തുർക്കിയിൽ റഷ്യൻ വിമാനത്തിന് തീപിടിച്ചു; യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു
Mail This Article
ബര്‍ലിന്‍ ∙ തുർക്കിയിലെ അന്‍റാലിയയിലെ വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത റഷ്യൻ യാത്രാ വിമാനത്തിന് തീപിടിച്ചു. റഷ്യൻ ജെറ്റിന്‍റെ എൻജിൻ പൊട്ടിത്തെറിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. അസിമുത്ത് എയർലൈൻസിന്‍റെ സുഖോയ് സൂപ്പർജെറ്റ് 100 വിമാനത്തിനാണ് തകരാർ ഉണ്ടായത്.
റഷ്യയിലെ സോചിയിൽ നിന്നും 89 യാത്രക്കാരും ആറ് ജീവനക്കാരുമായിട്ടാണ് വിമാനം അന്‍റാലിയയിലെത്തിയത്. പൈലറ്റിന്‍റെ അടിയന്തര സന്ദേശത്തെ തുടർന്ന് വിമാനത്താവള അധികൃതർ എല്ലാ വിധ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നു. അഗ്നിശമന സേന ഉടൻ തന്നെ തീ നിയന്ത്രണ വിധേയമാക്കി.
എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി റഷ്യൻ സ്റ്റേറ്റ് ഏജൻസി ടാസ് റിപ്പോർട്ട് ചെയ്തു. ഏഴ് വർഷം പഴക്കമുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാൻഡിങ് സമയത്ത് പ്രതികൂല കാലാവസ്ഥ നിലനിന്നിരുന്നതായും റിപ്പോർട്ടുകളുണ്ട്. പാശ്ചാത്യ ഉപരോധം കാരണം റഷ്യൻ വിമാനക്കമ്പനികൾക്ക് വിമാനങ്ങൾ പരിപാലിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നു എന്ന ആശങ്കയും സംഭവത്തെ തുടർന്ന് ഉയർന്നിട്ടുണ്ട്.