കേരളതീരത്ത് എല്ലാ വർഷവും മുട്ടയിടാനെത്തുന്ന ‘ഒലിവ് റെഡ്‌ലി’: ശ്രദ്ധനേടി ‘ഒരൽപ്പം കര തരൂ...കടലാമകൾക്കൊരു സ്നേഹതീരം’
Mail This Article
വംശനാശ ഭീഷണി നേരിടുന്ന ഒലിവ് റെഡ്‌ലി വിഭാഗത്തിലുള്ള കടലാമകൾ മുട്ടയിടാൻ എത്തുന്നതിന്റെ ‘ഒരൽപ്പം കര തരൂ...കടലാമകൾക്കൊരു സ്നേഹതീരം’ രാജ്യാന്തര ശ്രദ്ധ നേടുന്നു. എല്ലാം വർഷവും തൃശൂർ ജില്ലയിലെ ചാവക്കാട്, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലെ തീരങ്ങളിലാണ് മുട്ടയിടാൻ എത്തുന്നത്. ജൈവ വൈവിധ്യ മൂല്യ സംരക്ഷണം വിഷയമാക്കിയെടുത്ത ചിത്രം ഇംഗ്ലിഷ്, മലയാളം ഭാഷകളിലാണ് പുറത്തുവിട്ടത്. കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡിനു വേണ്ടി ശശികുമാർ അമ്പലത്തറയാണ് ഡോക്യുമെന്ററി തയാറാക്കിയത്.
ഒലിവ് റെഡ്‌ലി കടലാമകളുടെ പരിസ്ഥിതി പ്രാധാന്യവും, മുട്ട ഇടാനായി എത്തുന്ന ആമകളെ സുരക്ഷിതമായി കടയിലേക്ക് ഇറക്കി വിടുന്നതു മുതൽ അവയിട്ട് പോകുന്ന മുട്ടകളെ രാത്രിയും പകലും കാവലിരുന്ന വിരിയിക്കുന്നതുവരെയുള്ള ഘട്ടങ്ങൾ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരുകാലത്തു കടലാമകളെയും അവയിട്ട് പോകുന്ന മുട്ടകളെയും ആഹാരമാക്കിയിരുന്നവർ ഇന്ന് അവയുടെ സംരക്ഷകരായി മാറിയെന്ന് ഡോക്യുമെന്ററിയിൽ പറയുന്നു.
‘കോട്ട്സ് ഫ്രം ദി ഏർത്ത്’എന്ന പ്രശസ്തമായ പരിസ്ഥിതി ചലചിത്ര മേളയിലേക്ക് ഈ ഡോക്യുമെന്ററി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ലോകത്തു ആകമാനമുള്ള ഏറ്റവും മികച്ച പരിസ്ഥിതി മൂല്യം സംരക്ഷണം പ്രാധാന്യമാക്കിയുള്ള ചിത്രങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവയാണ് ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുക. ഒലിവ് റെഡ്‌ലിയെക്കുറിച്ച് ഇത്രയും വിശദമായ ഒരു ഡോക്യൂമെന്ററി ഇന്ത്യയിൽ ഇതുവരെ ചിത്രീകരിച്ചിട്ടില്ല.