ആവശ്യക്കാർ കൂടിയതോടെ ഷാർജയിൽ വാടക കുതിച്ച് കയറി; പ്രതികരണവുമായി പ്രവാസികൾ
Sharjah Rental Law
Mail This Article
ഷാർജ ∙ യുഎഇയുടെ സാംസ്കാരിക നഗരമായ ഷാർജയില്‍ വാടക വർധനവ് രേഖപ്പെടുത്തുന്നു. ദുബായില്‍ ജോലി ചെയ്യുന്നവരാണെങ്കിലും വാടക കുറവ് പ്രയോജനപ്പെടുത്തി ഷാർജയില്‍ താമസിക്കുന്നത് പതിവാണ്. എന്നാല്‍ കോവിഡിന് ശേഷം ദുബായില്‍ വാടകയില്‍ വർധനവുണ്ടായിട്ടുണ്ട്. ഇതോടെ മിക്കവരും ഷാർജയിലേക്ക് താമസം മാറ്റി. ആവശ്യക്കാർ കൂടിയതോടെ സ്വഭാവികമായും ഷാർജയിലും വാടക വർധിച്ചു.
മുന്‍വർഷങ്ങളെ അപേക്ഷിച്ച് ഷാർജയില്‍ ചിലയിടത്ത് വാടകയില്‍ 30 മുതല്‍ 50 ശതമാനം വരെയാണ് വർധനവ് രേഖപ്പെടുത്തിയിട്ടുളളതെന്ന് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവർത്തിക്കുന്നവർ പറയുന്നു. യുഎഇയില്‍ കോവിഡിന് ശേഷമുണ്ടായ സാമ്പത്തിക വളർച്ചയാണ് വാടകവിലയില്‍ പ്രതിഫലിക്കുന്നത്.
∙ ആവശ്യക്കാർ കൂടി, വാടകയും
ഷാർജയില്‍ 18,000 മുതല്‍ 20,000 ദിർഹം വരെ വാർഷിക വാടകയുണ്ടായിരുന്ന ഒരുമുറി ഫ്ലാറ്റിന് വാർഷിക വാടക 28,000 ദിർഹത്തിന് മുകളിലെത്തി. സ്റ്റുഡിയോ ഫ്ലാറ്റിനാകട്ടെ, 13,000 ല്‍ നിന്ന് 17,000 ദിർഹമായി ഉയർന്നു. രണ്ട് മുറി ഫ്ലാറ്റിന് നിലവില്‍ 33,000 മുതല്‍ 36,000 വരെയാണ് വാർഷിക വാടക. നേരത്തെ 22,000 മുതല്‍ 25,000 ദിർഹം വരെയുണ്ടായിരുന്ന സ്ഥാനത്താണിത്. തൃശൂർക്കാരനായ ജാക്സന്‍ കുരുവിള 2014 ലാണ് യുഎഇയിലെത്തുന്നത്.
അജ്മാന്‍ ഹംറിയ ഫ്രീസോണില്‍ ത്രി ഡി ഡിസൈനറായി ജോലി ചെയ്യുന്ന ജാക്സണ്‍ 2018 ലാണ് ഷാർജയിലേക്ക് മാറുന്നത്. 2020 ല്‍ കുടുംബമെത്തിയപ്പോള്‍ ഷാർജ റോളയില്‍ അല്‍ മജ്റ പാർക്കിനടുത്ത് ഒരുമുറി ഫ്ലാറ്റിലേക്ക് മാറി. അന്ന് 19,000 ദിർഹമായിരുന്ന വാർഷിക വാടക. കോർണിഷിനടുത്തായതുകൊണ്ടുതന്നെ ഇഷ്ടഇടമായിരുന്നു അത്. ഇക്കഴിഞ്ഞ ഒക്ടബോറില്‍ വാടകകരാർ പുതുക്കാനായി ചെന്നപ്പോഴാണ് വാടക 30 ശതമാനം ഉയർത്തിയതായി വാടകയുടമ അറിയിക്കുന്നത്. അത് പ്രകാരം വാടക 25,000 ദിർഹമായി ഉയർന്നു. ഇതോടെ അജ്മാനിലേക്ക് മാറാന്‍ തീരുമാനിച്ചു. പുതിയ ബില്‍ഡിങ്ങിലാണ് ഫ്ലാറ്റെന്നുളളത് ആകർഷകമായി, കൂടാതെ 25,000 ദിർഹം തന്നെ വാർഷിക വാടകയെങ്കിലും ഓഫിസ് അടുത്തായതിനാല്‍ യാത്രസംബന്ധമായ ചെലവ് കുറഞ്ഞു. ഗതാഗതകുരുക്കും ഒഴിവായിക്കിട്ടിയെന്നും ജാക്സണ്‍ പറയുന്നു.
∙ വാടക നിയമമിങ്ങനെ
ഷാർജയില്‍ പുതിയ വാടക നിയമം വന്നതോടെ, വാടകകരാർ ആരംഭിക്കുന്നത് മുതല്‍ മൂന്ന് വർഷത്തേക്ക് വാടക ഉയർത്താന്‍ ഉടമകള്‍ക്ക് സാധിക്കില്ല. ഇതിനിടെ വാടക ഉയർത്തിയാല്‍ അടുത്ത രണ്ട് വർഷത്തേക്ക് വർധനവരുത്താനുമാകില്ല. എന്നാല്‍ ഇങ്ങനെ ഉയർത്തുന്ന വാടകയ്ക്ക് പരിധിയില്ല. സമീപപ്രദേശത്തെ വാടക വിലയ്ക്ക് ആനുപാതികമായി വേണം വാടക വർധനയെന്ന് നിയമം അനുശാസിക്കുന്നുണ്ടെങ്കിലും ഇത് തീരുമാനിക്കുന്നത് വാടക ഉടമസ്ഥനാണെന്നതാണ് വാടകക്കാരുടെ പരാതി.
നിയമങ്ങള്‍ പാലിക്കാതെ റിയല്‍ എസ്റ്റേറ്റ് ഉടമ വാടക കൂട്ടിയപ്പോള്‍ റെന്റല്‍ ഡിസ്പ്യൂട്ടിനെ സമീപിച്ചു മലപ്പുറം തിരൂർ സ്വദേശിയായ ജെയ്സല്‍. അബുദബിയിലായിരുന്ന ജെയ്സല്‍ രണ്ട് വർഷമായി ഷാർജ മുവൈലയില്‍ ഒരുമുറി ഫ്ലാറ്റിലാണ് താമസം. 19,000 ദിർഹം വാർഷിക വാടകയ്ക്കാണ് കരാർ ആരംഭിച്ചത്. മൂന്നുവർഷം പൂർത്തിയാകാതെ വാടകവർധിപ്പിക്കാന്‍ പാടില്ലെന്ന നിയമമിരിക്കെ അത് വ്യക്തമാക്കി വാടകവർധിപ്പിക്കരുതെന്ന് റിയല്‍ എസ്റ്റേറ്റ് ഉടമയോട് ആവശ്യപ്പെട്ടുവെങ്കിലും ആദ്യം ഫലമുണ്ടായില്ല. തുടർന്നാണ് റെന്റല്‍ ഡിസ്പ്യൂട്ട് സെന്ററിനെ സമീപിച്ചത്. പരാതി പരിഗണിച്ച സെന്റർ അതേ വാടക ഷാർജ മുനിസിപ്പാലിറ്റി മുഖേന അടയ്ക്കാമെന്ന് അറിയിച്ചു. ഇതോടെ വീണ്ടും റിയല്‍ എസ്റ്റേറ്റ് ഉടമയില്‍ നിന്നും പ്രതിനിധി വിളിച്ച് വാടക ഉയർത്തുന്നില്ലെന്ന് അറിയിച്ചു, ജെയ്സല്‍ പറയുന്നു.
∙ വാടക പരാതി പരിഹാരകേന്ദ്രം
വാടക സംബന്ധമായ പരാതികളുണ്ടെങ്കില്‍ അതിവേഗ പരിഹാരമെന്ന രീതിയിലാണ് ഷാർജ വാടക പരാതി പരിഹാരകേന്ദ്രം (റെന്റല്‍ ഡിസ്പ്യൂട്ട് സെന്റർ) ആരംഭിച്ചത്. നിയമപരമല്ലാതെ വാടക വർധിപ്പിക്കുന്നതടക്കമുളള കാര്യങ്ങളില്‍ പരാതിയുണ്ടെങ്കില്‍ താമസക്കാർക്കും, മറ്റ് തരത്തിലുളള പരാതിയുണ്ടെങ്കില്‍ റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ക്കും കേന്ദ്രത്തെ സമീപിക്കാം. ഉടനടി തന്നെ പരിഹാരമുണ്ടാകും.
ഷാർജ ഖാസിമിയിലാണ് തൃശൂർ സ്വദേശിയായ ബ്രിട്ടോ താമസിക്കുന്നത്. 18,000 വാർഷിക വാടകയെന്നരീതിയില്‍ 5 വർഷം മുന്‍പ് ഒറ്റമുറി ഫ്ലാറ്റെടുത്തത്. കോവിഡ് സമയത്ത് വാടക കുറച്ച് 15,000 ദിർഹമാക്കിയിരുന്നു. 2024 ല്‍ വാർഷിക വാടക 18,000 ദിർഹമാക്കി. അടുത്തതവണ വാടക 20,000 അല്ലെങ്കില്‍ 22,000 എന്നതിലേക്ക് ഉയർത്തുമെന്നാണ് അറിയിച്ചിട്ടുളളതെന്നും ബ്രിട്ടോ പറയുന്നു. ആവശ്യക്കാർ കൂടിയതോടെ വാടകയില്‍ ക്രമാനുഗതമായ വർധനയാണ് അനുഭവപ്പെടുന്നതെന്നും ബ്രിട്ടോ പറയുന്നു.
ഷാർജ മുനിസിപ്പാലിറ്റിയുടെ കണക്ക് അനുസരിച്ച് 2024 ന്‍റെ ആദ്യപകുതിയില്‍ വാടക കരാറുകളുടെ കണക്കില്‍ 26 ശതമാനമാണ് വർധന. ഇത് പ്രകാരം, 81,921 കരാറുകള്‍ നിയമവിധേയമായി അംഗീകരിച്ചു. 2023 ല്‍ ഇത് 64,878 ആയിരുന്നു.