ADVERTISEMENT

ലോകത്തെ ഏറ്റവും വലിയ വജ്രനിക്ഷേപം റഷ്യയിലാണുള്ളത്. എന്നാൽ വജ്രഖനനത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന രാജ്യം ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയാണ്. അനേകം അമൂല്യ വജ്രങ്ങൾ ഇവിടെ നിന്നു കണ്ടെത്തിയിരുന്നു. ഈ വർഷം ഓഗസ്റ്റിൽ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ വജ്രവും ഇവിടെനിന്നു കണ്ടെത്തി.

1885 മുതൽ 1966 വരെ ബ്രിട്ടിഷ് ഭരണത്തിലിരുന്ന ബോട്‌സ്വാന അക്കാലയളവിൽ ലോകത്തിലെ തന്നെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളിലൊന്നായിരുന്നു. 1967ൽ സ്വാതന്ത്ര്യം നേടിയ ശേഷം പിറ്റേ വർഷമാണു രാജ്യത്തിന്‌റെ ജാതകം തിരുത്തിക്കുറിച്ചുകൊണ്ട് തലസ്ഥാന നഗരമായ ഗാബോറോണിനു സമീപം ഒരു വജ്രം കണ്ടെത്തിയത്. മേഖലയിൽ വജ്രത്തിന്‌റെ സാന്നിധ്യമുണ്ടെന്നു മനസ്സിലാക്കിയ ഡി ബീർസ് കമ്പനി ബോട്‌സ്വാനൻ സർക്കാരുമായി പങ്കുചേർന്ന് ഡീബ്‌സ്വാന എന്ന കമ്പനി രൂപീകരിച്ചു. ഇന്ന് ഈ കമ്പനി 4 വജ്രഖനികൾ ബോട്‌സ്വാനയിൽ നടത്തുന്നുണ്ട് ഒറാപ, ലെഹാക്‌നെ, ജ്വാനെങ്, ദംസ്താ എന്നിവയാണിവ. ലോകത്തിലെ വജ്ര ഉത്പാദനത്തിന്‌റെ 24 ശതമാനവും ഈ ഖനികളിൽ നിന്നാണ്. ഖനികളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ജ്വാനെങ് ഖനി ലോകത്തിലെ ഏറ്റവും വജ്രനിക്ഷേപമുള്ള ഖനിയാണ്. 2021 അവസാനത്തിലാണ് ബോട്‌സ്വാനയിലെ ജ്വെനിങ് ഖനിയിൽ നിന്ന് ആയിരം കാരറ്റിനുമേൽ നിലവാരമുള്ള മറ്റൊരു വജ്രം കണ്ടെടുത്തത്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വജ്രമെന്നാണ് ഇത് അറിയപ്പെട്ടത്.

botswana-diamond

വജ്രഖനനം ബോട്‌സ്വാനയെ ദരിദ്ര രാഷ്ട്രത്തിൽ നിന്നു വികസ്വര രാഷ്ട്രമാക്കി മാറ്റി. സർക്കാരിന്റെ വരുമാനത്തിൽ മൂന്നിലൊന്നും ഇതിൽ നിന്നാണ്. ഇതിന്റെ സ്മരണാർഥം രാജ്യത്തിന്റെ കറൻസി നോട്ടുകളിൽ വജ്രഖനികളുടെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. ആഫ്രിക്കയിൽ പല രാജ്യങ്ങളിലും വജ്രനിക്ഷേപമുണ്ട്. ഇതിന്‌റെ ഖനനത്തിനായി പൊതുജനങ്ങളെ നിർബന്ധിതമായും അശാസ്ത്രീയവുമായ ചൂഷണ തൊഴിലെടുപ്പിന് നിർബന്ധിക്കുന്ന സംഭവങ്ങളും ഒട്ടേറെയുണ്ട്. ബ്ലഡ് ഡയമണ്ട് എന്നറിയപ്പെടുന്ന ഈ പ്രവണതയെ ലോകമെമ്പാടുമുള്ള സന്നദ്ധസംഘടനകൾ തീവ്രമായി വിമർശിക്കുന്നു. എന്നാൽ ബോട്‌സ്വാനയിൽ ഇത്തരം സംഭവങ്ങൾ കുറവാണ്. എന്നാൽ വജ്രഖനികൾ മൂലം കലഹാരി മേഖലയിലെ ഗോത്രവർഗനിവാസികൾക്കു സ്വന്തം സ്ഥലം നഷ്ടമാകുന്നു തുടങ്ങിയ വിമർശനങ്ങൾ വലിയ തോതിൽ ഇവിടെ ഉയരുന്നുണ്ട്. ഇതിനാൽ, കോൺഫ്‌ളിക്ട് ഡയമണ്ട്‌സ് എന്ന പേരിൽ ബോട്‌സ്വാനയിൽ നിന്നെത്തുന്ന വജ്രങ്ങളെ ആക്ടിവിസ്റ്റുകൾ വിശേഷിപ്പിക്കാറുണ്ട്.

ലോകത്തിൽ ഖനനം ചെയ്യുന്നവയിൽ ഏറെയും ചെറിയ വജ്രങ്ങളാണ്.ഒരു കാരറ്റിൽ താഴെയുള്ളവയാണ് ഇവയിൽ കൂടുതൽ. ഇത്തരം വജ്രങ്ങളിൽ അധികവും വ്യാവസായിക ആവശ്യങ്ങൾക്കായാണ് ഉപയോഗിക്കപ്പെടുന്നത്. വലിയ വജ്രങ്ങൾക്കാണു രത്‌നമൂല്യം. എന്നാൽ ഇവ കണ്ടെത്താൻ വലിയ പാടുമാണ്. ഖനനം ചെയ്‌തെടുത്താൽ വലിയ വില കിട്ടുന്നവയാണ് ഈ വജ്രങ്ങൾ.

ഭൂമിയുടെ ആഴങ്ങളിൽ ഇത്തരം വജ്രങ്ങൾ ധാരാളമുണ്ടെന്നു വിശ്വസിക്കപ്പെടുന്നു. എന്നാൽ ഇവ കുഴിച്ചെടുക്കാൻ വലിയ പാടാണ്.

English Summary:

Botswana's Diamond Riches: From Poverty to Prosperity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com