അമേരിക്കയെ മരവിപ്പിച്ച കപ്പൽചേതം; ചുഴലിയിൽ മുങ്ങിയ പിടികിട്ടാ സ്വർണം
Mail This Article
1857 എന്ന വർഷത്തിൽ അനേകം ചരിത്ര സംഭവങ്ങളുണ്ടായിട്ടുണ്ട്. അതിലൊന്ന് ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരമാണ്. ബ്രിട്ടനെതിരെ ഇന്ത്യയിലെ നാട്ടുരാജ്യങ്ങളും സമരനായകരും പ്രക്ഷോഭമുയർത്തി. എന്നാൽ ഈ വർഷം യുഎസ് ചരിത്രത്തിലും വലിയ പ്രാധാന്യമുള്ളതായിരുന്നു. പാനിക് ഓഫ് 1857 എന്ന പേരിൽ സാമ്പത്തിക പ്രതിസന്ധി ഇവിടെ ഉടലെടുത്തു. അതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഒരു കപ്പൽ ചുഴലിക്കാറ്റിൽ മുങ്ങിയതാണ്.
അമേരിക്കൻ വൻകരയിൽ വലിയ സ്വർണവേട്ട നടക്കുന്ന കാലമായിരുന്നു അത്. പാനമയിലെ തുറമുഖത്തു നിന്നും 13600 കിലോ സ്വർണം വഹിച്ചാണ് ന്യൂയോർക്കിലേക്കു പോകുകയായിരുന്നു എസ്എസ് സെൻട്രൽ അമേരിക്ക എന്ന കപ്പൽ. പ്രശസ്തമായ കലിഫോർണിയ സ്വർണവേട്ടയിൽ നിന്നു കിട്ടിയ സ്വർണമായിരുന്നു ഈ കപ്പലിൽ.
ക്യാപ്റ്റൻ വില്യം ലൂയി ഹെൻഡോൺ ക്യാപ്റ്റനായുള്ള ഈ കപ്പലിൽ സ്വർണം കൂടാതെ 477 യാത്രക്കാരും 101 ജീവനക്കാരുമുണ്ടായിരുന്നു. സെപ്റ്റംബർ ഒൻപതിനു യുഎസിലെ വടക്കൻ കാരലീന സംസ്ഥാനത്തിന്‌റെ തീരത്തിനടുത്ത് കപ്പലെത്തി. ആ സമയത്താണ് ശക്തമായ ഒരു ചുഴലിക്കാറ്റ് ആ മേഖലയിൽ ആഞ്ഞടിച്ചത്. അതിൽ പെട്ട് കപ്പൽ ഉഴറി. മണിക്കൂറിൽ 170 കിലോമീറ്റർ വേഗത്തിൽ കാറ്റുകൾ കപ്പലിനെ ആക്രമിച്ചുകൊണ്ടിരുന്നു. പായ്മരങ്ങൾ പൊട്ടിക്കീറി, ബോയ്‌ലർ റൂം തകർന്നു. സെൻട്രൽ അമേരിക്ക മുങ്ങി. ടൈറ്റാനിക് ദുരന്തത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ കപ്പലിലെ മനുഷ്യർ ആ രാത്രി തള്ളിനീക്കി. രക്ഷയ്ക്കായി ഏതെങ്കിലും കപ്പലോ ബോട്ടുകളോ എത്തുമെന്ന് അവർ വിചാരിച്ചു.
പിറ്റേന്ന് രണ്ട് കപ്പലുകൾ സെൻട്രൽ അമേരിക്കയ്ക്കു സമീപമെത്തി. ത്വരിത ഗതിയിൽ രക്ഷാപ്രവർത്തനം നടന്നു. എങ്കിലും 425 പേർ കൊല്ലപ്പെട്ടു. ബാക്കിയുള്ളവരെ രക്ഷിക്കാനേ രക്ഷാപ്രവർത്തന സംഘത്തിനു കഴിഞ്ഞിരുന്നുള്ളൂ. കപ്പൽ മുങ്ങിത്താണു. അളവറ്റ സ്വർണം മുങ്ങി. കപ്പലിന്റെ ദുരന്തവാർത്ത അമേരിക്കൻ സാമ്പത്തിക വ്യവസ്ഥയെ ആകെയുലച്ചു.
ഒരു നൂറ്റാണ്ടിലധികം കാലയളവിനു ശേഷം 1988ൽ തകർന്ന സെൻട്രൽ അമേരിക്കയുടെ അവശിഷ്ടങ്ങൾ അമേരിക്കൻ പര്യവേക്ഷകൻ ടോമി തോംസണിന്‌റെ നേതൃത്വത്തിലുള്ള പര്യവേക്ഷക സംഘം കരോലീനയ്ക്കു സമീപമുള്ള കടലിൽ കണ്ടെത്തി. ഇതിൽ നിന്നു ധാരാളം സ്വർണവും പര്യവേക്ഷക സംഘം കണ്ടെത്തി. 40 ദശലക്ഷം ഡോളറോളം വിലപിടിപ്പുള്ള നിധി ഇതിൽ നിന്നു ടോമിക്ക് കിട്ടിയെന്നാണു കണക്കാക്കപ്പെടുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ടുള്ള പലവിധ കേസുകളിൽ ടോമി അകത്തായി. ഇത്തരം കേസുകളിൽ തടവുശിക്ഷ പരമാവധി ഒന്നര വർഷം കൊടുക്കാനേ യുഎസ് നിയമം അനുവദിക്കുന്നുള്ളൂ. എന്നാൽ ടോമിയുടെ ശിക്ഷ അന്തമില്ലാതെ വീണ്ടും തുടരുന്നു. ഇപ്പോഴും അദ്ദേഹം ജയിലിലാണ്.