ലിത്വാനിയയിൽ ചരക്ക് വിമാനം തകർന്നു; ഒരു മരണം, മൂന്ന് പേർക്ക് പരുക്ക്
Mail This Article
ലൈപ്സിഗ്/വില്‍നിയസ് (ലിത്വാനിയ)∙ ലിത്വാനിയൻ തലസ്ഥാനമായ വില്‍നിയസിന് സമീപമുള്ള ജനവാസ കേന്ദ്രത്തിൽ ജർമൻ ചരക്ക് വിമാനം പുലർച്ചെ തകർന്നു വീണതിനെ തുടർന്നുണ്ടായ അപകടത്തിൽ ഒരു മരണം. മൂന്ന് പേർക്ക് പരുക്കേറ്റു. മരിച്ചയാൾ സ്പാനിഷ് പൗരനും വിമാനത്തിന്‍റെ പൈലറ്റുമാണ്. ജർമൻ, സ്പെയിൻ, ലിത്വാനിയൻ പൗരന്മാരാണ് പരുക്കേറ്റവർ. വിമാനത്തിൽ രണ്ട് പൈലറ്റുമാരും രണ്ട് ഡിഎച്ച്എൽ ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്.
ജർമനിയിലെ തപാല്‍ സേവന ദാതാക്കളായ ഡിഎച്ച്എല്ലിന് വേണ്ടി ലൈപ്സിഗിൽ നിന്ന് പറന്നുയർന്ന ഈ വിമാനം ലീപ്കാല്‍നിസ് ജില്ലയിലെ ഒരു റസിഡൻഷ്യൽ കെട്ടിടത്തിലാണ് ഇടിച്ചത്. സംഭവത്തെ തുടർന്ന് തീപിടിത്തവും ഉണ്ടായി. അപകട സമയത്ത് ഉറങ്ങുകയായിരുന്ന പന്ത്രണ്ട് താമസക്കാരെ കെട്ടിടത്തിൽ നിന്ന് സുരക്ഷിതമായി മാറ്റി.
ബോയിംഗ് 737 വിമാനത്തിന് 31 വർഷം പഴക്കമുണ്ടെന്നും എയറോ ഇന്‍റർനാഷനൽ റജിസ്ട്രേഷനോടെയാണ് ഇത് പറക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിമാനം തകർന്നതിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ലിത്വാനിയൻ മേയർ വാൾഡാസ് ബെൻകുൻസ്കാസ് പറഞ്ഞു.