ലെവോടോബി ലാക്കി-ലാക്കി വീണ്ടും പൊട്ടിത്തെറിച്ചു; 10 കി.മീ ഉയരത്തിൽ ‘ചാര’പുക, 13,000 പേരെ മാറ്റിപാർപ്പിച്ചു
Mail This Article
ഇന്തൊനീഷ്യയിലെ കിഴക്കൻ ഫ്ലോറസിലുള്ള ലെവോടോബി ലാക്കി-ലാക്കി അഗ്നിപർവതം വീണ്ടും പൊട്ടിത്തെറിച്ചു. 9 കി.മീ ഉയരത്തിലായിരുന്നു സ്ഫോടനം. ആദ്യ സ്ഫോടനം നവംബർ 3നായിരുന്നു. ഇതുവരെ 9 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് കിഴക്കൻ നുസ തെങ്കാര പ്രവിശ്യയിലെ 2,000 വീടുകൾക്ക് കേടുപാടുണ്ടായി. 13,000 ആളുകളെ മാറ്റിപാർപ്പിച്ചു. ഇന്തൊനീഷ്യൻ വൈസ് പ്രസിഡന്റ് ജിബ്രാൻ രാകബുമിങ് രാക ദുരിതാശ്വാസ ക്യാംപിലെത്തുകയും പരുക്കേറ്റവരെ സന്ദർശിക്കുകയും ചെയ്തു.
ഇന്തൊനീഷ്യയിലെ വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് കിഴക്കൻ നുസ തെങ്കാര പ്രവിശ്യ. ഇവിടെയാണ് ലൊബോക് രാജ്യാന്തര വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. പത്ത് കിലോമീറ്റർ ഉയരത്തിൽ ചാരമേഘങ്ങൾ ഉയർന്നതിനാൽ നിരവധി വിമാന സർവീസുകൾ റദ്ദാക്കി. ഇതോടെ യാത്രക്കാർ കുടുങ്ങി. സ്ഫോടനത്തിൽ നിന്നുള്ള ചാരം ജെറ്റ് എഞ്ചിനുകൾക്ക് കേടുപാടുണ്ടാക്കുകയും വിൻഡ് സ്ക്രീൻ മറയ്ക്കുകയും ചെയ്യും. ഇത് എല്ലാ വിമാനങ്ങൾക്കും ഭീഷണിയാണ്. ബുധനാഴ്ച മാത്രം 91 വിമാനങ്ങളാണ് സർവീസ് നിർത്തിവച്ചത്. ഇന്ത്യയിൽ നിന്നും ബാലിയിലേക്ക് പോകുന്ന ഇൻഡിഗോ, എയർ ഇന്ത്യ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.
130 സജീവ അഗ്നിപർവതങ്ങളുള്ള രാജ്യമാണ് ഇന്തൊനീഷ്യ. അതിനാൽ തന്നെ അഗ്നിപർവത വിസ്ഫോടനങ്ങൾ രാജ്യത്തെ ഇടയ്ക്കിടെ വേട്ടയാടാറുണ്ട്. ബാലിയിൽ നിന്നും 800 കിലോമീറ്റർ അകലെയായാണ് ലെവോടോബി ലാക്കി-ലാക്കി അഗ്നിപർവതം സ്ഥിതി ചെയ്യുന്നത്. ഇന്തൊനീഷ്യയിലെ ഏറ്റവും സജീവമായ അഗ്നിപർവതം മെരാപിയാണ്. കൃത്യമായ ഇടവേളകളിൽ വിസ്ഫോടനം നടത്തുന്ന പർവതമാണ് ഇത്.
ഓരോ വർഷവും 1500 പ്രകൃതിദുരന്തങ്ങൾ ഇന്തൊനീഷ്യൻ ദ്വീപസമൂഹത്തിൽ സംഭവിക്കുന്നു എന്നാണു കണക്ക്. ലോകത്ത് ഏറ്റവും കൂടുതൽ പ്രകൃതിദുരന്തങ്ങൾ സംഭവിക്കുന്ന രാജ്യങ്ങളിൽ മുൻപന്തിയിലാണ് ഈ ദ്വീപസമൂഹം. ഓരോ മാസവും ശരാശരി ഒരു വലിയ പ്രകൃതിദുരന്തമെങ്കിലും ഇവിടെ സംഭവിക്കുന്നു.