മിസ് ആൻഡ് മിസിസ് സൗന്ദര്യ കിരീടത്തിൽ മുത്തമിട്ട് ഡോ. അര്‍ച്ചന പ്രദീപും ശ്രീപ്രിയ ശ്രീലതയും
Mail This Article
ലണ്ടൻ ∙ സൗന്ദര്യവും പ്രതിഭയും മിന്നിമറിഞ്ഞ കലാ- സാംസ്കാരിക ആഘോഷത്തിനിടെ അഴകളവുകൾ തുലനം ചെയ്തപ്പോൾ ബ്രിട്ടനിലെ മിസ് ആൻഡ് മിസിസ് സൗന്ദര്യ കിരീടത്തിന് അവകാശികളായി. മിസ്സിസ് വിഭാഗത്തില്‍, ഡോ. അര്‍ച്ചന പ്രദീപ് (ലെസ്റ്റര്‍) വിജയിയായി. ആര്‍ച്ച അജിത് (ലണ്ടന്‍) ഒന്നാം റണ്ണറപ്പായും ഡോ. ജാസ്മിന്‍ സെബാസ്റ്റ്യന്‍ (ലണ്ടന്‍) രണ്ടാം റണ്ണറപ്പായും തെരഞ്ഞെടുക്കപ്പെട്ടു.
മിസ് വിഭാഗത്തില്‍, ശ്രീപ്രിയ ശ്രീലത (ഷെഫീല്‍ഡ്) വിജയിയായി. അന്ന റോസ് പോള്‍ (നനീറ്റണ്‍) ഒന്നാം റണ്ണറപ്പും ക്രിസ്റ്റീന സെബാസ്റ്റ്യന്‍ (ലണ്ടന്‍) രണ്ടാമത്തെ റണ്ണറപ്പുമായി തെരഞ്ഞെടുക്കപ്പെട്ടു. കലാ-സൗന്ദര്യ ആരാധകർ തിങ്ങി നിറഞ്ഞ സായാഹ്നത്തില്‍ ഹാരോയിലെ ഗ്രേറ്റ് ഹാളിലായിരുന്നു ഏറെ പ്രതീക്ഷകളോടേ എല്ലാവരും കാത്തിരുന്ന മിസ് & മിസ്സിസ് മലയാളി യുകെ ബ്യൂട്ടി മത്സരം. ഫാഷന്‍ ഡിസൈനറായ കമല്‍ രാജ് മാണിക്കത്തിന്‍്റെയും വൈബ്രന്റ്സ് ലണ്ടന്റെയും നേതൃത്വത്തിലായിരുന്നു പരിപാടികൾ.
പാരമ്പര്യത്തിന്‍റെയും ആധുനികതയുടെയും അതിശയകരമായ മിശ്രിതമായി വിവിധ റൗണ്ടുകളില്‍ മത്സരാര്‍ത്ഥികള്‍ കാണികളെ അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ച്ചവച്ചത്. മലയാളി സംസ്‌കാരവും സമ്പന്നതയും ആചാരങ്ങളും ആഘോഷിക്കുന്ന പാരമ്പര്യ വേഷത്തിലും ഉന്നതനിലവാരവും ആധുനിക ശൈലിയും ഉള്‍പ്പെടുന്ന ഇവനിംഗ് വെയറിലും, രാജാ രവിവര്‍മ്മ ചിത്രങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കമല്‍രാജ് അണിയിച്ചൊരുക്കിയ പ്രത്യേക പൈതൃക റൗണ്ടിലുമായി മത്സരാര്‍ത്ഥികളുടെ ഉജ്ജ്വല പ്രകടനമാണ് അരങ്ങേറിയത്.
പ്രൗഢഗംഭീരമായ ഉദ്ഘാടനചടങ്ങില്‍ പ്രശസ്ത ഫുട്ബോളറും സിനിമാതാരവുമായ ഐ. എം. വിജയന്‍ വിശിഷ്ടാതിഥിയായിരുന്നു. യുക്മ ദേശീയ വക്താവ് അഡ്വ. എബി സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. അമേരിക്കന്‍ മോഡലും ബ്യൂട്ടി പേജന്റ് ജേതാവുമായ പൂജാ തിവാരിയുടെ സാന്നിധ്യം ചടങ്ങിന് മിഴിവേകി. പരിപാടിയുടെ വിജയത്തില്‍ പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ കൂടിയായ കമല്‍രാജ് മാണിക്കത്ത് അഭിമാനം പ്രകടിപ്പിച്ചു. 'യു.കെ മലയാളി വനിതകളുടെ കരുത്തിന്‍റെയും ആത്മവിശ്വാസത്തിന്‍റെയും തെളിവായിരുന്നു ഈ മത്സരത്തിന്റെ വിജയമെന്ന് അദ്ദേഹം പറഞ്ഞു.
മിസ് മലയാളി യുകെ, മിസിസ് മലയാളി യുകെ എന്നിങ്ങനെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പട്ടങ്ങളുടെ കിരീടധാരണത്തോടെ ഈ മനോഹരസായാഹ്നത്തിന് സമാപനമായി. സെലിബ്രറ്റി ഗസ്റ്റ്, 'ദൃശ്യം' ഫെയിം എസ്തേര്‍ അനില്‍ വിജയികളെ കിരീടമണിയിച്ചു. പരിചയസമ്പന്നരായ കലാഭവന്‍ നൈസ്, ഹണി പ്രേംലാല്‍, പയസ് ജോണ്‍ എന്നിവരായിരുന്നു ജഡ്ജിങ് പാനലില്‍ ഉണ്ടായിരുന്നത്.
സൗന്ദര്യം, ബുദ്ധി, സാംസ്കാരിക അഭിമാനം, നിലപാടുകൾ എന്നിവയെ അടിസ്ഥാനമാക്കി വിജയികളെ തീരുമാനിച്ച ഈ പരിപാടി വനിതാ ശാക്തീകരണത്തിന്‍റെയും സൗന്ദര്യ ആഘോഷത്തിന്‍റെയും വേദിയായി മാറി. ദീപ നായര്‍, സ്മൃതി രാജ്, പാര്‍വതി പിള്ള, ഏയ്ഞ്ചല്‍ റോസ്, അശ്വതി അനീഷ്, ഷാരോണ്‍ സജി എന്നിവര്‍ ഉള്‍പ്പെടുന്ന ഈ മേഖലയിലെ പരിചയസമ്പന്നരാണ് പിന്നണിയില്‍ പ്രവര്‍ത്തിച്ചത്.