ഔഡി മാത്രമല്ല; കോഴിക്കോട്ടെ ഈ കമ്പനി ജീവനക്കാർക്ക് നൽകിയത് 1.10 കോടിയുടെ വാഹനങ്ങൾ
Mail This Article
അഞ്ച് വർഷം മാത്രം പ്രായമുള്ള കമ്പനിയുടെ ജനറൽ മാനേജർക്ക് സമ്മാനമായി കമ്പനി നൽകിയത് 65 ലക്ഷത്തിന്റെ ഔഡി ക്യു 3 കാർ. ജനറൽ മാനേജർക്ക് മാത്രമല്ല, മറ്റ് അഞ്ച് ജീവനക്കാർക്കും കാറും സ്കൂട്ടറുമെല്ലാം സമ്മാനമായി നൽകി. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്യാപ് ഇൻഡക്സ് എന്ന ബ്രോക്കിങ് ഏജൻസിയാണ് ജീവനക്കാർക്ക് വിലപിടിച്ച സമ്മാനങ്ങൾ നൽകിയത്. ജനറൽ മാനേജർ പി.വി. ഉമ്മറിന് ഔഡി, ഒരാൾക്ക് വെന്യൂ, ഒരാൾക്ക് സെൽടോസ്, മൂന്ന് പേർക്ക് ഒല സ്കൂട്ടർ എന്നിങ്ങനെയാണ് സമ്മാനം നൽകിയത്. ജീവനക്കാരെ അനുമോദിക്കാൻ സംഘടിപ്പിച്ച പരിപാടിയിലാണ് കാറുകളും സ്കൂട്ടറുകളും സർപ്രൈസായി നൽകിയത്.
1 കോടി 10 ലക്ഷം രൂപയുടെ വാഹനങ്ങളാണ് സമ്മാനമായി നൽകിയെന്ന് സിഇഒ ത്വയിബ് മൊയ്തീൻ പറഞ്ഞു. കാർ സമ്മാനമായി നൽകിയത് വലിയ കാര്യമായി തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 2022ൽ ഇതേ മാനേജർക്ക് ഐ 20 കാർ സമ്മാനമായി നൽകിയിരുന്നു. നിലവിൽ 60 ജീവനക്കാരാണുള്ളത്. 2019ൽ ചോയിസ് ഇക്വിറ്റി ബ്രോക്കിങ്ങുമായി ചേർന്നാണ് കമ്പനി ആരംഭിച്ചത്. 2022ൽ മോത്തിലാലുമായി സഹകരിക്കാൻ തുടങ്ങി. സ്വന്തമായി ബ്രോക്കിങ് നടത്താനാണ് ലക്ഷ്യം വയ്ക്കുന്നത്. രണ്ട് വർഷത്തിനുള്ളിൽ അതിന് സാധിക്കും. കഴിഞ്ഞ സാമ്പത്തിക വർഷം ആഷ്ടെൽ ഗ്രൂപ്പ് കമ്പനിയുെട 40 ശതമാനം ഷെയർ വാങ്ങി. കമ്പനിയുടെ പ്രകടനം വിലയിരുത്തിയാണ് അവർ നിക്ഷേപിക്കാൻ തയാറായത്.
ദുബായ്, കണ്ണൂർ, മലപ്പുറം എന്നിവിടങ്ങളിൽ ഓഫിസുണ്ട്. കൊച്ചിയിൽ മേയ് ഒന്നുമുതൽ ആരംഭിക്കും. ജനുവരി 14ന് കേരളത്തിലെ ഏറ്റവും വലിയ ബ്രോക്കിങ് സെന്റർ കോഴിക്കോട് ആരംഭിച്ചു. 10,000 സ്ക്വയർ ഫീറ്റുള്ള ഓഫിസാണ് ഉദ്ഘാടനം ചെയ്തത്.
25 വർഷമായി ത്വയിബിന്റെ പിതാവ് ഷെയർ മാർക്കറ്റിൽ പ്രവർത്തിക്കുന്നു. കൊപ്ര, മല്ലി, മുളക്, കുരുമുളക് എന്നിവയുടെ കയറ്റുമതി ഉണ്ടായിരുന്നു. അതിനൊപ്പമാണ് ഷെയർ മാർക്കറ്റിലും സജീവമായിരുന്നത്. മോത്തിലാലിന്റെയും ചോയിസിന്റെയും ക്ലൈന്റ് ആയിരുന്നു. പിതാവിന്റെ അനുഭവം കൂടി വച്ചാണ് ബ്രോക്കിങ് മേഖലയിൽ പുതിയ സംരംഭം ആരംഭിച്ചത്. ഇപ്പോൾ 600 ക്ലൈന്റ്സ് ഉണ്ട്. ഇതുപോലെ വരും വർഷങ്ങളിലും സമ്മാനം കൊടുക്കാൻ സാധിക്കട്ടെ എന്നാണ് ആഗ്രഹമെന്നും ത്വയിബ് പറഞ്ഞു.
ഔഡിയുടെ ചെറു എസ്‍യുവി ക്യൂ 3
ജീവനക്കാരെ അനുമോദിക്കാൻ നടത്തിയ ചടങ്ങിൽ ജനറൽ മാനേജറെ അമ്പരിപ്പിച്ചുകൊണ്ടായിരുന്നു ഔഡിയുടെ ക്യു 3 എസ്‍യുവി സമ്മാനിച്ചത്. വാഹനം സമ്മാനിക്കുന്നതും ഉമർ അതിൽ ആശ്ചര്യപ്പെടുന്നതും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിൽ കാണാവുന്നതാണ്. ജോലിയിൽ മികച്ച പ്രകടനം കാഴ്ച വെച്ചവരെ അഭിനന്ദിക്കുന്നതിനായി കോഴിക്കോട് വെച്ച് നടത്തിയ പാർട്ടിയിലായിരുന്നു ഈ 'സർപ്രൈസ്' സമ്മാന വിതരണം.
ഔഡി നിരയിലെ ചെറു എസ്‍യുവിയാണ് ക്യ 3. പെട്രോള്‍ ഓട്ടോമാറ്റിക് മോഡലിലാണ് വാഹനം ലഭിക്കുന്നു. പ്രീമിയം, പ്രീമിയം പ്ലസ്, ടെക്‌നോളജി എന്നിങ്ങനെ മൂന്ന് വേരിയന്റുകളുള്ള ഈ ചെറു എസ്‍യുവിയുടെ എക്സ്ഷോറൂം വില ഏകദേശം 43 ലക്ഷം രൂപ മുതല്‍53.16 ലക്ഷം രൂപ വരെയാണ്. ഇതിൽ ഷോറൂം വില 48.11 ലക്ഷം രൂപ വില വരുന്ന പ്രീമിയം പ്ലസ് മോഡലാണ് സമ്മാനമായി നൽകിയത്. 190 പിഎസ് പവറും 320 എൻഎം ടോര്‍ക്കും നല്‍കുന്ന 2.0 ലീറ്റര്‍ ടിഎപ്എസ്ഐ പെട്രോള്‍ എൻജിനാണ് Q3 ശ്രേണിക്ക് കരുത്ത് പകരുന്നത്.
ഇതു കൂടാതെ കിയ എസ്‍യുവി സെൽറ്റോസും ഹ്യുണ്ടേയ് ചെറു എസ്‍യുവി വെന്യുവും ഓലയുടെ ഇലക്ട്രിക് സ്കൂട്ടർ എസ്‍വണ്ണും സമ്മാനമായി നൽകിയിട്ടുണ്ട്. ഹ്യുണ്ടേയ് ചെറു എസ്‍യുവിയായ വെന്യുവിന്റെ 1.5 ലീറ്റർ ടർബോ പെട്രോൾ എസ്എക്സ് ഒ മോഡലാണ് സമ്മാനിച്ചത്. ഏകദേശം 16 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ഓലയുടെ ഏറ്റവും ഉയർന്ന മോഡലായ എസ് വൺ പ്രോയുടെ വില 1.29 ലക്ഷം രൂപയാണ്. ഒറ്റ ചാർജിൽ 195 കിലോമീറ്റർ വരെ റേഞ്ചുണ്ട്.