ടൈറ്റനോബോവ മുതൽ ‘വാസുകി’ വരെ; ആനയെ വരെ വിഴുങ്ങിയ ലോകത്തെ ഭീകര സർപ്പങ്ങൾ
Mail This Article
മനുഷ്യരെ അപ്പാടെ വിഴുങ്ങുന്ന ഭീകര സർപ്പങ്ങളെപ്പറ്റി കഥകളിൽ വായിച്ചിട്ടുണ്ട്. എന്നാൽ ഒരു ആനയെ വരെ ഒറ്റയടിക്കു വിഴുങ്ങുന്ന ചില ഭീകരന്മാരും ഭൂമി ഭരിച്ചിരുന്നതായാണ് ചില ഫോസിൽ തെളിവുകൾ സൂചിപ്പിക്കുന്നത്. ജുറാസിക് യുഗത്തിൽ ഭൂമി ഭരിച്ചിരുന്ന അത്തരം ചില ഭീകര സർപ്പങ്ങളുടെയും ഒപ്പം ഇപ്പോൾ നമ്മോടൊപ്പം ലോകം പങ്കിടുന്ന ചില ഭീമന്മാരുടെയും രസകരമായ ചില വിവരങ്ങള്‍ പരിശോധിക്കാം.
1. വാസുകി
ടൈറ്റനബോവയുടെ റെക്കോർഡ് മറികടന്നു ഇതുവരെ അറിയപ്പെടുന്ന ഏറ്റവും വലിയ പാമ്പ് എന്ന പദവിയിലെത്തിയത് ഒരു ഇന്ത്യൻ ഉരഗമാണ്. വാസുകി ഇൻഡിക്കസ്. 50 അടിവരെ നീളം വച്ചിരിക്കാവുന്ന ഉരഗമാണ് ഇതെന്നാണ് സൂചന.
ഏകദേശം 47 ദശലക്ഷം വർഷങ്ങൾക്ക് മുമ്പാണ് വാസുകി ജീവിച്ചിരുന്നത്. ക്രിറ്റേഷ്യസ് കാലഘട്ടത്തിന്റെ അവസാനത്തിൽ (100.5 ദശലക്ഷം മുതൽ 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്), ആഫ്രിക്ക, ഇന്ത്യ, ഓസ്‌ട്രേലിയ, തെക്കേ അമേരിക്ക, തെക്കൻ യൂറോപ്പ് എന്നിവിടങ്ങളിൽ ഉയർന്നുവന്ന മാഡ്‌സോയിഡേ എന്ന വംശനാശം സംഭവിച്ച പാമ്പുകളുടെ കുടുംബത്തിൽ പെട്ടതാണ് ഇത്.
2. ടൈറ്റനോബോവ
'തെക്കേ അമേരിക്കയിൽ ഈർപ്പമുള്ള നദീതടങ്ങളിൽ ഇരകൾക്കായി കാത്തിരുന്ന ഒരു ഭീകരനാണ് അടുത്തത്. 12.8 മീറ്റർ (42 അടി) വരെ നീളവും ഏകദേശം 1,135 കിലോഗ്രാം (2,500 പൗണ്ട്) ഭാരവുമുള്ള ടൈറ്റനോബോവ. 2009ൽ കൊളംബിയയിലെ ലാ ഗുജൈറയിലെ സെറെജോണിന്റെ കൽക്കരി ഖനികളിലാണ് ഇവയുടെ ഏകദേശം പൂർണമായ ഫോസിലുകൾ കണ്ടെത്തിയത്.
3. പാലിയോഫിസ് കൊളോസിയസ്
ഭീമാകാരമായ പാമ്പുകൾ കരയിൽ ഒതുങ്ങിയിരുന്നില്ല: ഭൂമിയുടെ ചരിത്രാതീത സമുദ്രങ്ങളിൽ പാലിയോഫിസ് കൊളോസിയസ് പോലുള്ള കടൽസർപ്പങ്ങളും ഉണ്ടായിരുന്നു. സഹാറ മരുഭൂമിയിലാണ് ഇവയുടെ ഫോസിലൈസ്ഡ് അസ്ഥികൂടം കണ്ടെത്തിയത്. നിലവിൽ ലഭിച്ച ഫോസിൽ അടിസ്ഥാനത്തിൽ 39 അടി നീളമായിരിക്കും ലഭിക്കുമെന്നാണ് കരുതുന്നത്.
4. ജിഗാന്റോഫിസ് ഗാർസ്റ്റിനി
ചരിത്രാതീതകാലത്തെ ഒരു വലിയ പാമ്പാണ് ജിഗാന്റോഫിസ് ഗാർസ്റ്റിനി. ഏകദേശം 36 അടി (11 മീറ്റർ) നീളം ആണ് ഇതിനുള്ളതെന്നാണ് കണക്കാക്കപ്പെടുന്നു. ഈ ഭീമൻ പാമ്പ് ഏകദേശം 40 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ഇന്നത്തെ ഈജിപ്ത് പ്രദേശത്ത് ജീവിച്ചിരുന്നതെന്ന് കരുതപ്പെടുന്നു.മാഡ്‌സോയിഡേ കുടുംബത്തിലെ അംഗമായാണ് കൂറ്റൻ സർപ്പത്തെ തരംതിരിച്ചിരിക്കുന്നത്. 2000-കളിൽ ടൈറ്റനോബോവ കണ്ടെത്തുന്നത് വരെ ഒരു നൂറ്റാണ്ടിലേറെക്കാലം ലോകത്തിലെ ഏറ്റവും വലിയ പാമ്പ് എന്ന പദവി ജിഗാന്റേഫിസിന് ഉണ്ടായിരുന്നു.
5. ഗ്രീൻ അനക്കോണ്ടകൾ
രേഖകൾ കണക്കിലെടുക്കുമ്പോൾ, അവ റെറ്റിക്യുലേറ്റഡ് പൈത്തണുകളുടെ അത്രയും നീളമുള്ളതല്ല. എന്നിരുന്നാലും, ഗ്രീൻ അനക്കോണ്ടകൾ ഇപ്പോൾ ഭൂമിയിലെ ഏറ്റവും ഭാരമുള്ള പാമ്പുകളാണ്, ഈ പാമ്പുകളിൽ ചിലത് 550 പൗണ്ട് (250 കിലോഗ്രാം) വരെ ഭാരമുള്ളവയാണ്.30 അടി ( 9 മീറ്റർ) നീളത്തിൽ എത്താൻ കഴിയുമെന്നാണ് കരുതപ്പെടുന്നത്.ഏറ്റവും വലിയ ഗ്രീൻ അനക്കോണ്ടയ്ക്ക് ഔദ്യോഗിക രേഖകൾ ഒന്നുമില്ല, എന്നാൽ 2016-ൽ ബ്രസീലിലെ നിർമ്മാണ തൊഴിലാളികൾ 33 അടി (10 മീറ്റർ) നീളവും 880 പൗണ്ട് (399 കിലോഗ്രാം) ഭാരവുമുള്ള ഗ്രീൻ അനക്കോണ്ടയെ കണ്ടെത്തിയിട്ടുണ്ടത്രെ.