മദ്യലഹരിയിലായിരുന്ന ട്രക്ക് ഡ്രൈവർ ജർമനിയിൽ അപകടമുണ്ടാക്കി; 26 പേർക്ക് പരുക്ക്
Mail This Article
ബര്‍ലിന്‍ ∙ മദ്യത്തിന്‍റെയും ലഹരിമരുന്നിന്‍റെയും ലഹരിയിലായിരുന്ന പോളിഷ് ട്രക്ക് ഡ്രൈവർ ശനിയാഴ്ച പടിഞ്ഞാറൻ ജർമനിയിലെ നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ സംസ്ഥാനത്ത് രണ്ട് ഹൈവേകളിൽ അപകടമുണ്ടാക്കി. സംഭവത്തിൽ 26 പേർക്ക് പരുക്കേറ്റു. ഇരുഅപകടങ്ങളിലുമായി നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ എട്ട് പേരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. 30 വയസ്സുകാരനായ ട്രക്ക് ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം വൻ ഗതാഗതക്കുരുക്കിനും കാരണമായി.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് നൊയസ് നഗരത്തിന് സമീപമുള്ള എ 46 ഓട്ടോബാനിൽ ട്രക്ക് തെറ്റായ ദിശയിൽ ഓടിക്കുന്നതായി റിപ്പോർട്ടുകൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. ഹൈവേ പൊലീസ് പുറപ്പെടുവിച്ച സ്റ്റോപ്പ് ഉത്തരവുകൾ ഡ്രൈവർ അവഗണിച്ചു. തുടർന്ന് ട്രക്ക് എ 1 ഓട്ടോബാനിലേക്ക് ഓടിക്കയറുകയും നിരവധി വാഹനങ്ങളുമായി കൂട്ടിയിടിച്ച ട്രക്ക് തകർന്ന തരിപ്പണമായി. ഡ്രൈവറുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.