പേരുകളിലെ രസകരമായ കണക്ക്; ഇംഗ്ലണ്ടിലെ നവജാത ശിശുക്കളിൽ ഒന്നാം പേരുകാരൻ മുഹമ്മദ്, പെൺകുട്ടികളിൽ ഒലീവിയ
Mail This Article
ലണ്ടൻ ∙ ബ്രിട്ടനിൽ ഇംഗ്ലണ്ടിലും വെയിൽസിലും നവജാത ശിശുക്കളുടെ പേരുകളിൽ ഒന്നാം സ്ഥാനം മുഹമ്മദിന്. നോഹ, ഒലിവർ തുടങ്ങിയ എക്കാലത്തെയും ജനപ്രിയമായ പേരുകളെ പിന്നിലാക്കിയാണ് മുഹമ്മദ് എന്ന പേര് 2023ൽ ഒന്നാം സ്ഥാനം നേടിയത്. പെൺകുട്ടികളുടെ പേരിൽ ഒന്നാം സ്ഥാനം ഒലീവിയ നിലനിർത്തി. അമീലിയ, ഇസ്ല, ലിലി എന്നീ പേരുകളാണ് പെൺകുട്ടികളുടെ പേരുകളിൽ ഒലീവിയയ്ക്കു പിന്നിലുള്ളത്.
ഓഫിസ് ഓഫ് നാഷനൽ സ്റ്റാറ്റിസ്റ്റിക്സ് കഴിഞ്ഞദിവസം പുറത്തു വിട്ട രേഖകളിലാണ് പേരുകളിലെ ഈ രസകരമായ കണക്കുകളുള്ളത്. ഇംഗ്ലണ്ടിലും വെയിൽസിലുമായി 2023ൽ ജനിച്ച ആൺകുട്ടികളിൽ 4661 പേർക്കാണ് മുഹമ്മദ് എന്നോ മൊഹമ്മദ് എന്നോ പേരുള്ളത്. രണ്ടാം സ്ഥാനം ലഭിച്ച നോഹ എന്ന പേരുള്ളത് 4382 പേർക്കാണ്.
2016 മുതൽ മുഹമ്മദ് എന്ന പേര് ആദ്യ പത്തിൽ ഇടംപിടിച്ചിരുന്നെങ്കിലും ആദ്യമായാണ് ഒന്നാമത് എത്തുന്നത്. പെൺകുട്ടികളിൽ 2906 പേർക്ക് മാതാപിതാക്കൾ ഒലീവിയ എന്നു പേരിട്ടപ്പോൾ രണ്ടാം സ്ഥാനം ലഭിച്ച അമീലിയ എന്ന പേര് ലഭിച്ചത് 2663 പേർക്കാണ്. ഏതാനും വർഷം മുൻപുവരെ രാജകുടുംബാംഗങ്ങളുടെ പേരിന് ബ്രിട്ടനിൽ വലിയ പ്രിയമായിരുന്നു. എന്നാൽ ഈ ട്രെൻഡ് ഇല്ലാതായി വരുന്നു എന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.
ചാൾസ്, ജോർജ്, വില്യം. ഷാർലറ്റ്, എലിസബത്ത്. വിക്ടോരിയ തുടങ്ങിയ പേരുകളിൽ ജോർജ് മാത്രമാണ് ആൺകുട്ടികളുടെയോ പെൺകുട്ടികളുടെയോ പട്ടികയിൽ ആദ്യ പത്തിലുള്ളത്. മുഹമ്മദ്, നോഹ, ഒലിവർ, ജോർജ്, ലിയോ, ആർതർ, ലൂക്ക, തിയോഡോർ, ഓസ്കാർ, ഹെൻറി എന്നീ പേരുകളാണ് ആൺകുട്ടികളുടെ പേരുകാരിൽ ആദ്യ പത്തിൽ ഇടംപിടിച്ചത്. ഒലീവിയ, അമീലിയ, ഇസ്ല, ലിലി, ഫ്രേയ, ഏവ, ഇവി, ഫ്ലോറൻസ്, വിലോ, ഇസബെല്ല എന്നിവയാണ് പെൺകുട്ടികളുടെ പട്ടികയിലുള്ളത്.