ബ്രിട്ടനിൽ കനത്ത നാശം വിതച്ച് ഡാറാ കൊടുങ്കാറ്റ്: വാഹനങ്ങളിൽ മരം വീണ് 2 മരണം
Mail This Article
ലണ്ടൻ ∙ വെയിൽസിലും നോർത്തേൺ അയർലൻഡിലും കനത്ത നാശം വിതച്ച് ഡാറാ കൊടുങ്കാറ്റ്. ഇന്നലെ രാത്രി മൂന്നു മണിമുതൽ വീശിയടിച്ച ഡാറാ കൊടുങ്കാറ്റിൽ രണ്ടു പേർക്ക് ജീവൻ നഷ്ടമായി. സഞ്ചരിച്ചിരുന്ന വാഹനങ്ങളിൽ മരം വീണാണ് ഇരുവർക്കും ജീവഹാനി സംഭവിച്ചത്. ബർമിങ്ങാമിലെ എർഡിങ്ടണിലും ലാങ്ക്ഷെയറിലുമായി നടന്ന രണ്ട് സംഭവങ്ങളിലായിരുന്നു ഈ അപകടങ്ങൾ ഉണ്ടായത്.
കൊടുങ്കാറ്റിനെ തുടർന്ന് 46,000 വീടുകളിൽ മണിക്കൂറുകളോളം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇവ പുനസ്ഥാപിക്കാൻ ആയിരത്തിലേറെ എൻജിനീയർമാർ പരിശ്രമിക്കുകയാണെന്ന് എനർജി സെക്രട്ടറി എഡ് മിലിബാൻഡ് വ്യക്തമാക്കി.
സൗത്ത് വെയിൽസിലും വെസ്റ്റേൺ ഇംഗ്ലണ്ടിലും നോർത്തേൺ അയർലൻഡിന്റെ ചിലഭാഗങ്ങളിലും മണിക്കൂറിൽ 93 മൈൽവരെ വേഗത്തിലാണ് കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. ഉച്ചയ്ക്ക് പതിനൊന്നു മണിയോടെ കാറ്റിന്റെ രൗദ്രഭാവം അടങ്ങിയെങ്കിലും രാത്രി വൈകിയും പലേടത്തും കാറ്റ് തുടരുകയാണ്.
ബ്രിസ്റ്റോൾ, കാഡിഫ് എയർപോർട്ടുകളിൽ ഇന്നലെ രാവിലെ പല വിമാന സർവീസുകളും കാറ്റുമൂലം വൈകി. ഇവിടേക്ക് എത്തേണ്ടിയിരുന്ന പല വിമാനങ്ങളും മറ്റു വിമാനത്താവളങ്ങളിലേക്ക് തിരിച്ചു വിട്ടു. റോഡ്, റെയിൽ ഗതാഗതത്തെയും കാറ്റ് സാരമായി ബാധിച്ചു. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് കാലാവസ്ഥാ മുന്നറിയിപ്പുണ്ടായിരുന്നു.