‘പീനട്ടി’നു വേണ്ടി ശബ്ദമുയർത്തി ഇലോൺ മസ്കും; അണ്ണാനെ കൊന്നത് ഹൃദയശൂന്യമായ പ്രവൃത്തി
Mail This Article
റാബിസ് പടരാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പീനട്ട് എന്ന അണ്ണാനെ ന്യൂയോർക്കിലെ പരിസ്ഥിതി സംരക്ഷണ വിഭാഗം പിടികൂടി ദയാവധം നൽകിയതിനെതിരെ സമൂഹമാധ്യമങ്ങളിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. അണ്ണാനെ കൊലചെയ്തത് മനസാക്ഷിയില്ലാത്തതും ഹൃദയശൂന്യവുമായ പ്രവൃത്തിയാണെന്ന് ടെസ്‌ല സിഇഒ ഇലോൺ മസ്കും വ്യക്തമാക്കി. ആറു ലക്ഷത്തിലേറെ ആരാധകരുമായി സമൂഹമാധ്യമങ്ങളിൽ താരമായിരുന്ന പീനട്ടിന് ഏതാനും ദിവസങ്ങൾക്കു മുൻപാണ് ദയാവധം നൽകിയത്.
ഉപേക്ഷിക്കപ്പെട്ട മൃഗങ്ങൾക്കായി മാർക്ക് ലോംഗോ എന്ന വ്യക്തി ആരംഭിച്ച സന്നദ്ധ സംഘടനയായ പീനട്ട്സ് ഫ്രീഡം ഫാം ആനിമൽ സാങ്ച്വറിയിലെ പ്രധാന ആകർഷണം പീനട്ട് അണ്ണാനായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് പീനട്ടിനെയും ഫ്രഡ് എന്ന റക്കൂണിനെയും മാർക്കിന്റെ ഫാമിൽ നിന്നും അധികൃതർ പിടികൂടിയത്. റാബിസ് പടർത്താൻ സാധ്യതയുള്ള വന്യജീവികളെ സുരക്ഷിതമല്ലാത്ത രീതിയിൽ പാർപ്പിച്ചിരിക്കുന്നുവെന്ന അജ്ഞാത പരാതികളെ തുടർന്നായിരുന്നു അധികൃതരുടെ നീക്കം. ആറ് ഉദ്യോഗസ്ഥരാണ് അണ്ണാനെയും റക്കൂണിനെയും പിടികൂടാനായി ഫാമിൽ എത്തിയത്. പരാതികളുടെ അടിസ്ഥാനത്തിൽ പൊതുജനാരോഗ്യം കണക്കിലെടുത്താണ് നടപടി എന്നായിരുന്നു വിശദീകരണം.
മൃഗങ്ങളെ പിടികൂടിയ ഉദ്യോഗസ്ഥരിൽ ഒരാളെ പീനട്ട് കടിച്ചുവെന്നാരോപിച്ച് നവംബർ ഒന്നിന് ഇരുമൃഗങ്ങൾക്കും ദയാവധം നൽകി. ഇവയ്ക്ക് റാബിസ് ബാധയുണ്ടായിരുന്നോ എന്ന് കണ്ടെത്താനുള്ള പരിശോധനകൾ നടത്തിവരികയാണ്. മുൻകരുതൽ എന്നോണം ഈ മൃഗങ്ങളുമായി നേരിട്ട് ഇടപഴകിയ ആളുകൾ ആരോഗ്യ വിദഗ്ധരെ കൺസൾട്ട് ചെയ്യണമെന്ന മുന്നറിയിപ്പും അധികൃതർ നൽകുന്നുണ്ട്. റാബിസിന്‍റെ ലക്ഷണങ്ങൾ കാണിക്കുന്ന മൃഗങ്ങളെ കൊന്ന ശേഷമാണ് പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിക്കുന്നതെന്നും ഇതേ നടപടിക്രമമാണ് പീനട്ടിന്റെയും ഫ്രഡിന്റെയും കാര്യത്തിൽ പിന്തുടർന്നതെന്നും സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിക്കുന്നു.
ഏഴു വർഷങ്ങൾക്കു മുൻപാണ് വാഹനമിടിച്ച് അമ്മ നഷ്ടപ്പെട്ട നിലയിൽ പീനട്ടിനെ മാർക്കിന് ലഭിച്ചത്. അണ്ണാന് പ്രത്യേകമായി ഷെൽട്ടർ കണ്ടെത്താനാവാതെ വന്നതോടെ അദ്ദേഹം അതിനെ വീട്ടിൽ വളർത്തി തുടങ്ങി. അധികം താമസിയാതെ പീനട്ട് സമൂഹമാധ്യമങ്ങളിലൂടെ താരമാവുകയും ചെയ്തു. ദയപോലുമില്ലാതെ മയക്കുമരുന്ന് ഇടപാടുകാരെ പിടികൂടുന്ന തരത്തിലായിരുന്നു റെയ്ഡിനെത്തിയ അധികൃതരുടെ പെരുമാറ്റമെന്ന് മാർക്ക് പരാതിപ്പെടുന്നുണ്ട്. റെയ്ഡ് നടന്ന സമയത്ത് ഫാമിലെ മറ്റ് മൃഗങ്ങൾക്ക് ആഹാരം നൽകാൻ പോലും അനുവദിച്ചിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.
വെള്ളപ്പൊക്കം തടയുന്നതടക്കമുള്ള ഗൗരവതരമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനു പകരം ആളുകൾ ഓമനിച്ചു വളർത്തുന്ന അണ്ണാനെ പിടികൂടാൻ ഉദ്യോഗസ്ഥർ നടക്കുകയാണെന്ന തരത്തിൽ രാഷ്ട്രീയ നേതാക്കളും പ്രതിഷേധങ്ങൾ അറിയിക്കുന്നുണ്ട്.