ADVERTISEMENT

കടുത്ത മത്സരം നടക്കുന്ന ഇന്ത്യയിലെ എസ് യു വി വിപണിയിലേക്ക് അവസാനമെത്തിയ മോഡലാണ് മഹീന്ദ്രയുടെ ഥാര്‍ റോക്‌സ്. 3 ഡോര്‍ ഥാറിന്റെ പിന്‍ഗാമിയായെത്തിയ 5 ഡോര്‍ ഥാര്‍ റോക്‌സിന് നിരവധി എതിരാളികളും ഇന്ത്യന്‍ വിപണിയിലുണ്ട്. 5 ഡോര്‍ ഫോഴ്‌സ് ഗൂര്‍ഖയാണ് നേര്‍ക്കു നേര്‍ ഥാറിന്റെ എതിരാളിയായെത്തുന്ന ഒരു മോഡല്‍. കുഞ്ഞനെങ്കിലും മാരുതി സുസുക്കി ജിംനിയേയും ഒഴിവാക്കാനാവില്ല. വെല്ലുവിളിയാവില്ലെന്ന് മഹീന്ദ്ര പറയുമ്പോഴും സ്‌കോര്‍പിയോ എന്നും ഥാര്‍ റോക്‌സുമായി താരതമ്യപ്പെടുത്താവുന്ന വാഹനമാണ്. 

Jimny
Jimny

വലുപ്പം

ഈ നാലു മോഡലുകളില്‍ ഏറ്റവും കൂടുതല്‍ നീളവും വീതിയും സ്‌കോര്‍പിയോ എന്നിനു(4662 എംഎം, 1917 എംഎം) തന്നെ. രണ്ടാം സ്ഥാനം ഥാര്‍ റോക്‌സിനും(4428 എംഎം, 1870എംഎം) മൂന്നാം സ്ഥാനം ഗൂര്‍ഖ 5 ഡോറിനുമാണ്(4390എംഎം, 1865എംഎം). നാലു മീറ്ററില്‍ താഴെ വലിപ്പമുള്ള(3985എംഎം) ജിമ്‌നി തന്നെയാണ് നീളത്തിലും വീതിയിലും(1645എംഎം) പിന്നില്‍. അതേസമയം ഉയരം കൂടുതല്‍ ഗൂര്‍ഖ 5 ഡോറിനാണ്(2095എംഎം). രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങള്‍ യഥാക്രമം ഥാര്‍ റോക്‌സിനും(1923എംഎം), സ്‌കോര്‍പിയോ എന്‍(1857എംഎം), ജിമ്‌നിക്കുമാണ്(1720എംഎം). വീല്‍ബേസിലും(2850എംഎം) വീല്‍ സൈസിലും(19 ഇഞ്ച് വരെ) ഥാര്‍ റോക്‌സാണ് മുന്നില്‍. സ്‌കോര്‍പിയോ എന്നിലും ഗൂര്‍ഖ 5 ഡോറിലും 18 ഇഞ്ച് വരെയാണ് ടയര്‍ സൈസ്. ജിമ്‌നിക്കാവട്ടെ 15 അഞ്ചാണ് വീല്‍ സൈസ്. 

mahindra-scorpio-n-image-845-440

എന്‍ജിന്‍

ഒരേ എന്‍ജിന്‍ പങ്കുവെക്കുന്ന ഥാര്‍ റോക്‌സും സ്‌കോര്‍പിയോ എന്നും മാത്രമാണ് പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ എത്തുന്നത്. ഗൂര്‍ഖയില്‍ ഡീസല്‍ എന്‍ജിന്‍ മാത്രവും ജിമ്‌നിയില്‍ പെട്രോള്‍ എന്‍ജിന്‍ മാത്രവുമാണുള്ളത്. ഥാര്‍ റോക്‌സ് പെട്രോളില്‍ മാനുവല്‍ വകഭേദത്തിന് 162എച്ച്പി കരുത്തും 330എന്‍എം ടോര്‍ക്കുമാണുള്ളത്. ഓട്ടമാറ്റിക്കിലേക്കെത്തുമ്പോള്‍ ഇത് 177ബിഎച്ച്പി കരുത്തും 380 എന്‍എം ടോര്‍ക്കുമായി ഉയരും. അതേസമയം സ്‌കോര്‍പിയോ എന്നിലേക്കു വരുമ്പോള്‍ മാനുവലായാലും ഓട്ടമാറ്റിക്കായാലും കരുത്ത് 203 എച്ച്പിയിലേക്കുയരും. 

4 സിലിണ്ടര്‍ 2.6 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഗൂര്‍ഖ 5 ഡോറില്‍. 140 എച്ച്പി കരുത്തും 320എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന വാഹനമാണിത്. അതേസമയം ജിന്മിയില്‍ 4 സിലിണ്ടര്‍ 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ്. 105എച്ച്പി കരുത്തും പരമാവധി 134 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. ഥാര്‍ റോക്‌സിലും സ്‌കോര്‍പിയോ എന്നിലും റിയര്‍ വീല്‍ ഡ്രൈവ്, 4 വീല്‍ ഡ്രൈവ് ഓപ്ഷനുകളുണ്ട്. അതേസമയം ഗൂര്‍ഖ 5 ഡോര്‍, ജിമ്‌നി മോഡലുകളില്‍ 4 വീല്‍ ഡ്രൈവ് മാത്രമാണുള്ളത്. 6 സ്പീഡ് മാനുവല്‍/ ഓട്ടമാറ്റിക് ഓപ്ഷനുകള്‍ ഥാര്‍ റോക്‌സിലും സ്‌കോര്‍പിയോ എന്നിലുമുണ്ട്. അതേസമയം 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമാണ് ഗൂര്‍ഖയിലുള്ളത്. ജിമ്‌നിയില്‍ 5 സ്പീഡ് മാനുവല്‍/ 4 സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുണ്ട്. 

ഓഫ് റോഡ് മികവ്

ഏറ്റവും മികച്ച അപ്രോച്ച് ആംഗിള്‍ ഥാര്‍ റോക്‌സിനാണ്(41.7 ഡിഗ്രി). ഗൂര്‍ഖയും(39 ഡിഗ്രി), ജിമ്‌നിയും(36 ഡിഗ്രി) പിന്നിലാണ്. അതേസമയം മികച്ച ഡിപ്പാര്‍ച്ചര്‍ ആംഗിള്‍(46 ഡിഗ്രി) ജിമ്‌നിക്കാണ്. ഗൂര്‍ഖയും(37 ഡിഗ്രി), ഥാര്‍ റോക്‌സും(36.1 ഡിഗ്രി) പിന്നാലെ വരും. ഗൂര്‍ഖ, ജിമ്‌നി, ഥാര്‍ റോക്‌സ് എന്നിവയുടെ റാംപ് ഓവര്‍ ആംഗിള്‍ യഥാക്രമം 28 ഡിഗ്രി, 24 ഡിഗ്രി, 23.9 ഡിഗ്രി എന്നിങ്ങനെയാണ്. ഗ്രൗണ്ട് ക്ലിയറന്‍സില്‍ ഗൂര്‍ഖ 5 ഡോറാണ്(213എംഎം) മുന്നില്‍. ജിമ്‌നിയും(210എംഎം), സ്‌കോര്‍പിയോ എന്നും(187എംഎം) പിന്നാലെയുണ്ട്. അതേസമയം ഥാര്‍ റോക്‌സിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ് മഹീന്ദ്ര ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. വാട്ടര്‍ വേഡിങ് കപ്പാസിറ്റിയില്‍ ഗൂര്‍ഖ(700എംഎം), ഥാര്‍ റോക്‌സ്(650എംഎം), സ്‌കോര്‍പിയോ എന്‍(500എംഎം), ജിമ്‌നി(310എംഎം) എന്നിങ്ങനെയാണ് ഈ വാഹനങ്ങളുടെ മികവ്. സ്‌കോര്‍പിയോ എന്നിന്റെ അപ്രോച്ച്, ഡിപ്പാര്‍ച്ചര്‍, റാംപ് ഓവര്‍ ആംഗിളുകള്‍ മഹീന്ദ്ര പുറത്തുവിട്ടിട്ടില്ല. 

വില

ഥാര്‍ റോക്‌സിന്റെ പെട്രോള്‍, ഡീസല്‍ റിയല്‍ വീല്‍ ഡ്രൈവ് മോഡലുകളുടെ വില മാത്രമാണ് മഹീന്ദ്ര പുറത്തുവിട്ടിരിക്കുന്നത്. 4×4 വകഭേദങ്ങളുടെ വില വരാനിരിക്കുന്നതേയുള്ളൂ. ഒക്ടോബര്‍ രണ്ടിന് ഔദ്യോഗികമായി ബുക്കിങ് ആരംഭിക്കുന്നതിന് മുമ്പ് ഈ വിലയും പുറത്തുവരും. നിലവില്‍ ഥാര്‍ റോക്‌സിന് 12.99 ലക്ഷം മുതല്‍ 20.49 ലക്ഷം രൂപ വരെയാണ് വില. മഹീന്ദ്രയുടെ ലൈനപ്പില്‍ സ്‌കോര്‍പിയോ എന്നിന്(13.85 ലക്ഷം-24.54 ലക്ഷം രൂപ) താഴെയാണ് ഥാര്‍ റോക്‌സിന്റെ സ്ഥാനം. ഥാര്‍ റോക്‌സിന്റെ 4×4 വകഭേദം വന്നാലും അതങ്ങനെ തന്നെയാവാനാണ് സാധ്യത. ഗൂര്‍ഖ 5 ഡോറിന് 18 ലക്ഷം രൂപയാണ് വില. ഏറ്റവും വില കുറഞ്ഞ മോഡല്‍ മാരുതി സുസുക്കിയുടെ ജിമ്‌നിയാണ്(12.74 ലക്ഷം -14.79 ലക്ഷം രൂപ).

English Summary:

Mahindra Thar Rox vs rivals: dimensions, specs and prices compared

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com