന നിറമുള്ള പാമ്പാണ് കോറൽ സ്നേക്. ഇതിന്റെ വിഷം ലോകത്തെ ഏറ്റവും മാരകമായ പാമ്പിൻവിഷങ്ങളിൽ രണ്ടാം സ്ഥാനത്താണെന്നു പറയപ്പെടുന്നു. ഒരു ഗ്രാം കോറൽ സ്നേക് വിഷത്തിന് ഏകദേശം 2.8 ലക്ഷം രൂപയാണു വില.