കൂട് തുറന്നു, ലില്ലിയും മാർഗോട്ടും പറന്നു; അത്യപൂർവ മക്കാവുകളെ പൊക്കിയത് 100 കി.മീ അകലെ നിന്ന്
Mail This Article
തിരുവനന്തപുരം മൃഗശാലയിൽ നിന്നും കുരങ്ങുകൾ ചാടിപ്പോകുന്നത് പതിവ് വാർത്തയാണ്. ഇതുപോലെ ലണ്ടൻ മൃഗശാലയിൽ നിന്നും ചിലർ പോകാറുണ്ട്. അടുത്തിടെ മൃഗശാലയിൽ നിന്നും പുറത്തുചാടിയത് രണ്ട് മക്കാവു തത്തകളാണ്. രണ്ട് വയസ്സുള്ള ബ്ലൂ ത്രോട്ടഡ് മക്കാവുകളായ ലില്ലിയും മാർഗോട്ടുമാണ് മൃഗശാലയിൽ നിന്നും രക്ഷപ്പെട്ടത്.
ദിനചര്യകൾക്കായി പുറത്തിറക്കിയപ്പോഴാണ് ലില്ലിയും മാർഗോട്ടും പറന്നുപോയത്. പിന്നാലെ മൃഗശാല അധികൃതർ തീവ്ര തിരച്ചിൽ ആരംഭിച്ചു. ലണ്ടൻ നഗരത്തിലെ തിരക്കും ശബ്ദവും കാരണം തത്തകളെ എളുപ്പത്തിൽ കണ്ടെത്താനാകില്ലെന്നും അവയ്ക്ക് ആരും ഭക്ഷണം നൽകരുതെന്നും മൃഗശാല അധികൃതർ ഒൗദ്യോഗിക പ്രസ്താവനയിറക്കി. തത്തകളെ കാണുന്നവർ അവയുടെ ഫോട്ടോയും കൃത്യമായ സ്ഥലവും തങ്ങൾക്ക് അയച്ചുതരണമെന്നും പറഞ്ഞു.
കേംബ്രിഡിജിലെ ഒരു കുടുംബം തങ്ങളുടെ വീട്ടിലെ പൂന്തോട്ടത്തില്‍ ഇരുവരും എത്തിയെന്ന് അറിയിച്ചെങ്കിലും അധികൃതർ എത്തുമ്പോഴേക്കും ഇരുവരും സ്ഥലംവിട്ടു. പിന്നീട് ബ്രാംപ്ടണിലെ ഒറു വയലിൽ നിന്നാണ് ലില്ലിയെയും മാർഗോട്ടിനെയും പൊക്കിയത്. മൃഗശാലയിൽ എത്തിച്ച് ആവശ്യമായ കരുതൽ നൽകി. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ക്വാറന്റീനുശേഷം മാതാപിതാക്കളായ പോപ്പിയുടെയും ഒല്ലിയുടെയും ഒപ്പം താമസിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
വംശനാശ ഭീഷണി നേരിടുന്ന പക്ഷികളാണ് ബ്ലൂ ത്രോട്ടഡ് മക്കാവു. ഇപ്പോൾ ഈ ഇനത്തിൽപ്പെട്ട 400 പക്ഷികൾ മാത്രമാണ് ഭൂമിയിലുള്ളതെന്ന് കണക്കുകള്‍ പറയുന്നു.