നഗരവത്ക്കരണം: വിശാഖപട്ടണത്തെ കണ്ടൽക്കാടുകൾ ഇല്ലാതാകുന്നു; വിശദീകരണം തേടി
Mail This Article
കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി നഗരവത്ക്കരണവും വ്യവസായവത്ക്കരണവും കാരണം വിശാഖപട്ടണത്തെ കണ്ടൽക്കാടുകൾ കുറഞ്ഞുവരുന്നതായി റിപ്പോർട്ടുകൾ. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വികസനപ്രവർത്തനങ്ങൾ കാരണം ചെറിയ തുരുത്തുകളായി കണ്ടൽക്കാടുകൾ മാറിയിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഗ്രീൻ ട്രൈബ്യൂണൽ ഡയറക്ടർ ജനറൽ ഓഫ് ദ ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച്ചിനോട് വിശദീകരണം ചോദിച്ചിരിക്കുകയാണ്.
2023ൽ ഇന്ത്യൻ കൌൺസിൽ ഓഫ് ഫോറസ്ട്രി റിസർച്ച് ആൻഡ് എഡ്യൂക്കേഷൻ-കോസ്റ്റൽ എക്കോസിസ്റ്റം നടത്തിയ പഠനത്തിൽ പറയുന്നത് 220 ഹെക്റ്റർ കണ്ടൽക്കാടുകളുടെ തുരുത്തുകളുണ്ട്. എന്നാലിത് ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറഞ്ഞിട്ടില്ല.
2016ൽ വിശാഖപട്ടണം പോർട്ട് ട്രസ്റ്റ് കണ്ടൽക്കാടുകൾ സംരക്ഷിക്കുന്നതിനായി പദ്ധതി പ്രഖ്യാപിച്ചിരുന്നു. 50 ഏക്കർ പ്രദേശത്താണ് കണ്ടൽക്കാടുകൾ വളർത്തുന്നതിനായി അന്ന് പദ്ധതിയിട്ടിരുന്നു എന്നാൽ പിന്നീട് പുരോഗതിയുണ്ടായില്ല. പല സംഘടനകളും കണ്ടൽക്കാടുകൾ വച്ചു പിടിപ്പിക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്.
വംശനാശ ഭീക്ഷണി നേരിടുന്ന യുറേഷ്യൻ കർല്യൂ, ഓറിയന്റൽ ഡാർട്ടർ, ബ്ലാക്ക് ഹെഡ് ഇബിസ് എന്നിവയെ കാണുന്നത് തന്നെ കുറവാണ്. കണ്ടൽശോഷണം പ്രദേശത്തെ പക്ഷികളുടെ വൈവിധ്യത്തെ ബാധിച്ചിട്ടുണ്ട്. ഇപ്പോളവയെ അവശ്യം സംരക്ഷിക്കേണ്ട് അവസ്ഥയാണ്. കണ്ടൽക്കാടുകളുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതിന് വൈൽഡ് ലൈഫ് കൺസർവേഷൻ ത്രൂ റിസർച്ച് ആൻഡ് എജ്യുക്കേഷൻ എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്ക് ക്ലാസുകൾ നൽകുന്നുണ്ട്.
പ്രകൃതി സംരക്ഷണത്തിൽ മുഖ്യ പങ്ക് വഹിക്കുന്ന ഒന്നാണ് കണ്ടൽക്കാടുകൾ. കണ്ടൽക്കാടുകളുടെ കുറവ് തീരശോഷണത്തിന് കാരണമാകുന്നു.സങ്കീർണ്ണമായ ആവാസവ്യവസ്ഥയാണ് കണ്ടൽക്കാടുകളിലേത്. ജൈവവൈവിധ്യത്തിൻറെ കലവറയായ ഇവ സുനാമിയുൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങളെ ചെറുത്തുനിർത്തുന്നതിൽ അതീവ പ്രധാന്യമർഹിക്കുന്നു. ഇന്ത്യയുടെ കിഴക്കൻ തീരപ്രദേശത്താണ് കണ്ടൽക്കാടുകൾ ധാരളമായി കാണുന്നത്.