സ്നേഹസപ്ർശം; അയർലൻഡ് സർക്കാരിന്റെ നഴ്സിങ് ഹോംസ് അംഗീകാരം മള്ളൂശേരി സ്വദേശിനി അഷ്ബി ബേബിക്ക്
Mail This Article
കോട്ടയം ∙ ആർദ്രതയിറ്റുന്ന വാക്കും സ്പർശവും പരിചരണവുമാണ് അഷ്ബി ബേബിയുടെ സമ്പത്ത്. സ്നേഹഭരിതമായ ആ കർമവഴിയിൽ അംഗീകാരത്തിന്റെ മുദ്ര ചാർത്തുകയാണ് അയർലൻഡ് സർക്കാർ. അവരുടെ നഴ്സിങ് ഹോംസ് ദേശീയ അംഗീകാരം മള്ളൂശേരി കാരിയിൽ അഷ്ബിക്കാണ്. ഒഫലി കൗണ്ടിയിൽ ടുലമോറിലെ നഴ്സിങ് ഹോമിൽ ഹെൽത്ത് കെയർ അസിസ്റ്റന്റായ അഷ്ബിയെ തേടി ഈ അംഗീകാരം എത്തിയതിനു പിന്നിലൊരു കഥയുണ്ട്.
2 വർഷം മുൻപാണ് അഷ്ബി അയർലൻഡിലെത്തിയത്. ജോലി ലഭിച്ച നഴ്സിങ് ഹോമിൽ 88 വയസ്സുകാരനായ കേൾവിപരിമിതിയുള്ള മൈക്കിൾ ഫോളിയെ പരിചരിച്ചത് അഷ്ബിയാണ്. അദ്ദേഹത്തോട് സംസാരിച്ചിരുന്നത് കടലാസിൽ എഴുതി നൽകിയാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ വരുമ്പോൾ ആംഗ്യഭാഷയിൽ സംസാരിക്കുന്നത് കണ്ടുപഠിച്ചു. ആംഗ്യഭാഷയിൽ സംസാരം തുടങ്ങിയത് അദ്ദേഹത്തിനും അവരുടെ കുടുംബത്തിനും സന്തോഷമായി. സ്നേഹം നിറഞ്ഞ ആ പരിചരണമികവ് പുരസ്കാരത്തിനു മുഖ്യകാരണമായി.
420 നഴ്സിങ് ഹോമുകളിലെ ജീവനക്കാരെയാണ് അവാർഡിനായി പരിഗണിച്ചത്. പരിചരണം നൽകുന്ന കുടുംബങ്ങളുടെ അഭിപ്രായം ശേഖരിച്ചാണ് പുരസ്കാരനിർണയം. കഴിഞ്ഞദിവസം ഡബ്ലിൻ മാൻഷൻ ഹൗസിൽ ധനമന്ത്രി ജാക്ക് ചേംബേർസ് പുരസ്കാരം സമ്മാനിച്ചു. ചടങ്ങിൽ സാരി ധരിച്ച് എത്തിയ അഷ്ബിക്ക് മന്ത്രിയുടെയും ആരോഗ്യവകുപ്പിന്റെയും അഭിനന്ദനം കിട്ടി. ഷിനോ ചാണ്ടിയാണ് അഷ്ബിയുടെ ഭർത്താവ്. മക്കൾ: ആൽബിൻ, അലോന,അലക്സി.